നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.സി നിലമ്പൂര്‍ ഡിപ്പോയില്‍നിന്ന് സര്‍വിസ് നടത്തിയിരുന്ന 17 ബസുകള്‍ നിര്‍ത്തലാക്കി. 50 സര്‍വിസുകളാണ് ഡിപ്പോയിലുള്ളത്. ഇതില്‍ 40 ബസുകളാണ് നിലവില്‍ സര്‍വിസ് നടത്തിയിരുന്നത്. ഇവയില്‍ 17 എണ്ണത്തിന്‍െറ സര്‍വിസാണ് മൂന്ന് ദിവസത്തിനിടെ നിര്‍ത്തിവെച്ചത്. ജനപ്രിയ സര്‍വിസുകളും 10,000 രൂപ വരെ കലക്ഷന്‍ ലഭിക്കുന്ന ബസുകളും നിര്‍ത്തലാക്കിയതില്‍ ഉള്‍പ്പെടും. ഇതില്‍ അധികവും ഉച്ചക്ക് മുമ്പ് സര്‍വിസ് നടത്തിയിരുന്നവയാണ്. നാല് പോയന്‍റ് ടു പോയന്‍റ് ബസുകളും ടൗണ്‍ ടു ടൗണ്‍ ബസുകളും നിര്‍ത്തലാക്കിയതില്‍പ്പെടും. പുലര്‍ച്ചെ അഞ്ചിന് പുറപ്പെടുന്ന നിലമ്പൂര്‍-കോഴിക്കോട്, 5.30നുള്ള ചോക്കാട് ഗിരിജന്‍ കോളനി-കോഴിക്കോട്, 6.40നുള്ള മുരുകാഞ്ഞിരം-മെഡിക്കല്‍ കോളജ്, 7.10നുള്ള നിലമ്പൂര്‍-കാളികാവ്-തിരൂര്‍, 7.40നുള്ള എരുമമുണ്ട-കോഴിക്കോട്, 9.20നുള്ള വഴിക്കടവ്-കോഴിക്കോട് ബസുകള്‍ നിര്‍ത്തലാക്കി. ഒന്നില്‍ കൂടുതല്‍ സര്‍വിസുള്ള ഈ ബസുകളുടെ ഇടയിലെ സര്‍വിസുകള്‍ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവ നിര്‍ത്തലാക്കിയത്. എന്നാല്‍, നഷ്ടത്തിലുള്ള സര്‍വിസുകള്‍ ഒഴിവാക്കുന്നതിന് പകരം ബസുകള്‍ തന്നെ നിര്‍ത്തലാക്കുകയായിരുന്നു. ഇത് സ്വകാര്യ ബസുടമകളെ സഹായിക്കാനാണെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. നിലവിലെ ബസുകള്‍ നിര്‍ത്തലാക്കി പകരം പുതിയവ നിരത്തിലിറക്കിയെന്ന് വരുത്തി തീര്‍ക്കാനും ശ്രമമുണ്ട്. ഡിപ്പോക്ക് കീഴില്‍ തിങ്കളാഴ്ച മരുതയില്‍ നിന്ന് പുതിയ ഒരു സര്‍വിസ് തുടങ്ങുകയും ചെയ്തു. 7000 രൂപയില്‍ താഴെ കലക്ഷനുള്ള ബസുകളുടെ സര്‍വിസ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇതിന്‍െറ മറവിലാണ് കലക്ഷനുള്ള ബസുകളും ജനോപകാരപ്രദമായ സര്‍വിസുകളും നിര്‍ത്തുന്നത്. നഷ്ടത്തിലാണെങ്കിലും സേവനമെന്ന നിലയില്‍ ജനോപകാരപ്രദമായ സര്‍വിസുകള്‍ തുടരാമെന്ന സര്‍ക്കാര്‍ നിര്‍ദേശം അധികൃതര്‍ പാടെ അവഗണിക്കുകയാണ്. അതേസമയം, 7000 രൂപയില്‍ അധികം കലക്ഷനുള്ള ബസുകള്‍ നിര്‍ത്തലാക്കിയിട്ടില്ളെന്ന് നിലമ്പൂര്‍ ഡിപ്പോ അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എം.ടി. രാജേന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള കാര്യങ്ങളാണ് ചെയ്തുവരുന്നത്. സ്പെയര്‍ പാര്‍ട്സില്ലാത്തതിനാല്‍ കുറെ ബസുകളുടെ സര്‍വിസ് മുടങ്ങിയിട്ടുണ്ട്. ഈ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ജനോപകാരപ്രദമായ സര്‍വിസുകള്‍ നിര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ആദ്യ സര്‍വിസുകള്‍ ലാഭകരവും പിന്നീടുള്ളവ നഷ്ടവുമാവുന്ന ബസുകള്‍ നിര്‍ത്തലാക്കുന്നത് പുന$പരിശോധിക്കും. അങ്ങനെയുള്ള ബസുകളുടെ നഷ്ടത്തിലുള്ള സര്‍വിസുകള്‍ റദ്ദ് ചെയ്ത് പുതിയ റൂട്ടിലൂടെ സര്‍വിസ് നടത്താന്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.