നന്മണ്ട: സുരക്ഷ സംവിധാനങ്ങളില്ലാത്തതിനാൽ കാക്കൂർ-നന്മണ്ട ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പൂക്കുന്നുമലയിൽ സാമൂഹിക വിരുദ്ധർ വിളയാടുന്നത് സസ്യജാലങ്ങൾക്കും ജീവജാലങ്ങൾക്കും ഭീഷണിയാകുന്നു. സഞ്ചാരികൾ എന്ന വ്യാജേന ഇവിടെ എത്തുന്ന ചിലർ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും നടത്തുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറയായ ഇവിടെ അപൂർവ ഔഷധ സസ്യങ്ങളുടെ ഭൂമിയാണ്. നാട്ടിൻപുറങ്ങളിൽനിന്നും പച്ചമരുന്നുകൾ നാമാവശേഷമായിരിക്കുമ്പോഴും മലമുകളിലെ ഔഷധസസ്യങ്ങൾ നാടിൻെറ സമ്പത്താണ്. ഇവിടെ കണ്ണാന്തളി, പെരിങ്ങലം, ചക്കരക്കൊല്ലി, തെച്ചി എന്നിവ സുലഭമാണ്. പ്രകൃതിദത്ത നീരുറവയുടെ ഉദ്ഭവകേന്ദ്രം കൂടിയാണ് പുക്കുന്നു മല. കശുമാവും തെങ്ങും ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ ഇവിടെയുണ്ട്. കൈതയിൽനിന്ന് ഉദ്ഭവിക്കുന്ന തീർത്ഥങ്കര നീരുറവയിലെ ജലം പഞ്ചായത്തിൻെറ കുടിവെള്ള ക്ഷാമം പരിഹരിക്കുന്ന ഏക നീരുറവയാണ്. പ്രകൃതിദത്ത നീരുറവ തിരിച്ചുവിടാനും ചില സന്ദർശകർ ശ്രമിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇവിടെ മനഃപൂർവം തീയിടുന്നതായും പറയുന്നു. ഈ വർഷം തന്നെ ആറ് തവണയോളം തീ പിടിച്ചിട്ടുണ്ട്. പക്ഷികളും ഔഷധ സസ്യങ്ങളും ഇഴജീവികളും അഗ്നിക്കിരയാവുന്നു. ജില്ല ടൂറിസത്തിൻെറ ഭൂപടത്തിൽ ഇടം പിടിക്കാത്തതിനാൽ സന്ദർശകരെ നിയന്ത്രിക്കാനോ മറ്റ് നിരോധനം ഏർപ്പെടുത്താനോ അധികൃതർക്ക് കഴിയുന്നില്ല. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പ്രകൃതി സുന്ദരമായ നിരവധി കാഴ്ചകൾ കാണാം. സൂര്യാസ്തമയം കാണാനും ഒട്ടേറെ പേർ ഇവിടെ എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.