ബേപ്പൂർ: ഉൾക്കടലിൽ മീൻപിടിക്കുന്നതിനിടെ വെള്ളം കയറി അപകടത്തിലായ ബോട്ടും തൊഴിലാളികളെയും കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. തിങ്കളാഴ്ച അർധരാത്രി രണ്ടോടെയാണ് സംഭവം. കഴിഞ്ഞ പത്തിന് മുനമ്പം ഹാർബറിൽ നിന്നും പുറപ്പെട്ട വിൽഫ്രഡിെൻറ ഉടമസ്ഥതയിലുള്ള 'സ്റ്റെന്നി' എന്ന ബോട്ടാണ്, ബേപ്പൂർ അഴിമുഖത്ത് നിന്ന് 35 നോട്ടിക്കൽ മൈൽ അകലെ ലക്ഷദ്വീപ് ഡയറക്ഷനിൽ മീൻപിടിക്കുന്നതിനിടയിൽ അപകടത്തിൽപെട്ടത്. അടിവശത്തെ പലകകൾക്കിടയിലൂടെ ഉള്ളിലേക്ക് വെള്ളം കയറുകയായിരുന്നു. ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന വിവരം ഉടൻ കോസ്റ്റ് ഗാർഡിനെ അറിയിച്ചു. കോസ്റ്റ് ഗാർഡിെൻറ കപ്പലിൽ രക്ഷപ്പെടുത്തിയ ബോട്ടിനെയും തൊഴിലാളികളെയും ബേപ്പൂർ അഴിമുഖം വരെ എത്തിക്കുകയായിരുന്നു. അഴിമുഖത്ത് വെച്ച് ബോട്ടിനെയും തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെൻറിെൻറ 'ഗോൾഡൻ' ബോട്ടിലേക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ അഞ്ചിനാണ് രക്ഷപ്പെടുത്തിയ ബോട്ടും തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെൻറ് ബേപ്പൂരിൽ എത്തിച്ചത്. കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്സ്മെൻറും രക്ഷപ്പെടുത്തിയ ബോട്ടിനെ ബേപ്പൂർ പുലിമുട്ടിന് സമീപം കൊണ്ടുവന്നിട്ടും ബോട്ട് പകുതിയിലധികം വെള്ളത്തിൽ താഴ്ന്ന നിലയിലായിരുന്നു. പിന്നീട് മറ്റു മത്സ്യബന്ധനബോട്ടുകളുടെ സഹായത്തോടെ മോട്ടോർ ഉപയോഗിച്ച് വെള്ളം പുറത്തേക്കു പമ്പ് ചെയ്ത് ഒഴിവാക്കിയതിനുശേഷമാണ് ബോട്ട് പൂർവസ്ഥിതിയിൽ ആയത്. സ്രാങ്ക് ഡാൻസിയുസ് (36), മുനമ്പം സ്വദേശികളായ ഡിമൂർത്തീസ് (50), ജോസഫ് ആൻറണി (46), ബസ്റ്റൺ (28), സുധാകർ (33), ജോസഫ് (55), ഗോവിന്ദ് (35), ഡിൻസൺ (47), ഗോപാൽ (25), ആനന്ദ് (35), ലീമാൻ (28), ശേഖർ (40) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.