വട്ടപ്പാറയില്‍ സുരക്ഷാമേഖല പ്രഖ്യാപിക്കുന്നു

വളാഞ്ചേരി: ദേശീയപാതയിലെ പ്രധാന അപകട കേന്ദ്രമായ വട്ടപ്പാറയില്‍ അപകടം കുറക്കുന്നതിന്‍െറ ഭാഗമായി കഞ്ഞിപ്പുര മുതല്‍ കാവുംപുറം വരെയുള്ള നാല് കിലോമീറ്ററോളം സുരക്ഷാ മേഖലയായി പ്രഖ്യാപിക്കാന്‍ വളാഞ്ചേരി സി.ഐ കെ.ജി. സുരേഷിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി കഞ്ഞിപ്പുര, വട്ടപ്പാറ, കാവുംപുറം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 15 അംഗങ്ങള്‍ വീതമുള്ള ജനകീയ കര്‍മ സേന രൂപവത്കരിക്കും. ഈ ഗ്രൂപ്പുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ലീഡര്‍മാരുടെ ഫോണ്‍ നമ്പര്‍ പൊലീസ് ശേഖരിക്കും. പ്രദേശത്ത് അപകടം നടന്നാല്‍ ഉടന്‍ മൂന്ന് ലീഡര്‍മാരെയും പൊലീസ് വിവരമറിയിക്കും. ലീഡര്‍മാര്‍ ഗ്രൂപ് അംഗങ്ങളെ വിവരം അറിയിച്ച് അവരെ അപകടസ്ഥലത്ത് എത്തിച്ച് രക്ഷാ പ്രവര്‍ത്തനത്തിന് പൊലീസിനെ സഹായിക്കും. തെരഞ്ഞെടുക്കപ്പെട്ട 45 പേര്‍ക്കും ‘ജനമൈത്രി പൊലീസ്’ എന്നെഴുതിയ ജാക്കറ്റുകള്‍ നല്‍കുകയും ട്രോമാകെയര്‍ പരിശീലനം നല്‍കുകയും ചെയ്യും. സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് എത്തുന്ന ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ബോധവത്കരണം നല്‍കും. വിവിധ ഭാഷകളില്‍ തയാറാക്കിയ റോഡ് സുരക്ഷാ ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും. വട്ടപ്പാറ മേഖലയില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കും. വട്ടപ്പാറ മേഖലയില്‍ അപകടം നടന്നാലുടന്‍ ജനകീയ കര്‍മ സേനാംഗങ്ങള്‍ കഞ്ഞിപ്പുരയില്‍ എത്തുകയും പൊലീസിന്‍െറ സഹായത്തോടെ വാഹനങ്ങള്‍ കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് വഴി തിരിച്ചുവിടാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്യും. ദേശീയപാത വഴി പോവുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് വ്യക്തമാകുന്ന തരത്തില്‍ വട്ടപ്പാറ മേഖലയില്‍ വിവിധ ഭാഷകളില്‍ വലിയ സുചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്ന തരത്തില്‍ ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറോട് അഭ്യര്‍ഥിക്കും. വട്ടപ്പാറയെ അപകടമുക്തമാക്കുന്നതിന്‍െറ ഭാഗമായി ഹൈവേ സുരക്ഷാ സമിതി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം അടുത്തുതന്നെ വിളിച്ചുകൂട്ടി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വളാഞ്ചേരി സി.ഐ കെ.ജി. സുരേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ.എം. അബ്ദുല്‍ ഗഫൂര്‍, വളാഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഷംസു പാറക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം സി. ഷിഹാബുദ്ദീന്‍, കെ. മുഹമ്മദാലി, പറശ്ശേരി അസൈനാര്‍, പി.പി. ഗണേശന്‍, വി.പി. അബ്ദുറഹ്മാന്‍ എന്ന മണി, നീറ്റുക്കാട്ടില്‍ മുഹമ്മദലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.