കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പ്രവാസികളുമായി കൊല്ലത്തേക്ക് േപായ മുഴക്കുന്ന് സ്വദേശിയായ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡ്യൂട്ടിയെടുക്കാൻ ജീവനക്കാർക്ക് ആശങ്ക. ഇതേതുടർന്ന് കെ.എസ്.ആർ.ടി.സി ബസുകളിൽ ഡ്രൈവർമാർക്ക് പ്രത്യേകം കാബിൻ നിർമിക്കാൻ തീരുമാനമായി. നിലവിൽ തുണികൊണ്ടും മറ്റും മറച്ചാണ് ബസുകളിൽ യാത്രക്കാരുമായി പോകുന്നത്. മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെയാണ് ഡ്രൈവർമാർ പ്രവാസികളെയും അന്തർ സംസ്ഥാന തൊഴിലാളികളെയും നാട്ടിലെത്തിക്കുന്നതെന്ന് പരാതിയുയർന്നിരുന്നു. മഴയായതിനാൽ ഷട്ടറുകൾ അടച്ചനിലയിൽ നീണ്ട മണിക്കൂറുകൾ വണ്ടിയോടിക്കേണ്ടിവരുന്നതും രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നു. മേയ് 27ന് പുലർച്ചെ തജികിസ്താനിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ കൊല്ലം സ്വദേശികളായ മെഡിക്കൽ വിദ്യാർഥികളെ കെ.എസ്.ആർ.ടി.സി ബസിൽ നാട്ടിലെത്തിച്ചതിനെ തുടർന്നാണ് ഡ്രൈവർക്ക് കോവിഡ് ബാധിച്ചത്. ഇയാൾ കണ്ണൂർ ഡിപ്പോയിലെ സഹപ്രവർത്തകരുമായി അടുത്തിടപഴകിയിരുന്നു. ഇതേതുടർന്ന് ഡിപ്പോ പരിസരവും ഓഫിസും അഗ്നിരക്ഷാസേന അണുവിമുക്തമാക്കി. ഇയാളുമായി അടുത്തിടപഴകിയവരുടെ വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഡി.ടി.ഒ ആരോഗ്യവകുപ്പിന് സമർപ്പിച്ചു. ഡ്രൈവർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽനിന്ന് യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്യൂട്ടിയെടുക്കാൻ ഒരുവിഭാഗം ജീവനക്കാർ തയാറാവുന്നില്ല. ഞായറാഴ്ച രണ്ടു വിമാനങ്ങളാണ് കണ്ണൂരിൽ ഷെഡ്യൂൾ ചെയ്തത്. ആറു ബസുകളാണ് വിമാനത്താവളത്തിലേക്ക് ആവശ്യമായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.