നിരവധി കുടുംബങ്ങളെ സാഹസികമായി രക്ഷപ്പെടുത്തി ഫയർ ആൻഡ് റെസ്ക്യൂവും നാട്ടുകാരും

വേങ്ങേരി: പൂനൂർ പുഴ കരകവിഞ്ഞതോടെ ഒറ്റപ്പെട്ടുപോയ നിരവധി കുടുംബങ്ങളെ വെള്ളിമാട്കുന്ന് ഫയർ ആൻഡ് റെസ്ക്യൂ പ്രവർത്തകരും നാട്ടുകാരും രക്ഷപ്പെടുത്തി. കുത്തൊഴുക്കിൽ അമർന്ന വേങ്ങേരി, കണ്ണാടിക്കൽ, തണ്ണീർ പന്തൽ, മോരീക്കര എന്നിവിടങ്ങളിലെ നിരവധി കുടുംബങ്ങളെയാണ് അതിസാഹസികമായി ബോട്ടുകളിൽ രക്ഷപ്പെടുത്തിയത്. കണ്ണാടിക്കൽ, ചെറുവറ്റ, കൃഷ്ണക്കടവ്, മോരീക്കര, വടക്കേവയൽ, പറമ്പിൽക്കടവ് എന്നിവിടങ്ങളിൽ ആയിരത്തിലേറെ വീടുകൾ വെള്ളത്തിലായി. പലതവണ നിർദേശം നൽകിയിട്ടും വീടുവിട്ട് ഇറങ്ങാൻ താൽപര്യപ്പെടാത്ത കുടുംബങ്ങൾ വെള്ളം ഉയർന്ന് ഒഴുക്ക് ശക്തമായതോടെ രക്ഷതേടി പൊലീസിനെയും രക്ഷാസേനയെയും വിളിക്കുകയായിരുന്നു. താഴെനില പൂർണമായും മുങ്ങിയ വീടുകളിലെ കുടുംബങ്ങൾ രണ്ടാം നിലകളിൽ താമസിക്കവെയാണ് ശനിയാഴ്ച രാവിലെ ബോട്ടിലേക്ക് സാഹസികമായി ഇറക്കിയത്. പുഴയോടു ചേർന്നുള്ള വീടുകളായിരുന്നു പലതുമെന്നതിനാൽ ജീവൻ പണയപ്പെടുത്തിയാണ് മധുരമണ്ണിൽ സുധാകരൻ, ചിറ്റച്ചംമണ്ണിൽ ശശി, കൊയമ്പിനാൽ രഞ്ജിത്ത്കുമാർ, തച്ചിൽ രാധാകൃഷ്ണൻ, വരദൂർകാളിൽ രാഗേഷ്, കൊയമ്പാലിൽ ശേഖേഷ് എന്നിവരുടെ കുടുംബങ്ങളെ നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യു സേനയും രക്ഷപ്പെടുത്തിയത്. പൂളാടിക്കുന്ന് ബൈപ്പാസിനിരുവശവും വെള്ളത്തിൽ വീടുകൾ മുങ്ങുന്നുണ്ട്. കണ്ണാടിക്കൽ വടക്കേവയൽ ഭാഗം ഒറ്റപ്പെട്ടു. ലീഡിങ് ഫയർമാൻ സുജിത്ത്കുമാർ, ഷജിൽകുമാർ, രഞ്ജിത്ത്, ഷൈബിൻ, ഷെഫീഖ്, ബിനു, ബിനേഷ്, അനൂപ്, ബിനീഷ് എന്നിവരും നാട്ടുകാരായ ടി.ഷിനോദ്, കെ. വിപിൻ, കെ. ഷാജി, ടി. രൂപാൽ, ടി. സുബിത്ത് എന്നിവരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. എരഞ്ഞിക്കലിലെ പുത്തൂർ, മുതിരക്കാത്തറ, അടുക്കത്ത് താഴം, അഞ്ചുകണ്ടം, മണപ്പുറം, വള്ളിൽ, കോയാലി വയൽ, മടച്ചാലി വയൽ എലത്തൂരിലെ പാറമ്മൽ, അരോത്ത് കുഴി, കോഴിപ്പടന്നയിൽ പ്രദേശങ്ങളും, മൊകവൂരിലെ പെരിങ്ങിണി താഴം, വാവണ്ണനിലം, മുക്കാടി വയൽ, തടങ്ങാട്ട് വയൽ, കോരാച്ചിനി, ആട്ടങ്ങാട്ട് താഴം, മരക്കാട്ട് നിലം, ഇടുവ നിലം, മുക്കാടി വയൽ, കേരച്ചിനിവയൽ, ചെമ്മാറ, ചുള്ളിക്കാട്ട്, തലകുത്തി നിലം എന്നിവിടങ്ങളിൽ വെള്ളം ക്രമാതീതമായി കയറി. വേങ്ങേരി യു.പിയിൽ 108, കോനാട് അംഗൻവാടിയിൽ ആറും എരഞ്ഞിക്കൽ ജി.എൽ.പിയിൽ 45 ഉം തോപ്പയിൽ സ്കൂളിൽ 44 ഉം, സിവിൽ സ്റ്റേഷൻ കളത്തിൽ പറമ്പ് സ്കൂളിൽ 131 ഉം, എലത്തൂർ മദ്റസയിൽ 40 ഉം, എരഞ്ഞിക്കൽ കെ.എം.സി.ടിയിൽ പത്തും ജ്ഞാനോദയം എൽ.പിയിൽ ഏഴും, പാവങ്ങാട് ബി.ഇ.എമ്മിൽ 20 ഉം, കുണ്ടൂപ്പറമ്പ് ഹൈസ്കൂളിൽ 311 ഉം, മലാപ്പറമ്പ് പൊളിയിൽ 50 ഉം, നാലാം കോടതിയിൽ 57 ഉം, കാരന്നൂർ എ.എൽ.പി യിൽ 25 ഉം കക്കോടി ജി.എൽ.പി സ്കൂളിൽ 80 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളാക്കി കഴിയുന്നത്. ക്യാമ്പുകളിൽ ഭക്ഷണവും ഡോക്ടർമാരുടെ സേവനവും സൗജന്യമായി ലഭിക്കുന്നുണ്ട്. ബണ്ടിനു സമീപത്തുള്ളവർ ഒഴിഞ്ഞുപോകാൻ നിർദേശം കക്കോടി: ബണ്ട് കവിഞ്ഞ് വെള്ളം ഒഴുകി ഭീഷണി നിലനിന്നതിനാൽ സമീപപ്രദേശത്തുള്ളവർ ഒഴിഞ്ഞുപോകണമെന്ന് അധികൃതർ നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.