എരഞ്ഞോണ കടവിൽ പുതിയ പാലത്തിനായി കാത്തിരിപ്പ് നീളുന്നു

കൊടുവള്ളി: പൂനൂർ പുഴയിൽ എരഞ്ഞോണ കടവിൽ പുതിയ പാലത്തിനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പ് തുടരുന്നു. കൊടുവള്ളി നഗരസഭയിലെ 36ാം ഡിവിഷൻ ഉൾപ്പെടുന്ന പ്രദേശവും കിഴക്കോത്ത് പഞ്ചായത്തിലെ കത്തറമ്മൽ പ്രദേശവുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്ന ഭാഗമാണിത്. നിലവിൽ 1998ൽ നിർമിച്ച കോൺക്രീറ്റ് നടപ്പാലം മാത്രമാണ് ഇവിടെയുള്ളത്. കാലപ്പഴക്കത്താൽ പാലം തകർച്ചയിലാണ്. സംരക്ഷണഭിത്തിയും കുളിക്കടവുമെല്ലാം തകർന്നു. ദേശീയപാത 766 വാവാട് അങ്ങാടിയിൽനിന്നും വാവാട് സ​െൻററിൽനിന്നും സൗകര്യപ്രദമായ രണ്ട് റോഡുകൾ എരഞ്ഞോണയിലെ നടപ്പാലം വരെയുണ്ട്. മറുഭാഗത്ത് കത്തറമ്മൽ മുതൽ പൂക്കാട്ട് വരെയും റോഡുണ്ട്. എരഞ്ഞോണ നിവാസികൾക്ക് കത്തറമ്മൽ അങ്ങാടിയിലേക്ക് അര കി. മീറ്ററിൽ താഴെ ദൂരംകൊണ്ട് എത്താമെന്നിരിക്കെ നിലവിലുള്ള പാലത്തിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതിനാൽ കി. മീറ്ററുകൾ സഞ്ചരിച്ച് ദേശീയ പാതയിലെത്തി വേണം പോകാൻ. എളുപ്പ മാർഗമായിരുന്ന എരഞ്ഞോണ കുന്നുമ്മൽ തൈപ്പൊയിൽ റോഡ് ടാറിങ് പൂർണമാകാത്തതിനാൽ ഗതാഗത സജ്ജവുമല്ല. ഇതുവഴിയുള്ള യാത്രയും പ്രയാസകരമാണ്. കത്തറമ്മൽ എൽ.പി സ്കൂൾ, എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ, ബാങ്കുകൾ, എളേറ്റിൽ വട്ടോളി, താമരശ്ശേരി എന്നിവിടങ്ങളിലേക്ക് പോകേണ്ടവരെല്ലാം പാലത്തിലൂടെയാണ് ദിവസവും യാത്ര ചെയ്യുന്നത്. എരഞ്ഞോണക്കടവിൽ പുതിയ പാലം നിർമിച്ച് പ്രദേശവാസികളുടെ യാത്രപ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. പ്രദേശവാസികൾ എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പലതവണ നിവേദനം സമർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ കാരാട്ട് റസാഖ് എം.എൽ.എയുടെ നേതൃത്വത്തിൽ എരഞ്ഞോണയിലെ നിലവിലെ പാലമുൾപ്പെടുന്ന സ്ഥലം സന്ദർശിച്ചു. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് എം.എൽ.എ ഉറപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.