കൊടുവള്ളി: സ്വര്‍ണമുത്തുകള്‍ ഉണ്ടാക്കാന്‍ നല്‍കിയ സ്വര്‍ണവുമായി പണിക്കാരനായ ബംഗാള്‍ സ്വദേശി മുങ്ങി. കൊടുവള്ളി പഴയ ഈര്‍ച്ചമില്ലിനു സമീപത്തെ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന ബംഗാള്‍ സ്വദേശി ഷബീര്‍ (കുദ്ദൂസ്) ആണ് മുങ്ങിയത്. കൊടുവള്ളി, ഓമശ്ശേരി, അരീക്കോട് സ്വദേശികളുടെ 300 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്തു. നാലു വര്‍ഷത്തോളമായി കൊടുവള്ളിയില്‍ സ്വർണാഭരണ തൊഴിലാളികൾക്കും കച്ചവടക്കാർക്കും സ്വര്‍ണമുത്തുകള്‍ ഉണ്ടാക്കുന്ന ജോലി ചെയ്യുന്ന ഷബീര്‍ മേയ് 29നാണ് മുങ്ങിയത്. മുത്തുകള്‍ ഉണ്ടാക്കാന്‍ സ്വര്‍ണം നല്‍കിയവര്‍ തിരികെ വാങ്ങാനായി ചെന്നപ്പോഴാണ് ഇയാള്‍ സ്ഥാപനം പൂട്ടി മുങ്ങിയതായി അറിഞ്ഞത്. കടയില്‍ കാണാത്തതിനാല്‍ ഇയാള്‍ താമസിക്കുന്ന കൊടുവള്ളി ഗവ. ഹൈസ്‌കൂളിനു സമീപത്തെ വാടക ക്വാർട്ടേഴ്‌സില്‍ അന്വേഷിച്ചെങ്കിലും ഇയാളെയും മറ്റു തൊഴിലാളികളെയും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്വര്‍ണം നഷ്ടപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.