'സംഭാഷണം അടര്‍ത്തിയെടുത്ത് എഴുതിയ ആളുടെ വായില്‍ തിരുകുന്നത് ശരിയല്ല' കോഴിക്കോട്: ഹൈന്ദവതയുടെ പേരില്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവരാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരുനിൽക്കുന്നതെന്ന് കവി സച്ചിദാനന്ദന്‍. രാജ്യത്തിെൻറ സര്‍ഗാത്മക പാരമ്പര്യത്തിെൻറ അംശത്തെ നിശ്ശബ്ദമാക്കാനും വിവേചനങ്ങളുടെ ദുഷ്പാരമ്പര്യത്തെ പോഷിപ്പിക്കാനുമാണ് ഹിന്ദുവക്താക്കളെന്ന പേരില്‍ വരുന്ന ഇൗ കക്ഷികളുടെ ശ്രമമെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് സാംസ്‌കാരിക വേദി സംഘടിപ്പിച്ച 'എഴുത്തിലെ സ്ത്രീവിരുദ്ധതയും മീശയുടെ രാഷ്ട്രീയവും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരുടെയും കലാകാരന്മാരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യം സന്ധിയില്ലാത്തതാണ്. അതിനെയാണ് ഇന്ന് ചോദ്യം ചെയ്യുന്നത്. പലഘട്ടത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ വിമർശനമുണ്ടായിട്ടുണ്ട്. എന്നാൽ, എഴുത്തുകാരനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുന്നതെല്ലാം അടുത്ത കാലത്താണ് വർധിച്ചത്. കഥയെ കഥയും നോവലിനെ നോവലുമായി കാണാന്‍ എല്ലാവരും ശീലിക്കണം. അല്ലാതെ കഥാപാത്രത്തിെൻറ സംഭാഷണം അടര്‍ത്തിയെടുത്ത് എഴുതിയ ആളുടെ വായില്‍ തിരുകുന്നത് ശരിയല്ല. 'മീശ' നോവലെഴുതിയ എസ്. ഹരീഷിനെതിരെയുണ്ടായ പ്രധാന പ്രസ്താവന യോഗക്ഷേമസഭയിൽ നിന്നാണ്. പുരോഗമന ചിന്താഗതിക്കാരായ വി.ടി. ഭട്ടതിരിപ്പാടും ഇ.എം.എസുമെല്ലാം വളർത്തിയ സംഘടനയാണിത്. അന്ന് വി.ടി. ഉയർത്തിയ പ്രധാന മുദ്രാവാക്യം നമ്പൂതിരിയെ മനുഷ്യനാക്കണമെന്നായിരുന്നു. എന്നാൽ, അന്നാരും വി.ടിയുടെ കൈവെട്ടുമെന്ന് പറഞ്ഞില്ല. ഇന്ന് ഒരുവിഭാഗം ആളുകൾ മതത്തെ അതിെൻറ ആത്മീയത ചോർത്തി വർഗീയമാക്കുകയാണ്. മതത്തെ രാഷ്ട്രീയ ഉപകരണവും അധികാര ഉപാധിയുമാക്കിയവരാണ് എഴുത്തുകാരെനതിരെ രംഗത്തുവന്നതെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു. സാഹിത്യ കൃതികളോട് സ്നേഹവും ബഹുമാനവും കാണിക്കുന്നതാണ് കേരളത്തിെൻറ പാരമ്പര്യമെന്നും എഴുത്തുകാരനെ ഭീഷണിപ്പെടുത്തിയതിലൂടെ ആ പാരമ്പര്യത്തിന് തല കുനിക്കേണ്ടിവന്നുവെന്നും എഴുത്തുകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു. പ്രസിഡൻറ് എ.കെ. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. പി.കെ. പാറക്കടവ്, അര്‍ഷാദ് ബത്തേരി, ജാനമ്മ കുഞ്ഞുണ്ണി, സി.എസ്. മീനാക്ഷി എന്നിവര്‍ സംസാരിച്ചു. കെ.വി. ശശി സ്വാഗതവും വിജീഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.