കൊടുക്കാം പിടിച്ചുപറിക്കരുത്​

*ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസ ശമ്പളം: ജീവനക്കാർ രണ്ടുതട്ടിൽ കൽപറ്റ: സമ്മതപത്രമോ ഒാപ്ഷനോ ഇല്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളമെന്ന വ്യവസ്ഥയോടെ സർക്കാർ ഉത്തരവിറക്കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ജില്ലയിലെ ജീവനക്കാർ. ഉത്തരവിനെതിരെ ഇടത് അനുകൂല സംഘടനകൾ ഒഴികെയുള്ളവരെല്ലാം രംഗത്തുവന്നിട്ടുണ്ട്. ജില്ലയിലെ സർക്കാർ ഒാഫിസുകളിൽ പ്രതിപക്ഷ സർവിസ് സംഘടനകൾ തീരുമാനത്തിനെതിരെ കാമ്പയിൻ നടത്തി. ഒാരോരുത്തരുടെ കഴിവനുസരിച്ച് രണ്ടുമാസത്തെ ശമ്പളം നൽകാൻ തയാറുള്ളവരും മാസത്തെ പകുതിശമ്പളം നൽകാൻ തയാറുള്ളവരുമൊക്കെ ഉണ്ടായിരിക്കെ, ഒരുമാസത്തെ ശമ്പളം സമ്മതപത്രമൊന്നുമില്ലാതെ ഇൗടാക്കാനുള്ള തീരുമാനത്തോട് പല ജീവനക്കാരും നീരസം പ്രകടിപ്പിച്ചു. അതേസമയം, 'സാലറി ചലഞ്ച്' വിജയിപ്പിക്കാൻ സി.പി.എം അനുകൂല സർവിസ് സംഘടനയായ എൻ.ജി.ഒ യൂനിയൻ കാമ്പയിനുമായി രംഗത്തുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് തങ്ങൾ ഒരിക്കലും എതിരല്ലെന്നും എന്നാൽ, ഒരുമാസത്തെ ശമ്പളം പൂർണമായും നൽകണമെന്നും അല്ലാത്തവരൊന്നും നൽകേണ്ടതില്ലെന്നുമുള്ള തീരുമാനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും എൻ.ജി.ഒ അസോ. ജില്ല പ്രസിഡൻറ് വി.സി. സത്യൻ പറഞ്ഞു. പ്രളയക്കെടുതിയിൽ ഏറെ നാശനഷ്ടങ്ങൾ നേരിട്ട പല ജീവനക്കാരുമുണ്ട്. മാസശമ്പളം കൊണ്ട് കഴിഞ്ഞുപോകുന്നവരാണ് മിക്കവരും. ഇത്തരമൊരു തീരുമാനം അവരെ ബുദ്ധിമുട്ടിലാക്കും. ഒരുമാസത്തിൽ കുറഞ്ഞതോ കൂടുതലോ അടക്കം തങ്ങൾക്ക് ഇഷ്ടമുള്ള പണം ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ സമ്മതപത്രത്തിലൂടെ അവസരമൊരുക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവിന് ജീവനക്കാരുടെ പിന്തുണയുറപ്പിക്കാൻ എൻ.ജി.ഒ യൂനിയൻ രംഗത്തുണ്ടാവുമെന്ന് ജില്ല പ്രസിഡൻറ് ആനന്ദൻ പറഞ്ഞു. ജില്ലയിൽ എൻ.ജി.ഒ യൂനിയൻ ഏരിയ കമ്മിറ്റി അംഗങ്ങൾ വരെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പണം നൽകേണ്ടതി​െൻറ ആവശ്യകത ജീവനക്കാരെ ബോധ്യപ്പെടുത്താൻ കാമ്പയിൻ നടത്തുന്നുണ്ട്. എൻ.ജി.ഒ യൂനിയനിലെ മുഴുവൻ അംഗങ്ങളും ഇതുമായി സഹകരിക്കും. ശമ്പളം നൽകുന്നതിന് പല ഒാപ്ഷനുകൾ സർക്കാർ നൽകിയിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തി പ്രതിസന്ധിഘട്ടത്തിൽ നാടിന് കൈത്താങ്ങാവുകയാണ് വേണ്ടതെന്ന് ആനന്ദൻ പറഞ്ഞു. ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള ഉത്തരവ് ഒരുനിലക്കും അംഗീകരിക്കില്ലെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി പി.