ബാണാസുരമലയിലെ അനധികൃത ക്വാറി വിവാദം: വെള്ളമുണ്ട വില്ലേജ് ഓഫിസർക്ക് സ്ഥലംമാറ്റം

*പടിയിറങ്ങുന്നത് ക്വാറിക്കെതിരെയുള്ള മുഴുവൻ നടപടികളും പൂർത്തിയാക്കിയശേഷം വെള്ളമുണ്ട: ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ അനധികൃത ക്വാറിക്കെതിരെ റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫിസർക്ക് സ്ഥലംമാറ്റം. വെള്ളമുണ്ട വില്ലേജിൽ വാളാരംകുന്ന് കൊയ്റ്റ് പാറക്കുന്നിൽ പ്രവർത്തിക്കുന്ന അത്താണി ബ്രിക്സ് ആൻഡ് മെറ്റൽസ് എന്ന ക്വാറി പ്രവർത്തിക്കുന്നത് സർക്കാർ ഭൂമി കൈയേറിയാണെന്ന അന്തിമ റിപ്പോർട്ട് നൽകിയ വെള്ളമുണ്ട വില്ലേജ് ഓഫിസർ കൊയിലാണ്ടിയിലെ വരിക്കോളി ജയനെയാണ് തിരക്കിട്ട് കോഴിക്കോട് കലക്ടറേറ്റിലേക്ക് സ്ഥലം മാറ്റിയത്. വെള്ളമുണ്ട വില്ലേജ് ഓഫിസിൽ എട്ടുമാസം മുമ്പാണ് ജയൻ ഓഫിസറായി ചാർജെടുത്തത്. ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിനുള്ളിലെ തിരക്കിട്ട സ്ഥലം മാറ്റത്തിന് കാരണം ക്വാറിക്കെതിരെയുള്ള റിപ്പോർട്ടാണെന്ന് സംസാരമുണ്ട്. വെള്ളമുണ്ട വില്ലേജ് ഓഫിസർ സബ് കലക്ടർക്ക് സമർപ്പിച്ച മൂന്ന് റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥ ക്വാറി മാഫിയ ബന്ധം വെളിവായിരിക്കുന്നത്. പട്ടയഭൂമിയിൽ തികച്ചും നിയമാനുസൃതമായി പ്രവർത്തിക്കുന്ന ക്വാറിയാണിതെന്ന് റവന്യൂ ഉദ്യോഗസ്ഥർ മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. സർക്കാർ ഭൂമിയിലാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന് കാണിച്ച് പ്രദേശത്തെ ആദിവാസികൾ 2012 മുതൽ സമരമാരംഭിച്ചിരുന്നു. ഇതേതുടർന്ന് വിവിധ സമയങ്ങളിൽ വെള്ളമുണ്ട വില്ലേജ് അധികൃതർ തയാറാക്കിയ റിപ്പോർട്ടുകളും ലാൻഡ് സ്കെച്ചുമാണ് പുതിയ റിപ്പോർട്ടോടെ ഇപ്പോൾ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്. ബാണാസുര മലനിരയോട് ചേർന്ന് പരിസ്ഥിതി ദുർബല പ്രദേശമായ 622/1A സർവേ നമ്പർ സർക്കാർഭൂമി കൈയേറിയാണ് ഖനനം നടത്തുന്നതെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ അനധികൃത ഖനനത്തിന് ഒത്താശ ചെയ്യുകയായിരുന്നുവത്രെ. ഇതിനായി ഒരു വ്യാജ ഭൂമി സ്കെച്ചടക്കം നിർമിച്ചു നൽകിയതായും തെളിഞ്ഞിട്ടുണ്ട്. 622/1A യിൽ 951.81 ഏക്കർ സർക്കാർ ഭൂമിയിൽനിന്ന് മുമ്പ് മൂന്ന് പട്ടയഭൂമി പതിച്ചു നൽകിയിരുന്നു. LA 21/84 ൽ ചീനിക്കോട്ടിൽ നാരായണന് ഒരേക്കർ, LA 27/86ൽ ടി.കെ. കണ്ണന് 1.65 ഏക്കർ, LA 12/69ൽ പി.പി. കുട്ടപ്പന് 1.50 ഏക്കർ എന്നിങ്ങനെയാണ് ഭൂമി പതിച്ചുകിട്ടിയത്. മൊത്തം 415 ഏക്കർ വരുന്ന ഇൗ പട്ടയ ഭൂമി സർക്കാറിൽനിന്ന് ലീസിന് വാങ്ങിയാണ് ക്വാറി പ്രവർത്തനം തുടങ്ങിയത്. ഒരിക്കലും യോജിപ്പിക്കാൻ കഴിയാത്ത ഒരു കുന്നി​െൻറ മൂന്നുവശത്തായി നിലനിൽക്കുന്ന മൂന്ന് ഭൂമികൾ ഒരുമിച്ചുചേർത്ത് സ്കെച്ച് തയാറാക്കിയാണ് അനധികൃത ഖനനം തുടരുന്നതെന്ന് നാട്ടുകാർ മുമ്പ് തന്നെ പരാതി പറഞ്ഞിരുന്നു. അധികൃതരുടെ നിലപാട് ചോദ്യംചെയ്ത് സാമൂഹികപ്രവർത്തകർ കോടതി കയറിയതോടെയാണ് മുമ്പത്തെ സ്കെച്ചും റിപ്പോർട്ടും തിരുത്തി പുതിയ വില്ലേജ് അധികൃതർ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. മൂന്ന് പട്ടയഭൂമികളും