നന്മണ്ട: കൊല്ലിക്കരതാഴം വയലിൽ കക്കൂസ് മാലിന്യം തള്ളിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. കോഴിക്കോട്-ബാലുശ്ശേരി റോഡിൽ പന്ത്രണ്ടാം മൈൽ വളവിനു സമീപത്തെ കൊല്ലിക്കരതാഴം വയലിലാണ് ചൊവ്വാഴ്ച രാത്രി ടാങ്കർ ലോറിയിലെ മാലിന്യം തള്ളിയത്. പ്രദേശത്തെ അരകിലോമീറ്റർ ചുറ്റളവിൽ അസഹനീയ ദുർഗന്ധം വമിച്ചതോടെ പുലർച്ച നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വയലിൽ മാലിന്യം തള്ളിയത് ശ്രദ്ധയിൽപെട്ടത്. ഏക്കർകണക്കിന് വിസ്തൃതിയുള്ള വയൽ കൃഷിയിടമാണ്. ശുദ്ധജലസ്രോതസ്സായ തനിയൻകുണ്ട് മാലിന്യം തള്ളിയ വയലിനരികിലാണ്. പരിസരപ്രദേശങ്ങളിലെ കിണറുകളിൽ നീരുറവ വറ്റാത്തതാണ്. മാലിന്യം വയലിൽനിന്ന് ഈ ശുദ്ധജല സ്രോതസ്സിലേക്ക് ഊർന്നിറങ്ങാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇതിനു മുമ്പും ഒട്ടേറെ തവണ ഇവിടെ കക്കൂസ് മാലിന്യവും ഹോട്ടൽ മാലിന്യവും ഒഴുക്കിയിരുന്നു. വണ്ടിയുടെ നമ്പർ ബന്ധപ്പെട്ടവർക്ക് നൽകിയാലും പിഴയടച്ച് രക്ഷപ്പെടുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കർശന നടപടികൾ കൈക്കൊള്ളാത്തതും സി.സി.ടി.വി കാമറകൾ സ്ഥാപിക്കാത്തതുമാണ് മാലിന്യവണ്ടികൾ ഈ റൂട്ടിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ കാരണമെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.