ചളിക്കുളമായി ഏസിമുക്ക് കാവിൽ എൽ.പി സ്കൂൾ റോഡ്

നടുവണ്ണൂർ: പഞ്ചായത്തിലെ 13, 16 വാർഡുകളെ ബന്ധിപ്പിക്കുന്നതും ഏസിമുക്കിൽ നിന്നും കേരഫെഡ് കാവുന്തറ റോഡിലേക്ക് എളുപ ്പത്തിൽ എത്തിച്ചേരാനും കഴിയുന്ന ഏസിമുക്ക് കാവിൽ എൽ.പി സ്കൂൾ റോഡ്അധികൃതരുടെ അവഗണനയിൽ. പള്ളി, മദ്റസ, എൽ.പി സ്കൂൾ, നഴ്സറി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിലേക്ക് വരുന്ന വിദ്യാർഥികളും അല്ലാത്തവരുമായ നൂറുകണക്കായ ആളുകൾ നിത്യവും യാത്ര ചെയ്യുന്ന വഴിയാണിത്. നാട്ടുകാരുടെ ആവശ്യം ശക്തമാവുമ്പോൾ എസ്റ്റിമേറ്റെടുക്കുക എന്ന പതിവ് നാടകം നടക്കുമെങ്കിലും പിന്നീട് എന്തെങ്കിലും സാങ്കേതികത്വം പറഞ്ഞ് തുടർനടപടികൾ നിർത്തിവെക്കാറാണ് പതിവ്. കഴിഞ്ഞ വർഷം എം.പി ഫണ്ടുപയോഗിച്ച് നൂറു മീറ്റർ ടാർ ചെയ്തത് ആശ്വാസമായെങ്കിലും ബാക്കി മുന്നൂറ്റമ്പതു മീറ്റർ പ്രവൃത്തി നടത്തിയില്ല. കാലവർഷം ശക്തിപ്രാപിക്കുമ്പോൾ രാമൻ പുഴ കവിഞ്ഞൊഴുകി വെങ്ങളത്ത് കണ്ടി കടവു മുതൽ മണ്ണാങ്കണ്ടി താഴെ, കിഴ്ക്കോട്ട്കടവ് വരെ വെള്ളം കയറി ഗതാഗതം സ്തംഭിക്കുന്നത് പതിവാണ്. ഇത്തരം സാഹചര്യങ്ങളിൽ പ്രദേശവാസികൾ നടുവണ്ണൂർ ടൗണിലെത്തിച്ചേരാൻ മുഖ്യമായും ആശ്രയിക്കുന്നത് ഈ റോഡായിരുന്നു. എന്നാൽ, റോഡിൽ പലയിടത്തും ഉറവ പൊട്ടിയതോടെ വാഹനങ്ങൾ ചളിയിലാണ്ടു പോകുന്നത് നിത്യക്കാഴ്ചയായി. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഈ റോഡും ഇതിലേക്ക് വന്നുചേരുന്ന പൂവമുള്ളതിൽ താഴെ റോഡും നന്നാക്കാൻ സത്വര നടപടി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും അധികൃതരുടെയും ഭാഗത്തു നിന്നുണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇനിയും അവഗണന തുടരുകയാണെങ്കിൽ പ്രത്യക്ഷ സമരമാർഗം സ്വീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ സജീവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.