വ്യാജ ഹോമിയോമരുന്ന്​ നൽകി ട്യൂമറിന് ചികിത്സ; യുവാവ് അറസ്​റ്റിൽ

നാദാപുരം: തലയിലെ ട്യൂമര്‍ ഭേദമാക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തൊട്ടില്‍പാലം നാഗംപാറ സ്വദേശി വിജയനാണ് അറസ്റ്റിലായത്. നാലുമാസം മുമ്പാണ് തൂണേരി സ്വദേശിനിയായ വീട്ടമ്മക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തലയ്ക്ക് ട്യൂമര്‍ ബാധിച്ചതായി വ്യക്തമായത്. ഇതേത്തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സ തേടാന്‍ നിർദേശിക്കുകയായിരുന്നു. ഇതിനിടയിലാണ് ഹോമിയോ ചികിത്സ നടത്തുന്ന വിജയനെ കാണാനെത്തുന്നത്. തുടര്‍ന്ന് ഇയാള്‍ മരുന്നെന്ന വ്യാജേന മാര്‍ക്കറ്റില്‍ ലഭിക്കുന്ന പ്രോട്ടീന്‍ പൗഡറും മറ്റും ഇവര്‍ക്ക് എഴുതി നല്‍കുകയായിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ മരുന്ന് ഇയാള്‍ വീട്ടമ്മയ്ക്ക് വാങ്ങിച്ച് നല്‍കിയത്രെ. നാല് മാസത്തോളം വിജയന്‍ 'ചികിത്സ' നടത്തി. എന്നാൽ അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് വീണ്ടും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോള്‍ ഹോമിയോ ചികിത്സ നടത്തുകയാണെന്ന് വീട്ടുകാര്‍ ഡോക്ടറോട് പറയുകയും കഴിക്കുന്ന മരുന്നുകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. അപ്പോഴാണ് ഹോമിയോ മരുന്നെന്ന വ്യജേന നല്‍കിയത് മാര്‍ക്കറ്റില്‍ ഓണ്‍ ലൈന്‍ വഴി ലഭിക്കുന്ന പ്രോട്ടീന്‍ പൗഡറും മറ്റുമാണെന്ന് വ്യക്തമായത്. ഇതോടെ വീട്ടുകാര്‍ വിജയനുമായി ബന്ധപ്പെട്ട് തന്ത്രപരമായി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഐ.പി.സി 406, 420 വകുപ്പുകള്‍ പ്രകാരം വിശ്വാസവഞ്ചനക്കും ചതിക്കുമാണ് ഇയാള്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT