കോഴിക്കോട്: തോരാതെ പെയ്ത മഴക്ക് താൽക്കാലിക ശമനമായെങ്കിലും ജില്ലയിൽ ഭീതി ഒഴിഞ്ഞിട്ടില്ല. പലയിടത്തും വെള്ളം അൽപം ഇറങ്ങിയെങ്കിലും ചില ഭാഗങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുകയാണ്. അതിനിടെ, കഴിഞ്ഞ ദിവസം ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻെറ മൃതദേഹം കണ്ടെത്തി. ആയഞ്ചേരി തറോപ്പൊയിൽ കാട്ടിൽ അബ്ദുല്ലയുടെ മകൻ ഫാസിലിൻെറ (20) മൃതദേഹമാണ് ഞായറാഴ്ച ലഭിച്ചത്. ഇതോടെ ജില്ലയിലെ മഴമരണം 16 ആയി. ഞായറാഴ്ച ഉരുൾപൊട്ടലോ മറ്റ് അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വടകരയിലാണ്. ഞായറാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ 21 സെ.മീ മഴയാണ് വടകര താലൂക്കിൽ പെയ്തത്. മംഗളൂരു-കോഴിക്കോട് റൂട്ടിൽ ട്രെയിൻ ഗതാഗതം ഏറക്കുറെ പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്പെഷൽ ട്രെയിനുകളടക്കം സർവിസ് നടത്തിയെങ്കിലും തെക്കോട്ട് മിക്ക വണ്ടികളും റദ്ദാക്കി. കോഴിക്കോടുനിന്ന് വിവിധ റൂട്ടുകളിലെ ബസ് സർവിസും പുനരാരംഭിച്ചു. എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് പ്രധാനമായും ബസിനെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. താമരശ്ശേരി ചുരം വഴി കോഴിക്കോട്-സുൽത്താൻ ബത്തേരി റൂട്ടിലും കുറ്റ്യാടി ചുരം വഴി മാനന്തവാടി റൂട്ടിലും കെ.എസ്.ആർ.ടി.സി ബസുകളും സർവിസ് നടത്തുന്നുണ്ട്. ജില്ലയിലാകെ 317 ദുരിതാശ്വാസ ക്യാമ്പുകളിൽ 16,148 കുടുംബങ്ങളിലെ 52,416 ആളുകളാണ് കഴിയുന്നത്. ചാലിയാർ, പൂനൂർ പുഴ, ഇരുവഴിഞ്ഞി എന്നിവയുടെ തീരത്തുള്ളവരെയാണ് പ്രധാനമായും പ്രളയത്തെ തുടർന്ന് വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയത്. മരം കടപുഴകിയും മറ്റും ലൈനുകൾ തകർന്നതിനാൽ വൈദ്യുതി വിതരണം ഭാഗികമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.