ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിെൻറ നിലവാരം മെച്ചപ്പെടുത്തുന്നതിന് രൂപംകൊടുത്ത യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ പിരിച്ചുവിട്ട് ഉന്നത വിദ്യാഭ്യാസ കമീഷൻ രൂപവത്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇതിനായി 1951ലെ യു.ജി.സി നിയമം പിൻവലിച്ച് ഹയർ എജുക്കേഷൻ കമീഷൻ ഒാഫ് ഇന്ത്യ (എച്ച്.ഇ.സി.െഎ) രൂപവത്കരിക്കുന്നതിനുള്ള പുതിയ നിയമത്തിെൻറ കരട് കേന്ദ്രം തയാറാക്കി മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ജൂലൈ ഏഴുവരെ ഭേദഗതി നിർദേശിക്കാം. പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമേൽ വിപുലമായ അധികാരമുള്ള യു.ജി.സിയുടെ ഘടന മാറ്റി സ്ഥാപനങ്ങൾക്കുള്ള ധനസഹായം മാനവ വിഭവശേഷി വികസന മന്ത്രാലയത്തിലേക്ക് മാറ്റിയാണ് പുതിയ ഉന്നത വിദ്യാഭ്യാസ കമീഷൻ വരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലുള്ള ഇടപെടൽ പരമാവധി കുറച്ച് ഉന്നത വിദ്യാഭ്യാസത്തിെൻറ നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ ൈകക്കൊള്ളുകയായിരിക്കും കമീഷെൻറ ദൗത്യം. ഉദ്ദിഷ്ടനിലവാരത്തിനു യത്നിക്കാത്തവർക്കും വീഴ്ചവരുത്തുന്നവർക്കും മൂന്നുവർഷം വരെ തടവും പിഴയുമടക്കമുള്ള ശിക്ഷ വിധിക്കാൻ വരെയുള്ള അധികാരവും കമീഷന് നൽകുന്നുണ്ട്. കേന്ദ്രത്തിൽനിന്ന് ഉന്നതവിദ്യാഭ്യാസം, നൈപുണ്യവികസന മന്ത്രാലയം, ശാസ്ത്ര-സാേങ്കതിക വകുപ്പ് സെക്രട്ടറിമാർ കമീഷൻ അംഗങ്ങളായിരിക്കും. എ.െഎ.സി.ടി.ഇ, എൻ.സി.ടി.ഇ ചെയർപേഴ്സന്മാർ, അക്രഡിറ്റേഷൻ സ്ഥാപനങ്ങളുടെ രണ്ടു ചെയർേപഴ്സന്മാർ, അക്കാദമിക മികവിലുള്ള രണ്ടു കലാശാലകളുടെ വൈസ് ചാൻസലർമാർ, രണ്ടു പ്രഫസർമാർ, ഒരു വ്യവസായ പ്രമുഖൻ എന്നിങ്ങനെ 12 അംഗങ്ങളാണ് അധ്യക്ഷനും ഉപാധ്യക്ഷനും കൂടാതെ പുതിയ കമീഷനിലുണ്ടാകുക. സ്മൃതി ഇറാനി വകുപ്പു മന്ത്രിയായപ്പോൾ ആദ്യം നിയോഗിച്ച സമിതിതന്നെ യു.ജി.സിയുടെ പ്രവർത്തനം അവലോകനം ചെയ്യാനായിരുന്നു. മുൻ ചെയർപേഴ്സൻ ഹരി ഗൗതം അധ്യക്ഷനായ സമിതി പുനഃക്രമീകരണമോ പുനഃസംവിധാനമോ അല്ല, യു.ജി.സി നിയമംതന്നെ ഭേദഗതി ചെയ്ത് പുതിയ ഉന്നത വിദ്യാഭ്യാസ അതോറിറ്റി രൂപവത്കരിക്കുകയാണ് വേണ്ടതെന്ന് ശിപാർശ ചെയ്തു. ഗവേഷണപഠനത്തിനുള്ള പ്രവേശനത്തിന് അഭിരുചി പരീക്ഷ വേണമെന്നും യോഗ അടക്കമുള്ള പുരാതന പഠനങ്ങൾ കരിക്കുലത്തിെൻറ ഭാഗമാകണമെന്നതുമടക്കമുള്ള ബഹുതലസ്പർശിയായ സമ്പൂർണമാറ്റമാണ് രണ്ടു വാല്യം റിപ്പോർട്ടിൽ നിർദേശിച്ചിരുന്നത്. അതിെൻറ പ്രയോഗവത്കരണത്തിനാണ് ഇപ്പോൾ സർക്കാർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളുടെ നിയന്ത്രണത്തിനും പരിഷ്കരണത്തിനും ഒരു ഏകീകൃത ഏജൻസി എന്ന ആവശ്യം പുതിയതല്ല. 2005ൽ യു.