അഴിമതിക്കാർ സർക്കാർ ചെലവിൽ ഭക്ഷണം കഴിക്കേണ്ടിവരും ^പിണറായി വിജയൻ

അഴിമതിക്കാർ സർക്കാർ ചെലവിൽ ഭക്ഷണം കഴിക്കേണ്ടിവരും -പിണറായി വിജയൻ കോഴിക്കോട്: അഴിമതിക്ക് വിധേയരാകുന്നവർ പരാതിപ്പെട്ടാൽ അഴിമതിക്കാർ സർക്കാർ ചെലവിൽ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിടനിർമാണത്തിനുള്ള അപേക്ഷ ഓൺലൈൻ വഴിയാക്കുന്നതിനായി ആരംഭിച്ച സുവേഗ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഴിമതി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമം. അഴിമതികൊണ്ട് പ്രശ്‌നം അനുഭവിക്കുന്നവർ പരാതിപ്പെടാനുള്ള ധൈര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്. പരാതിയിൽ കൃത്യമായ പരിശോധനയിലൂടെ അഴിമതി നടത്തിയെന്ന് വ്യക്തമായാൽ ഉദ്യോഗസ്ഥരുടെ ജോലിയും പോകും അപമാനവും ആകും. ഒപ്പം സർക്കാർ ചെലവിൽ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തെ അഴിമതികുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാൽ, എല്ലായിടത്തും അഴിമതി ഇല്ലാതായി എന്ന് പറയാനാവില്ല. ചില മേഖലകളിൽ ഇപ്പോഴും വലിയതോതിൽ അഴിമതിയുണ്ട്. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട അഴിമതി കുറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അഴിമതിക്ക് പൂർണ പരിഹാരമായിട്ടില്ല. സംസ്ഥാനത്തെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും അഴിമതി തീണ്ടാത്തവരാണെങ്കിലും ഒരുവിഭാഗം അന്തസ്സില്ലാത്തവർ ഉണ്ട്. മറ്റുള്ളവരിൽനിന്ന് പിടിച്ചുപറിക്കുന്ന അന്തസ്സില്ലാത്തവരാണ് ഉദ്യോഗസ്ഥതലത്തിൽ മൊത്തം ദുഷ്‌പേരുണ്ടാക്കുന്നത്. അഴിമതി അവകാശമാണെന്ന് കരുതുന്നവരാണ് ഇവർ. അഴിമതിക്കാരുടെ ഇടയിലേക്ക് അഴിമതി നടത്താത്ത ആരെങ്കിലും വന്നാൽ അവരെ ഒറ്റപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്. ജനങ്ങളുമായി ഏറ്റവും അധികം ബന്ധപ്പെടുന്ന വില്ലേജ് ഓഫിസുകളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരിൽ ചിലർ ആളുകളെ ദ്രോഹിക്കുന്നത് അവകാശമായി കാണുന്നവരാണ്. ജീവിക്കാനാവശ്യമായ വരുമാനം ഉദ്യോഗസ്ഥർക്ക് ജോലിയിൽനിന്ന് ലഭിക്കുന്നുണ്ട്. അഴിമതി പാടില്ലെന്ന് പറയുമ്പോൾ ചിലർ ഊറിച്ചിരിക്കുകയാണ്. അഴിമതിക്കാർ നേരായ മാർഗം സ്വീകരിക്കാൻ തയാറാകണം. സാഡിസ്റ്റ് മനോഭാവത്തോടെ ഓഫിസിലെത്തുന്നവരോട് പെരുമാറരുത്. ജനങ്ങളെ ദ്രോഹിക്കാനല്ല ശമ്പളം നൽകുന്നതെന്നും ഈ രീതി മാറിയേ തീരൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. ഒന്നരവർഷത്തിനകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. റീജനൽ ടൗൺ പ്ലാനർ കെ.വി. അബ്ദുൽ മാലിക് േപ്രാജക്ട് അവതരിപ്പിച്ചു. എം.എൽ.എമാരായ എ. പ്രദീപ്കുമാർ, എം.കെ. മുനീർ, വി.കെ.സി. മമ്മദ്കോയ, ജില്ല കലക്ടർ യു.വി. ജോസ്, ഡെപ്യൂട്ടി മേയർ മീര ദർശക്, മലബാർ ചേംബർ ഓഫ് േകാമേഴ്‌സ് പ്രസിഡൻറ് പി.വി. നിധീഷ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. മേയർ തോട്ടത്തിൽ രവീന്ദ്രൻ സ്വാഗതവും കോർപറേഷൻ സെക്രട്ടറി മൃൺമയി ജോഷി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.