തിരുവനന്തപുരം: പ്രളയ സെസ് നടപ്പാക്കുമ്പോൾ വില കൂട്ടേണ്ട ആവശ്യമില്ലെന്ന് മന്ത്രി ടി.എം. തോമസ് ഐസക് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉപഭോക്താവിന് അധിക ബാധ്യതയുണ്ടാകാതെ സെസ് ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വിവിധ ഇനങ്ങളിലായി ശരാശരി 30 ശതമാനംവരെയാണ് മുമ്പ് ഉൽപന്നങ്ങൾക്കുമേൽ നികുതിയുണ്ടായിരുന്നത്. ജി.എസ്.ടി വന്നതോടെ നികുതി ശരാശരി 12 ശതമാനത്തിലേക്ക് താഴ്ന്നു. എന്നാൽ, ആരും വില കുറയ്ക്കാൻ തയാറായില്ല. അങ്ങനെയുള്ളവർ ഒരു ശതമാനം സെസ് ഏർപ്പെടുത്തുമ്പോൾ വില വർധിപ്പിക്കേണ്ടതില്ല. ജൂലൈ ഒന്നുമുതൽ സെസ് പിരിച്ചുതുടങ്ങും. സെസിനുമേലും നികുതി വരുന്നത് ഒഴിവാക്കാനാണ് വിജ്ഞാപനം ഭേദഗതി ചെയ്തതും നടപ്പാക്കൽ തീയതി ജൂലൈയിലേക്ക് മാറ്റിയതും. നിസ്സാരവില മാറ്റത്തിൻെറ പേരിൽ ഉൽപന്നങ്ങളുടെ പരമാവധി വില മാറ്റേണ്ടിവരില്ല. പ്രളയ സെസിൻെറ കാര്യത്തിൽ സംസ്ഥാന നിയമം മാത്രം പോര. ഇതിനായി ജി.എസ്.ടി കൗൺസിലിൻെറ അംഗീകാരം പ്രതീക്ഷിക്കുകയാണ്. പ്രളയ സെസിൽനിന്നുള്ള പണം പൂർണമായി ഗ്രാമീണറോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണിക്കും മറ്റുമായി വിനിയോഗിക്കും. ഇതിനുള്ള എസ്റ്റിമേറ്റ് തയാറായതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.