പി.എ ഗവൺമെൻറ് സാം പിട്രോഡ അധ്യക്ഷനായി നിയമിച്ച ദേശീയ വിവര കമീഷൻ (നാഷനൽ നോളജ് കമീഷൻ) ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു സ്വതന്ത്ര നിയന്ത്രണ അതോറിറ്റി ശിപാർശ ചെയ്തിരുന്നു. ശാസ്ത്ര, മാനവിക വിഷയങ്ങളിൽ സർവകലാശാലകൾക്ക് യു.ജി.സിയും സാേങ്കതിക, മാനേജ്മെൻറ് കലാശാലകൾക്ക് മറ്റൊരു അഖിലേന്ത്യ സമിതിയും വെവ്വേറെ പ്രവർത്തിക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളിൽ ആവർത്തനവും ആശയക്കുഴപ്പവും സൃഷ്ടിക്കാനിടയാക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസത്തിലെ വിവിധ ശാഖകളെ ഒരു കൈയകലത്തിൽ ഏകോപിപ്പിക്കാൻ ഒരൊറ്റ വേദി എന്ന സങ്കൽപം ഉതകുമെന്നുമായിരുന്നു കമീഷെൻറ വിലയിരുത്തൽ. ഭരണപരമായ വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരേ സമയം യു.ജി.സിയെയും എ.െഎ.സി.ടി.ഇയെയും ആശ്രയിക്കേണ്ടിവരുന്നത് പ്രവർത്തനരംഗത്ത് പ്രയാസം സൃഷ്ടിക്കുന്നുവെന്ന ആക്ഷേപം പലപ്പോഴായി ഉയർന്നതും കമീഷൻ ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി അഴിച്ചുപണിയാൻ ആവശ്യപ്പെട്ട 2009ലെ യശ്പാൽ കമ്മിറ്റിയുടെ പഠനറിപ്പോർട്ടും പൊതുവിദ്യാഭ്യാസത്തെയും പ്രഫഷനൽ വിദ്യാഭ്യാസത്തെയും ഭരണതലത്തിൽ വേർതിരിക്കുന്നതിലെ അർഥമില്ലായ്മ ചൂണ്ടിക്കാട്ടുകയും എല്ലാം ദേശീയതലത്തിലെ ഉന്നത വിദ്യാഭ്യാസ അതോറിറ്റിയുടെ കുടക്കീഴിൽ കൊണ്ടുവരണമെന്ന് ശിപാർശ ചെയ്യുകയും ചെയ്തു. ഇതെല്ലാം മുന്നിൽവെച്ചാണ് കഴിഞ്ഞ വർഷം കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയവും നിതി ആയോഗും ചേർന്ന് ഹയർ എജുക്കേഷൻ എംപർമെൻറ് െറഗുലേഷൻ അതോറിറ്റി (ഹീര)ക്ക് രൂപം നൽകാൻ തീരുമാനിച്ചത്. 2017ലെ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ഗവൺമെൻറ് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. നിതി ആയോഗും പ്രധാനമന്ത്രിയുടെ ഒാഫിസുമായും ബന്ധപ്പെട്ട് ഇതിനുള്ള നീക്കം നടത്തി. യു.ജി.സി, െഎ.െഎ.സി.ടി.ഇ, നാഷനൽ കൗൺസിൽ ഒാഫ് ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ), വിദൂരവിദ്യാഭ്യാസ സമിതി (ഡി.സി.ഇ) എന്നിവയെ 'ഹീര'യുടെ കീഴിൽ കൊണ്ടുവരാനായിരുന്നു പദ്ധതി. എന്നാൽ, മാസങ്ങൾക്കുശേഷം ഗവൺമെൻറ് പിറകോട്ടുപോയി. യു.ജി.സിയെയും എ.െഎ.സി.ടി.