മുക്കം: വെള്ളപ്പൊക്കം മൂലമുള്ള ദുരിതങ്ങൾ ഒഴിയുന്നില്ല. മൈസൂരുവിൽനിന്ന് നിലമ്പൂർ, വയനാട് വഴിയെത്തുന്ന പച്ചക്കറിയുടെ വരവ് നിലച്ചു. ഇതിനെതുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്നവർക്ക് വേണ്ടത്ര പച്ചക്കറി കിട്ടാതെ ബുദ്ധിമുട്ടുന്നു. മുക്കം നഗരസഭയിലും സമീപത്തെ ഒട്ടേറെ പഞ്ചായത്തുകളിലും ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരക്കണക്കിനാളുകളാണ് കഴിയുന്നത്. ഇവിടെ രണ്ടു ദിവസത്തേക്ക് മാത്രമുള്ള പച്ചക്കറിയാണുള്ളത്. കാരശ്ശേരി പഞ്ചായത്തിലെ ആനയാകുന്ന് ജി.എൽ.പി സ്കൂളിൽ കഴിയുന്ന 14 കുടുംബങ്ങൾക്ക് ആവശ്യത്തിനുള്ള പച്ചക്കറികളില്ലെന്ന് പരാതി ഉയർന്നിരുന്നു. പുതിയോട്ടിൽ കോളനി, എരയത്തടം, ആനയാകുന്ന്, കുറ്റിപറമ്പ്, എടലപാട്ട്. വെൻഡ് പൈപ്പ് പാല പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവരെയും സംഘം സന്ദർശനം നടത്തി വേണ്ട ഭക്ഷണ കിറ്റുകളടക്കം നൽകാനുള്ള ഒരുക്കം നടത്തുന്നുണ്ട്. നെല്ലിക്കാപറമ്പ്, സർക്കാർ പറമ്പ്, കാരശ്ശേരി, ചോണാട്, കുമാരനല്ലൂർ, കാരമുല തോട്ടക്കാട്,, ഐ.എച്ച്.ആർ.ഡി കോളജ് തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. ചേന്ദമംഗലൂർ മംഗലശ്ശേരി തോട്ട പ്രദേശങ്ങളിലെ 70 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ഇവർക്കു വേണ്ടി നാല് കിൻറൽ അരിയും ബന്ധപ്പെട്ട സാധനങ്ങളും എത്തിച്ച് വിതരണം നടത്തി. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും സാധനങ്ങൾ എത്തിക്കാൻ സംവിധാനമായിട്ടുണ്ട്. കക്കാട് മുജാഹിദ് മസ്ജിദ് ഇസ്ലാമിക് സൻെറർ എന്നിവിടങ്ങളിൽ 100 ഇതരസംസ്ഥാന തൊഴിലാളികളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ ഓഫിസർ സജ്നയുടെ നേതൃത്വത്തിൽ സംഘം സന്ദർശിച്ചു. നാട്ടുകാരും ക്യാമ്പുകളിൽ കഴിയുന്നവർക്കായി സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. മുക്കം നഗരസഭയിലെ നീലേശ്വരം പതിനെട്ടാം ഡിവിഷനിൽ പ്രക്കച്ചാൽ അംഗൻവാടി, ചുള്ളകര മൂരാട്ടമ്മൽ വീട് എന്നിവിടങ്ങളിൽ 31കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. പലയിടത്തും വെള്ളം കയറിയത് അർധരാത്രിയോടെയാണ്. വീടുകളിൽ വെള്ളം കയറി എല്ലാം നശിച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.