കോഴിക്കോട്: മെഡിക്കൽ കോളജ് എച്ച്.ഡി.എസിൻെറ നീതി മെഡിക്കൽ ഷോപ്പിൽ മരുന്നുകളില്ലാത്തത് രോഗികളെ വലക്കുന്നു. ആരോഗ്യ ഇൻഷുറൻസുള്ള രോഗികളാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. ആരോഗ്യ ഇൻഷുറൻസുള്ളതിനാൽ മരുന്നുകൾ സൗജന്യമായിരിക്കുമെന്ന് കരുതി നീതി മെഡിക്കൽ ഷോപ്പിലേക്കു പോയിട്ട് ഒരു കാര്യവുമില്ല. ഡോക്ടർമാർ 10 മരുന്നുകൾ എഴുതിയാൽ ഒന്നു മാത്രമാണ് നീതി മെഡിക്കൽ ഷോപ്പിൽനിന്ന് ലഭിക്കുക. അതിനുതന്നെ മണിക്കൂറുകൾ വരിനിൽക്കണം. ബാക്കിയുള്ളത് ഇല്ലെന്ന് അവിടെനിന്ന് എഴുതിവാങ്ങി സീൽ വെച്ച് കാരുണ്യ മെഡിക്കൽ ഷോപ്പിൽ ക്യൂ നിൽക്കണം. അവിടെയും മരുന്ന് കുറവാണ്. ഒന്നോ രണ്ടോ മരുന്നുകൾ ലഭിച്ചാലായി. അവിടെനിന്നും മരുന്നില്ലെന്ന് എഴുതി വാങ്ങണം. എന്നിട്ട് സൂപ്പർ സ്പെഷാലിറ്റിയിലെ എച്ച്.എൽ.എൽ ഫാർമസിയിൽ ചെന്ന് അവിടെയും ഇതേ പ്രക്രിയ തുടരണം. എന്നാൽ മാത്രമേ ഇൻഷുറൻസ് രേഖകൾ ശരിയാകൂ. ഒാരോ ഇടങ്ങളിലും മണിക്കൂറുകൾ വരി നിന്നാലാണ് കാര്യങ്ങൾ നടക്കുക. ഇങ്ങനെ രേഖകൾ ശരിയാക്കിയശേഷം മാത്രം പുറത്തുള്ള മെഡിക്കൽ ഷോപ്പുകളിൽനിന്ന് മരുന്ന് വാങ്ങിയാലേ മരുന്ന് വാങ്ങിയ പണം തിരിച്ചുകിട്ടൂ. അതിനാൽതന്നെ സാധാരണക്കാരായ രോഗികൾ മരുന്നുശീട്ടുമായി മെഡിക്കൽ കോളജിനു ചുറ്റും പരക്കംപായുന്ന കാഴ്ച സാധാരണമാണ്. ഒരാൾ മാത്രമേ ഉള്ളൂവെങ്കിൽ രോഗിക്ക് കൂട്ടിരിക്കാൻ നേരമില്ലാതെ മരുന്നിനുവേണ്ടി കടകൾ കയറിയിറങ്ങേണ്ട ഗതികേടാണ് കൂട്ടിരിപ്പുകാർക്ക്. പലരും ചുറ്റിത്തിരിയൽ കൊണ്ട് ഇൻഷുറൻസ് തുക വേണ്ടെന്നുവെച്ച് പുറമെനിന്ന് മരുന്ന് വാങ്ങുകയാണ്. പുറമെനിന്ന് മരുന്നു വാങ്ങാൻ സാമ്പത്തികശേഷിയില്ലാത്തവർക്ക് ഇൗ നടപടിക്രമങ്ങൾ പാലിക്കുകയല്ലാതെ നിർവാഹമില്ല. നീതി മെഡിക്കൽ ഷോപ്പിലോ കാരുണ്യ ഫാർമസിയിലോ മരുന്നുകളുണ്ടെങ്കിൽ രോഗികളും കൂട്ടിരിപ്പുകാരും ഇൗ ഗതികേടുകളൊന്നും അനുഭവിക്കേണ്ടിവരില്ലെന്ന് അധികൃതരും സമ്മതിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.