ജനകീയ ജീപ്പ് തർക്കം: തഹസിൽദാർ വിളിച്ച യോഗത്തിലും തീരുമാനമായില്ല

ചർച്ച ഇനി ചൊവ്വാഴ്ച ആയഞ്ചേരി: ജനകീയ ജീപ്പ് സംബന്ധിച്ച തർക്കം ചർച്ചചെയ്യാൻ വടകര തഹസിൽദാർ വിളിച്ചുചേർത്ത യോഗത്തിലും തീരുമാനമായില്ല. നിർദേശങ്ങൾ അംഗീകരിക്കാൻ ജനകീയ ജീപ്പ് കമ്മിറ്റിയോ ഓട്ടോ തൊഴിലാളി യൂനിയനോ തയാറായില്ല. ഇതുസംബന്ധിച്ച കാര്യങ്ങൾ കൂടുതൽ ചർച്ചചെയ്യാൻ ചൊവ്വാഴ്ച വൈകീട്ട് ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ യോഗം നടക്കും. അരൂർ മുള്ളൻമുക്കിൽനിന്നും അരൂർ ഉദയ ക്ലബിനു സമീപത്തുനിന്ന് ആയഞ്ചേരിയിലേക്ക് സർവിസ് നടത്തുന്ന ജനകീയ ജീപ്പുകൾക്ക് ഓട്ടോ തൊഴിലാളികളുടെ എതിർപ്പു കാരണം ഇതുവരെ ആയഞ്ചേരി ടൗൺ വരെ സർവിസ് നടത്താൻ സാധിച്ചിട്ടില്ല. അരൂർ മുള്ളൻമുക്കിൽനിന്നുള്ള ജീപ്പ് ആയഞ്ചേരി ടൗണിനടുത്തുള്ള കേരള ഹോട്ടൽ വരെയും അരൂർ ഉദയ ക്ലബിനു സമീപത്തുനിന്നുള്ള ജീപ്പ് തലപ്പൊയിൽ മുക്കുവരെയുമാണ് ഇപ്പോൾ ഓടുന്നത്. ജീപ്പിൽ വരുന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള യാത്രക്കാർ 600 മീറ്ററോളം ടൗണിലേക്ക് നടക്കേണ്ട സ്ഥിതിയാണുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനകീയ ജീപ്പ് കമ്മിറ്റി കഴിഞ്ഞദിവസം ആയഞ്ചേരി ടൗണിൽ വിശദീകരണ പൊതുയോഗം നടത്തിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആയഞ്ചേരി ടൗൺവരെ ഓടാൻ ജനകീയ ജീപ്പ് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പ്രശ്നം പരിഹരിക്കാൻ തഹസിൽദാർ യോഗം വിളിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ, വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത്, ജില്ല പഞ്ചായത്ത് അംഗം ടി.കെ. രാജൻ, കെ. സോമൻ, കെ.കെ. നാരായണൻ, കെ. സജീവൻ, യു.വി. ചാത്തു, ഹമീദ് കരുവാങ്കണ്ടി, വി.കെ. ഹമീദ്, കെ.വി. രാമചന്ദ്രൻ, സി.പി. നിധീഷ്, ഇ. നാരായണൻ നായർ, പുതുശ്ശേരി രാജൻ, ടി. ശ്രീധരൻ, എം.എ. ഗഫൂർ, ഒ. ബിജു, എൻ.ടി. രാജേഷ്, പി. പ്രദീഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT