വാണിമേൽ: പേമാരിയിൽ വിലങ്ങാട് വാളൂക്ക് മലയോരം ഒറ്റപ്പെട്ടത് അഞ്ചുദിനങ്ങൾ. വൈദ്യുതിയും ഫോണും ഗതാഗത സൗകര്യവും ഇ ല്ലാതെ അഞ്ചു ദിനങ്ങൾ ഇവർക്ക് വറുതിയുടെതുമായിരുന്നു. വിലങ്ങാട് മലയോരത്ത് കനത്ത മഴയും കാറ്റും വന്നതോടെ മയ്യഴിപ്പുഴയുടെ ഉൽഭവകേന്ദ്രമായ പുല്ലുവ പുഴ കരകവിഞ്ഞൊഴുകുകയായിരുന്നു. പ്രളയജലം ഒഴുകി വിലങ്ങാട് ടൗൺ പാലവും വാളൂക്ക് മരിയഗിരി പാലവും അപകട ഭീഷണിയിലാണ്. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ മലവെള്ളപ്പാച്ചിലിൽ രണ്ട് പാലങ്ങളുടെയും കൈവരികളും പാർശ്വഭിത്തിയും തകർന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി കണക്കെടുപ്പ് നടത്തിയെങ്കിലും വർഷം ഒന്ന് കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ല. ഈ രണ്ട് പാലങ്ങളും ഇത്തവണത്തെ പ്രളയത്തിൽ തകർന്ന് തരിപ്പണമായി. ഇരു പാലങ്ങളുടെയും കൈവരികളും പാർശ്വഭിത്തികളും തകർന്നു. അപ്രോച്ച് റോഡുകളും മലവെള്ളപ്പാച്ചിലിൽ പുഴയെടുത്തു. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പോലും അപകടാവസ്ഥയിലാണ്. 50 വർഷങ്ങൾക്കു മുന്നേ സ്ഥലവാസികൾ നിർമിച്ചതാണ് ഈ പാലങ്ങൾ. പൊതുമരാമത്ത് വകുപ്പ് പാലങ്ങളും റോഡും ഏറ്റെടുത്തെങ്കിലും പിന്നീട് പാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയില്ല. കഴിഞ്ഞദിവസത്തെ മഴയിൽ തകർന്ന റോഡുകൾ നാട്ടുകാർ രംഗത്തിറങ്ങിയാണ് ഗതാഗത യോഗ്യമാക്കിയത്. വാളൂക്ക് മേഖലയിലാവട്ടെ മൊബൈലുകൾ പരിധിക്കുപുറത്തുമാണ്. മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിവീണ് വാളൂക്ക് മലയോരത്തെ വൈദ്യുതി പോസ്റ്റുകളും ടെലിഫോൺ പോസ്റ്റുകളും തകർന്നതോടെ അഞ്ചു ദിവസമായി വൈദ്യുതിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.