സംസ്ഥാന ഏകജാലക ഹിയറിങ്​; ചെങ്ങോടുമലയുടെ വിധി ഇന്നറിയാം

-ചീഫ് സെക്രട്ടറിയെ മുൻനിർത്തി മന്ത്രിസഭയിലെ പ്രമുഖൻ കരുക്കൾ നീക്കുന്നതായി ആക്ഷേപം കൂട്ടാലിട: ചെങ്ങോടുമല ക്വാറിക്ക് അനുമതി നൽകുന്നതു സംബന്ധിച്ച സംസ്ഥാന ഏകജാലക ബോർഡിൻെറ ഹിയറിങ് ബുധനാഴ്ച നടക്കാനിരിക്കെ നാട്ടുകാർ ആശങ്കയിൽ. ബോർഡ് ചെയർമാനായ ചീഫ് സെക്രട്ടറി നിരവധി തവണ ക്വാറി കമ്പനിക്കുവേണ്ടി അനധികൃതമായി ഇടപെട്ടിട്ടുണ്ട്. ചെങ്ങോടുമലയിൽ ക്വാറി മാഫിയ തകർത്ത ടാങ്ക് ഹൈകോടതി ഉത്തരവ് പ്രകാരം പഞ്ചായത്ത് നിർമിക്കാനിരിക്കെ അതിനുപോലും ചീഫ് സെക്രട്ടറി എതിരുനിന്നിട്ടുണ്ട്. ലോക്ഡൗൺ ആയിട്ടുപോലും പഞ്ചായത്ത് സെക്രട്ടറിയോട് തിരുവനന്തപുരത്ത് നേരിട്ട് ഹാജരാവാനാണ് ബോർഡ് നിർദേശിച്ചത്. പാരിസ്ഥിതികാനുമതി പോലും ലഭിക്കാത്ത ഈ ക്വാറിക്കുവേണ്ടി ചീഫ് സെക്രട്ടറിയെ മുൻനിർത്തി മന്ത്രിസഭയിലെ ഒരു പ്രമുഖനാണ് കരുക്കൾ നീക്കുന്നതെന്ന് സംസാരമുണ്ട്. കമ്പനിക്ക് ആദ്യം നൽകിയ പാരിസ്ഥിതികാനുമതി വിദഗ്ധ സംഘത്തിൻെറ പഠന റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ജില്ല കലക്ടർ മരവിപ്പിച്ചിരുന്നു. എന്നാൽ, കമ്പനി രണ്ടാമതൊരു പാരിസ്ഥിതികാനുമതിക്കുവേണ്ടി ശ്രമിക്കുകയാണിപ്പോൾ. കമ്പനി തന്നെ തട്ടിക്കൂട്ടിയ സ്വകാര്യ ഏജൻസിയുടെ പാരിസ്ഥിതികാഘാത റിപ്പോർട്ടിൻെറ ബലത്തിലാണ് അനുമതിക്ക് നീക്കംനടക്കുന്നത്. ഇവിടെ ക്വാറി യാഥാർഥ്യമായാൽ അത് ജില്ലയിൽ ഏറ്റവും വലുതായിരിക്കുമെന്ന് ജില്ല ജിയോളജിയിൽനിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നുണ്ട്. ഒരുവർഷം 2,88,800 മെട്രിക് ടൺ പാറ പൊടിക്കുമെന്നാണ് കമ്പനിയുടെ മൈനിങ് പ്ലാനിലുള്ളത്. ഇത്രയും അളവിലുള്ള പാറക്കഷണങ്ങൾ ചെങ്ങോടുമലയിൽനിന്ന് കൊണ്ടുപോകാൻ നിത്യേന 162 ടിപ്പറുകൾ വേണം. ഗ്രാമീണ നിരത്തിലൂടെ ഈ ടിപ്പറുകൾ നിത്യേന 332 തവണ സർവിസ് നടത്തുമ്പോഴേക്കും റോഡുകൾ പൂർണമായും തകരും. ക്രഷർ യൂനിറ്റ് യാഥാർഥ്യമാവുമ്പോൾ പ്രദേശത്തെ ജലം മുഴുവൻ കമ്പനി ഊറ്റിയെടുക്കും. പ്രോജക്ട് റിപ്പോർട്ട് പ്രകാരം 24,000 ലിറ്റർ വെള്ളം ഒരുദിവസം കമ്പനിക്ക് വേണമെന്ന് പറയുന്നുണ്ട്. ഒരുവർഷം 60 ലക്ഷം ലിറ്ററിലധികം വെള്ളം കുഴൽക്കിണർ കുഴിച്ചും മറ്റും ഊറ്റിയെടുക്കുമ്പോൾ പ്രദേശം മരുഭൂമിയായി മാറും. ചെങ്ങോടുമലയിൽനിന്ന് പൊട്ടിക്കാനുദ്ദേശിക്കുന്ന കല്ലിൻെറ സാമ്പത്തിക മൂല്യം 1500 കോടിയിലധികം വരും. പത്തനംതിട്ട സ്വദേശിയുടെ എട്ടു ക്വാറി കമ്പനികളുടെ പേരിൽ 100 ഏക്കറിലധികം സ്ഥലം ചെങ്ങോടുമലയിലുണ്ട്. 12 ഏക്കർ സ്ഥലത്തെ പാറയുടെ കണക്കുകൾ മാത്രമാണ് മേൽ സൂചിപ്പിച്ചത്. കൂടാതെ ചെങ്ങോടിനു പടിഞ്ഞാറുള്ള വേയപ്പാറ ലക്ഷ്യമിട്ട് സമീപപ്രദേശങ്ങളിലെ സ്ഥലവും കമ്പനി വാങ്ങിക്കൂട്ടുന്നുണ്ട്. വീണ്ടും പാരിസ്ഥിതികാനുമതി നൽകരുതെന്നാവശ്യപ്പെട്ട് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറാങ്ങോട്ട്, സമരസമിതി പ്രവർത്തകരായ കൊളക്കണ്ടി ബിജു, ദിലീഷ് കൂട്ടാലിട എന്നിവർ സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിയിൽ തടസ്സഹരജി നൽകിയിട്ടുമുണ്ട്. കഴിഞ്ഞ രണ്ടര വർഷക്കാലമായി നാട്ടുകാർ നടത്തുന്ന സമരത്തിൻെറ ഫലമായി മന്ത്രി ടി.പി. രാമകൃഷ്ണൻ സ്ഥലം സന്ദർശിക്കുകയും നാട്ടുകാർ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ വാക്കിലാണ് ജനങ്ങളുടെ പ്രതീക്ഷ. മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ, എം.കെ. രാഘവൻ എം.പി, ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് തുടങ്ങിയവരും ചെങ്ങോടുമലയിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.