പി. മുഹമ്മദ് മാസ്റ്റർ പറഞ്ഞു. സമ്മതമല്ല എന്ന് ഞങ്ങൾ എല്ലാവരും എഴുതിക്കൊടുക്കും. ഒരുമാസത്തെ ശമ്പളംതെന്ന വേണമെന്ന കടുംപിടിത്ത നിലപാടിനോട് യോജിക്കാനാവില്ല. ഫെസ്റ്റിവൽ അലവൻസ് 2750 രൂപയും രണ്ടുദിവസത്തെ ശമ്പളവും നേരത്തേ, ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്. സർക്കാർ ജീവനക്കാർ സ്വന്തം നിലയിൽ മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങളും സഹായങ്ങളുമൊക്കെ നൽകിയിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയുള്ള ഉത്തരവിനെതിരെ പ്രേക്ഷാഭം ശക്തമാക്കുമെന്നും മുഹമ്മദ് മാസ്റ്റർ പറഞ്ഞു. സമ്മതമല്ലെന്ന് രേഖാമൂലമുള്ള സാക്ഷ്യപ്പെടുത്തൽ രാഷ്ട്രീയ പകപോക്കലിന് ഇടയാക്കുമെന്ന ആശങ്ക പല ജീവനക്കാരിലുമുണ്ട്. ഇൗ ആശങ്കയെക്കൂടി ഇല്ലാതാക്കാൻ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് യു.ഡി.എഫ് അനുകൂല സർവിസ് സംഘടനകളുടെ തീരുമാനം. Inner Box യു.ടി.ഇ.എഫ് കലക്ടറേറ്റ് ധർണ കൽപറ്റ: സാലറി ചലഞ്ചി​െൻറ പേരിൽ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം സമ്മതമില്ലാതെ പിടിച്ചുപറിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് യു.ഡി.എഫ് അനുകൂല സർവിസ് സംഘടന കോഒാഡിനേഷനായ യു.ടി.ഇ.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ വിസമ്മതപത്രം പുറപ്പെടുവിക്കുന്നത്. പ്രളയകാലം മുതൽ നാളിതുവരെ രാപകലില്ലാതെ സേവനം നൽകിയവരാണ് ജീവനക്കാരും അധ്യാപകരും. വിസമ്മതപത്രത്തി​െൻറ പേരിൽ ജീവനക്കാരെ ഒറ്റപ്പെടുത്താനുള്ള നീക്കം അപലപനീയമാണ്. ഒരു മാസത്തെ വേതനം ഗുണ്ടാപ്പിരിവിലൂടെ പിടിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ല. 80 ശതമാനം സർക്കാർ ജീവനക്കാരും പരിമിതമായ ശമ്പളത്തോടെ ജോലിചെയ്യുന്നവരാണ്. സംഭാവന പിടിച്ചുപറിക്കരുത്, പുനരധിവാസ പ്രവർത്തനങ്ങളിൽ എല്ലാവരെയും പങ്കാളികളാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വയനാട് കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ യു.ഡി.എഫ് ജില്ല ജനറൽ കൺവീനർ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യു.ടി.ഇ.എഫ് ജില്ല ചെയർമാൻ ഉമാശങ്കർ അധ്യക്ഷതവഹിച്ചു. വിവിധ സംഘടന നേതാക്കളായ പി.പി. മുഹമ്മദ് മാസ്റ്റർ, വി.സി. സത്യൻ, സി. മൊയ്തു, കബീർ കുന്നമ്പറ്റ, സലാം കൽപറ്റ, എസ്. അനിൽകുമാർ, മോബിഷ് പി.തോമസ്, കെ.പി. കുഞ്ഞമ്മദ്, കെ.ടി. ഷാജി, ആർ. രാംപ്രമോദ്, ടി. അജിത്കുമാർ, കെ.എ. ജോസ്, നിസാർ കമ്പ, ലൈജു ചാക്കോ, കെ.എ. മുജീബ്, റമീസ് ബക്കർ, പി.എച്ച്. അഷറഫ്ഖാൻ, കെ. യൂസഫ്, ഗ്ലോറിൻ, കെ.വി. ബിന്ദുലേഖ, ഇ.ടി. റിഷാദ് എന്നിവർ സംസാരിച്ചു. WEDWDL14 യു.ടി.ഇ.എഫ് വയനാട് കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു ......................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.