ബാലുശ്ശേരി: കേരളത്തിലെ പഞ്ചായത്ത് ഭരണ സംവിധാനം, കുടുംബശ്രീ, ദാരിദ്യ നിർമാർജന പരിപാടി, തൊഴിലുറപ്പ് പദ്ധതി നടത് തിപ്പ് , ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഘടക സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം പഠിക്കുന്നതിന് ത്രിപുരയിൽനിന്ന് പഞ്ചായത്ത് ജനപ്രതിനിധികളടങ്ങിയ 15 അംഗ പഠനസംഘമെത്തി. സംഘത്തിന് പനങ്ങാട് പഞ്ചായത്തിൽ സ്വീകരണം നൽകി. രാവിലെ പത്തരയോടെയെത്തിയ സംഘത്തെ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, വൈസ് പ്രസിഡൻറ് പി. ഉസ്മാൻ എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു. കുടുംബശ്രീ സി.ഡി.എസ് ഓഫിസിലെത്തിയ സംഘം അംഗങ്ങളുമായി ചർച്ച നടത്തിയശേഷം പനങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫിസ് സന്ദർശിച്ചു. വൈസ് പ്രസിഡൻറ് പി. ഉസ്മാൻ, ആസൂത്രണ സമിതി അംഗം അരവിന്ദാക്ഷൻ എന്നിവർ ഇവരുമായി സംവദിച്ചു. കൃഷിഭവൻ, മൃഗാശുപത്രി, ഏഴുകണ്ടി അംഗൻവാടി, കണ്ണാടിപ്പൊയിൽ പി.എച്ച്.സി എന്നിവിടങ്ങളിലും സംഘം സന്ദർശിച്ചു. സൗത്ത് ത്രിപുര ജില്ലയിലെ രാജ്നഗർ ബ്ലോക്കിലെ അഞ്ചു പഞ്ചായത്ത് പ്രസിഡൻറുമാരും രണ്ടു വൈസ് പ്രസിഡൻറുമാരും സെക്രട്ടറി, സി.ഡി.എസ്.വി.ഒമാരുമടങ്ങിയതാണ് 15 അംഗ പഠനസംഘം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും കുടുംബശ്രീ മിഷെൻറയും ആഭിമുഖ്യത്തിൽ നടക്കുന്ന പഞ്ചായത്ത് അപ്രൻറിസ്ഷിപ് പ്രോഗ്രാമിെൻറ ഭാഗമായാണ് സംഘം കേരളത്തിലെത്തിയിട്ടുള്ളത്. ജില്ലയിലെത്തിയ 60 അംഗ സംഘത്തിൽ 45 പേർ ഒളവണ്ണ, ചേമഞ്ചേരി, കോട്ടൂർ പഞ്ചായത്തുകളിൽ പ്രവർത്തനരീതി പഠിക്കാൻ എത്തിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണം താഴെത്തട്ടിലേക്ക് പൂർണമായും എത്തിയിട്ടില്ലാത്ത ത്രിപുരയിൽ ബ്ലോക്ക് കേന്ദ്രീകരിച്ചാണ് ഭരണം. പഞ്ചായത്ത് തലത്തിൽ മാസത്തിൽ രണ്ടു ഗ്രാമസഭകൾ മാത്രമാണ് നടക്കുന്നത്. ഗ്രാമസഭയിൽ ഉന്നയിക്കുന്ന പ്രശ്നങ്ങൾ സെക്രട്ടറി മിനിറ്റ്സ് ബുക്കിൽ എഴുതി ബ്ലോക്കിൽ സമർപ്പിക്കുകയാണ് പതിവുരീതി. ഫണ്ട് ചെലവഴിക്കാനുള്ള ഒരു അധികാരവും പഞ്ചായത്തിനില്ലെന്ന് പഠനസംഘത്തിന് നേതൃത്വം വഹിക്കുന്ന രാജ്നഗർ ബ്ലോക്കിലെ പഞ്ചായത്ത് പ്രസിഡൻറ് ദീപാങ്കർ സാഹ പറഞ്ഞു. ദാരിദ്യ നിർമാർജന മിഷൻ ദേശീയ കോഓഡിനേറ്ററും കുടുംബശ്രീ സംസ്ഥാന ഓർഗനൈസറുമായ അനി അനിൽ, ത്രിപുര ക്ലസ്റ്റർ കോഓഡിനേറ്റർ ത്രിവേണി എന്നിവരും സംഘത്തോടൊപ്പമുണ്ട്. പനങ്ങാട് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് യോഗങ്ങളിലും അയൽക്കൂട്ട സഭകളിലും പഠനസംഘം ചൊവ്വാഴ്ച പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.