റോഡിൽ കടപുഴകിയ വൻമരങ്ങൾ നാട്ടുകാർ മുറിച്ചുമാറ്റി

കുറ്റ്യാടി: മരുതോങ്കര റോഡിൽ മൂന്നുദിവസം മുമ്പ് കടപുഴകി വീണ പടുകൂറ്റൻ മരങ്ങൾ നാട്ടുകാർ ഒന്നിച്ചിറങ്ങി മുറിച് ചുമാറ്റി. വെള്ളിയാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിലാണ് അടുക്കത്ത് അമാന ആശുപത്രിക്കു സമീപം റോഡ് വക്കിലെ തണൽമരങ്ങൾ വീണത്. പൂഴിത്തോട് ജലവൈദ്യുതി പവർഹൗസിൽനിന്ന് കുറ്റ്യാടി സബ് സ്റ്റേഷനിലേക്കുള്ള 33 കെ.വി.ലൈനും ടവറുകളും, മുള്ളൻകുന്ന് 11 കെ.വി ഫീഡർലൈൻ എന്നിവയും മറ്റു വിതരണ ലൈനുകളും തകർന്ന് അടുക്കത്ത്, മരുതോങ്കര പ്രദേശങ്ങൾ മൂന്നുദിവസമായി ഇരുട്ടിലാണ്. പോരാത്തതിന് ഗതാഗത തടസ്സവും ഉണ്ടായിരുന്നു. ഇതേതുടർന്നാണ് നാട്ടുകാർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ രംഗത്തിറങ്ങിയത്. വീണ മരങ്ങൾക്കുപുറമെ അപകട ഭീഷണിയായി ചാഞ്ഞുനിൽക്കുന്ന മരത്തിൻെറ കൊമ്പുകളും വെട്ടി. നാട്ടുകാരുടെ പരാതി പ്രകാരം മരങ്ങൾ മുറിക്കാൻ നേരത്തേ ഉത്തരവുണ്ടായിരുന്നതാണ്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി വൈകിപ്പോയി. ഇതിൻെറ പേരിൽ നാടാകെ ഇരുട്ടിലാവുകയും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന സമയത്ത് പൂഴിത്തോട് പദ്ധതിയിലെ വൈദ്യുതി വിതരണം മുടങ്ങുകയും ചെയ്തു. പ്രകൃതിദുരന്തത്തിൽപെട്ടവർക്ക് സഹായം എത്തിക്കാനും പ്രദേശത്തെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുമാണ് അടുക്കത്ത് ജനകീയ സമിതി രൂപവത്കരിച്ചത്. ഭാരവാഹികൾ: പഞ്ചായത്ത് മെംബർമാരായ റംല കൊളക്കാട്ടിൽ, ടി.കെ. ശോഭ, കെ.പി. അബ്ദുൽലത്തീഫ്, കെ. അനീഷ് (രക്ഷാധികാരികൾ), അരീക്കര അബ്ദുൽ അസീസ് (ചെയർമാൻ), വി.കെ. കുഞ്ഞബ്ദുള്ള(കൺവീനർ), അലി കെട്ടിൽ (ട്രഷറർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.