പേരാമ്പ്ര: പെരുവണ്ണാമൂഴിയിൽ സ്ഥാപിക്കുന്ന ആറ് മെഗാവാട്ട് ജലവൈദ്യുതി നിലയത്തിനുവേണ്ടി ടണൽ നിർമിക്കുന്നതിന് പാറ പൊട്ടിക്കുമ്പോൾ സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടു സംഭവിക്കുന്നു. പണി നടക്കുന്ന സൈറ്റിനു തൊട്ടടുത്തുള്ള പെരുവണ്ണാമൂഴി പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടത്തിനു സാരമായ തകരാർ സംഭവിച്ചിരിക്കുകയാണ്. കോൺക്രീറ്റ് ബിൽഡിങ്ങിൻെറ ഭിത്തികളെല്ലാം പൊട്ടിപ്പിളർന്നിരിക്കുന്നു. ഇത് കാര്യമായ ബലക്ഷയത്തിനിടയാക്കിയിട്ടുണ്ട്. പ്രശ്നത്തിൻെറ ഗൗരവം ചൂണ്ടിക്കാട്ടി മെഡിക്കൽ ഓഫിസർ ജില്ല കലക്ടർക്കു മുമ്പേ പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയുടെ തൊട്ടടുത്ത് താമസിക്കുന്ന ഇരവുചിറ ത്രേസ്യാമ്മ വർഗീസിൻെറ വീടിനും കേടുണ്ട്. കോൺക്രീറ്റ് വീടിൻെറ പാരപ്പറ്റ് ഭാഗം കമ്പിയടക്കം നിലം പതിച്ചു. എടത്തിൽകുന്ന് അടക്കമുള്ള സമീപമേഖലയിലെ ഒട്ടേറെ കുടുംബങ്ങൾ സമാനദുരിതം പേറുന്നവരാണ്. വീടിനു ക്ഷതമേൽക്കുന്നതിനോടൊപ്പം കിണറുകളിലെ വെള്ളവും സ്ഫോടനത്തിൽ വറ്റുന്നുമുണ്ട്. രവീന്ദ്രൻ ഇടയിലെ വീട്ടിൽ, ഷാജി വെള്ളറക്കൽ, അമൽ എടത്തിൽ കുന്നേൽ, ദിനേശൻ എഴുത്തുപുരക്കൽ, കമലാസനൻ തകിടിയേൽ, അജയ് താഴത്തേപ്പള്ളി, എ.പി. ഫമിൽ രാജ്, വിജയൻ കൊളോർ കണ്ടിമീത്തൽ, ദീപൻ എഴുത്തുപുരക്കൽ, സുര എഴുത്തുപുരക്കൽ, ഗോപി എഴുത്തുപുരക്കൽ, അരുൺ ഇടയിലെ വീട്ടിൽ, സത്യൻ ഇടത്തിൽ, ബൈജു കൊയിലോത്ത് കണ്ടി, മധു കൊയിലോത്ത് കണ്ടി, സനൽ എഴുത്തുപുരക്കൽ, ബാലകൃഷ്ണൻ എടത്തിൽ, രവി എടത്തിൽ, സന്തോഷ് ചെങ്കരക്കൽ, കെ.പി. ചന്ദ്രൻ, റീജ എടത്തിൽ എന്നിവർ ഒന്നിച്ചു ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ചക്കിട്ടപാറ വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ രേഖാമൂലം പരാതി നൽകി. ഉചിത നഷ്ട പരിഹാരം അനുവദിക്കുന്നതിനോടൊപ്പം വീടുകൾ ഇൻഷുർ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ദുരിതമനുഭവിക്കുന്നവരെ കാണാനെത്തിയിരുന്നു. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കിയശേഷം പ്രവർത്തി നടത്തിയാൽ മതിയെന്നാണ് പരാതിക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.