ഇയെയും കൂട്ടിക്കെട്ടാൻ പരിപാടിയില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന സഹമന്ത്രി കഴിഞ്ഞ ആഗസ്റ്റിൽ രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി. അപ്പോഴും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു ഏക നിയന്ത്രണ അതോറിറ്റി എന്ന ആശയം ഗവൺമെൻറ് തള്ളിക്കളഞ്ഞിരുന്നില്ല. എന്നാൽ, ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് ഇതുവരെ ഉയർന്ന ആവശ്യങ്ങൾ നിവർത്തിക്കുന്ന സമഗ്രമായൊരു സംവിധാനമല്ല. യു.ജി.സിയിൽനിന്നു 'ജി' (ഗ്രാൻറ് അഥവാ ധനസഹായം) ഉൗരിയെടുക്കുകയാണ് ഫലത്തിൽ സംഭവിച്ചതെന്ന നിരീക്ഷണത്തിൽ ശരിയുണ്ട്. ഫണ്ടു വിതരണവും നിയന്ത്രണവും ഒരൊറ്റ ഏജൻസി നടത്തുന്നത് ശരിയല്ലെന്നാണ് കേന്ദ്രത്തിെൻറ വിലയിരുത്തൽ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ധനസഹായം കേന്ദ്ര സർക്കാറിെൻറ പൊതുഫണ്ട് വിതരണത്തിനുള്ള ഡിജിറ്റൽ സംവിധാനമായ പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെൻറ് സിസ്റ്റത്തിലേക്ക് മാറ്റാനാണ് കേന്ദ്രം ആലോചിക്കുന്നത്. സാമ്പത്തിക ക്രയവിക്രയങ്ങളുടെ കേന്ദ്രീകരണത്തിന് നരേന്ദ്ര മോദി സർക്കാർ കാണിക്കുന്ന പ്രത്യേകതാൽപര്യം ഇപ്പോൾതന്നെ വിവാദവിധേയമാണ്. യു.ജി.സി നിയമം ഭേദഗതി ചെയ്യും മുമ്പുതന്നെ ധനസഹായപരിപാടികൾ കേന്ദ്രം നിർത്തിവെക്കുകയോ മരവിപ്പിക്കുകയോ ചെയ്തിരുന്നു. ഇതോടെ കേന്ദ്ര സർവകലാശാലകളിലടക്കം ഫീസ് നിരക്കിൽ വൻ വർധനയാണുണ്ടായത്. ഭരണനിർവഹണ വിഭാഗംപോലും സ്വകാര്യവത്കരിക്കാൻ ശ്രമം തുടങ്ങിയ മോദി സർക്കാർ വിദ്യാഭ്യാസരംഗത്തും പൊതു-സ്വകാര്യ പങ്കാളിത്തം മുന്നോട്ടുവെക്കുന്നുണ്ട്. സർവകലാശാലകൾക്കുള്ള ഫണ്ട് കൈകാര്യം കേന്ദ്രത്തിെൻറ കൈയിലെത്തുന്നതോടെ ഇത് എളുപ്പമായിത്തീരും. യു.ജി.സിയുടെ ഫണ്ട് വിനിയോഗത്തിൽ അഴിമതിയാരോപണം എപ്പോഴുമുള്ളതാണ്. എന്നാൽ, ഗ്രാൻറ് അധികാരം കേന്ദ്രത്തിനായിത്തീരുന്നതോടെ രാഷ്ട്രീയ താൽപര്യങ്ങൾകൂടി ഉന്നത കലാലയ നടത്തിപ്പിനെ നേരിട്ടു ബാധിക്കുമെന്നുറപ്പാണ്. ഉന്നത വിദ്യാഭ്യാസത്തിെൻറ സ്വകാര്യവത്കരണം, കേന്ദ്രം പ്രത്യേക താൽപര്യമെടുക്കുന്ന കാവിവത്കരണത്തിനുകൂടി ഇടയാക്കും. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട നിയമത്തിന് ഇൗ പഴുതുകളൊക്കെയുണ്ട്. അതിനാൽ ഉന്നത വിദ്യാഭ്യാസ രംഗം അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നു കരുതാൻ മാത്രം സുതാര്യമല്ല സർക്കാറിെൻറ ചുവടുകൾ. അതിനാൽ പുതിയ പരിഷ്കാരങ്ങൾ സദുദ്ദേശ്യപരമാണ് എന്നു സുതരാം തെളിയിക്കേണ്ടത് സർക്കാർ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.