വ്യത്യസ്ത സ്ഥലത്താണെന്ന് സബ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് ഇതി​െൻറ പ്രവർത്തനം പരിസ്ഥിതിക്ക് വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ക്വാറിയോട് ചേർന്ന ആദിവാസി വീടുകൾക്കും ഇത് ഭീഷണിയാണെന്നും നിയമപ്രകാരമുള്ള അകലത്തിലല്ല ഖനനം നടക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആദിവാസി ഭൂമിയിൽനിന്നും കേവലം ഏഴു മീറ്റർ മാത്രമാണ് ക്വാറി പ്രവർത്തിക്കുന്ന ഭൂമിയിലേക്കുള്ള ദൂരം. ആദിവാസി വീട്ടിൽ നിന്നും 47 മീറ്റർ മാത്രമാണ് ഇപ്പോൾ ഖനനം നടക്കുന്ന സ്ഥലത്തേക്കുള്ള ദൂരമെന്നും തയാറാക്കിയ പുതിയ ലൊക്കേഷൻ സ്കെച്ചിൽ പറയുന്നു. ക്വാറിയിൽനിന്നുള്ള സ്ഫോടനത്തിൽ ആദിവാസി വീടുകൾ തകർച്ചയിലാണ്. പല വീടുകളുടെയും ചുവരും ജനൽചില്ലുകളും പാറക്കല്ല് തെറിച്ചുവീണ് തകർന്നിട്ടുണ്ട്. 1985-86 കാലഘട്ടങ്ങളിലാണ് ഇവിടെ ഭൂമിക്ക് പട്ടയം അനുവദിക്കുന്നത്. ലൂക്കോസ് എന്ന വ്യക്തിയുടെ ഭൂമി വാങ്ങി ഇതി​െൻറ മറവിൽ ഉടമസ്ഥരില്ലാതെ കിടന്ന പാറക്കെട്ട് നിറഞ്ഞ സർക്കാർ ഭൂമിയിലേക്ക് കൈയേറി ഖനനം നടത്തുകയായിരുന്നെന്ന് ഒടുവിൽ കൊടുത്ത വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരേക്കറോളം ഭൂമി കൈയേറി ഖനനം നടത്തിയതായും ചൂണ്ടിക്കാട്ടുന്നു. 30 വർഷത്തോളം പഴക്കമുള്ള ആദിവാസി വീടുകൾ ഇവിടെയുണ്ടായിരിക്കെ ട്രൈബൽ വകുപ്പ് ഇവിടെ വീടുകളില്ലെന്ന് പറഞ്ഞ് റിപ്പോർട്ട് കൊടുത്തതാണ് ക്വാറിക്ക് ലൈസൻസ് ലഭിക്കാൻ ഇടയാക്കിയതെന്നും പരാതിയുണ്ട്. ലീസിന് എടുത്ത ഭൂമിയായതിനാൽ 4.15 ഏക്കർ ക്വാറി ഭൂമിയിൽ എവിടെനിന്നും ഖനനം നടത്താം എന്ന ചട്ടം ദുരുപയോഗം ചെയ്താണ് ആദിവാസി വീടിനോട് ചേർന്ന് ഖനനം നടത്തുന്നത്. പരാതികൾ നേരിട്ടുകണ്ട് ബോധ്യപ്പെടുന്നതിന്ന് സബ് കലക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വിവാദഭൂമി അളന്നിരുന്നു. വെള്ളമുണ്ട വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഭൂമി അളന്ന സർവേയറും അംഗീകരിച്ചതായി സൂചനയുണ്ട്. ഈ റിപ്പോർട്ടുകൾ അംഗീകരിച്ചുകൊണ്ട് ലൈസൻസ് പുതുക്കരുതെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് സബ് കലക്ടർ കത്തും നൽകിയിരുന്നു. സർക്കാർ ഭൂമി കൈയേറി തികച്ചും നിയമം ലംഘിച്ച് നടത്തുന്ന ക്വാറി ആദിവാസികളുടെ ജീവനും പരിസ്ഥിതിക്കും ദോഷമാണെന്ന വില്ലേജ് ഓഫിസറുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ സബ് കലക്ടർ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകിയാൽ ക്വാറി അടച്ചുപൂട്ടേണ്ടി വരും. ഇതിനിടെയാണ് വില്ലേജ് ഓഫിസറെ സ്ഥലം മാറ്റിയിരിക്കുന്നത്. സബ് കലക്ടറെ മാറ്റാനുള്ള നീക്കവും ഭരണ തലത്തിൽ നടക്കുന്നതായി മുമ്പുതന്നെ ആക്ഷേപമുയർന്നിരുന്നു. വിശദമായ അന്വേഷണവും ഭൂമി അളന്നു തിരിക്കലും വൈകിപ്പിച്ച് കിട്ടാവുന്ന പ്രകൃതി വിഭവങ്ങൾ കടത്തുക എന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. THUWDL1 ബാണാസുര ക്വാറി ഭൂമി കഴിഞ്ഞദിവസം അളന്നപ്പോൾ THUWDL2 ബാണാസുര ക്വാറി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT