ലോക്ഡൗൺ കാലത്ത്​ തരംഗമായി യൂട്യൂബ് കുക്കിങ്

ബാലുശ്ശേരി: ലോക്ഡൗണിൽ ലോക്കായി കിടക്കുകയാണെങ്കിലും അടുക്കളകളിൽ നടക്കുന്നത് തകർപ്പൻ പരീക്ഷണങ്ങൾ. ഉള്ള വിഭവങ് ങൾകൊണ്ട് വ്യത്യസ്തമായ ഭക്ഷണങ്ങളൊരുക്കി കുടുംബാംഗങ്ങൾക്കൊപ്പം കഴിച്ചും ചിത്രങ്ങൾ വാട്സ്ആപ്പിലും ഫേസ്ബുക്കിലും പങ്കുവെച്ചുമാണ് ഓരോ ലോക്ഡൗൺ ദിനവും കടന്നുപോവുന്നത്. ചക്കക്കുരു ഷേക്കും ചെമ്പരത്തി സ്ക്വാഷും ബക്കറ്റ് ചിക്കനും പിറന്നാൾ കേക്കും തുടങ്ങി ലോക്ഡൗൺ കാലത്ത് ദിവസേന വീടുകളിൽ പരീക്ഷിക്കപ്പെടുന്ന വിഭവങ്ങൾ ഏറെയാണ്. യൂട്യൂബ് കുക്കിങ് എന്നാണറിയപ്പെടുന്നതെങ്കിലും ഫേസ്ബുക്കും വാട്സ്ആപ്പും തുടങ്ങി പാചകപുസ്തകങ്ങൾവരെ നോക്കി വിഭവങ്ങൾ ഒരുക്കുന്നവരുണ്ട്. ലോക്ഡൗൺ തുടങ്ങിയ ശേഷം മിക്ക ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകളിലെയും പ്രധാന പരിപാടി ഇത്തരം പാചകപരീക്ഷണങ്ങൾ പങ്കുവെക്കുക എന്നതായിരിക്കുന്നു. കൊറോണ ആശങ്കയിൽ ലോക്ഡൗണിൻെറ ആദ്യ ദിവസങ്ങളിൽ അധികം പരീക്ഷണങ്ങൾ നടന്നിട്ടില്ലെങ്കിലും പിന്നീട് കൂടുതൽ പരീക്ഷണം നടന്നത് ചക്കയിൽ തന്നെയാണ്. ചക്കക്കുരു ഷേക്കും ചക്ക കട്ലറ്റും ചക്ക മസാലയിട്ട് പൊരിച്ചതും ചക്കപ്പായസവും തുടങ്ങി ചക്കയിൽ നടക്കാത്ത പാചകക്കസർത്തുകളില്ല. പൊറോട്ട, പപ്സ്, വിവിധതരം കേക്കുകൾ എന്നിവയാണ് ഇപ്പോഴത്തെ താരങ്ങൾ. മലയാളികൾ കൂടുതൽ കഴിക്കുന്ന പൊറോട്ടയും പപ്സും വീട്ടിൽ പരീക്ഷിച്ച് വിജയിപ്പാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. കടകൾ തുറക്കാത്തതിനാൽ പിറന്നാൾ ആഘോഷമെല്ലാം വീടുകളിലുണ്ടാക്കുന്ന കേക്കുകൾ മുറിച്ചാണ്. ചിക്കനിൽ കൂടുതൽ നടന്ന പുതിയ പാചകപരീക്ഷണം ബക്കറ്റ് ചിക്കനാണ്. ബക്കറ്റ് ചിക്കൻ പരീക്ഷണം വിജയിപ്പിച്ചവരും കരിഞ്ഞ ചിക്കൻ നോക്കി നെടുവീർപ്പിടേണ്ടി വന്നവരുമുണ്ട്. റേഷനരികൊണ്ട് ഫ്രൈഡ് റൈസുണ്ടാക്കി താരമായവരുമുണ്ട്. ഇതിനെല്ലാം പുറമെയാണ് വാറ്റുചാരായം വീട്ടിനുള്ളിൽ എങ്ങനെ നിർമിക്കാമെന്ന യൂട്യൂബ് പരീക്ഷണം. ഇത്തരം പരീക്ഷണം കൊണ്ടായിരുന്നു ബാലുശ്ശേരിയിലെ ലോഡ്ജിൽ വാറ്റുചാരായം നിർമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.