'ശുദ്ധി'യിലൂടെ സൗത്ത് മണ്ഡലം സമ്പൂർണ മാലിന്യമുക്തമാകും

കോഴിക്കോട്: സൗത്ത് മണ്ഡലത്തെ സമ്പൂർണ മാലിന്യമുക്തമാക്കുന്ന ശുദ്ധി പദ്ധതിയുടെയും ചാലപ്പുറം മാതൃക ശുദ്ധി വാർഡ് പദ്ധതിയുടെയും പ്രഖ്യാപനം ചലച്ചിത്ര നടി പത്മപ്രിയ നിർവഹിച്ചു. മാലിന്യ സംസ്കരണം ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്നാണെന്ന് അവർ പറഞ്ഞു. കേരളത്തിൽ വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവർ പരിസര ശുചിത്വം ഗൗരവത്തിൽ കാണുന്നില്ല. എന്നാൽ, വ്യക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും വലിയ പ്രാധാന്യമർഹിക്കുന്നുവെന്ന് പത്മപ്രിയ കൂട്ടിച്ചേർത്തു. പുഷ്പ തിയറ്റർ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഒരു വർഷത്തിനുള്ളിൽ ലോകനിലവാരത്തിലുള്ള ഡിവിഷനായി ചാലപ്പുറം മാറുമെന്നും വിദ്യാർഥികളാണ് ഈ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ല കലക്ടർ യു.വി ജോസ്, പ്രഫ. ശോഭീന്ദ്രൻ, കൗൺസിലർമാരായ സി. അബ്ദുറഹ്മാൻ, നമ്പിടി നാരായണൻ, കെ. നിർമല, മിഷൻ കോഴിക്കോട് ജന.സെക്രട്ടറി കെ. മൊയ്തീൻ കോയ, എൻ. ഉദയ്കുമാർ, എം. അയ്യൂബ്, കെ.പി. മുഹമ്മദ് നൗഫൽ എന്നിവർ സംസാരിച്ചു. കൗൺസിലർ പി.എം നിയാസ് സ്വാഗതവും ശുദ്ധി കൺവീനർ സി.ടി സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. തുടർന്ന് പിന്നണി ഗായിക അപർണയുടെ നേതൃത്വത്തിൽ ഗസൽ സന്ധ്യ അരങ്ങേറി. പദ്ധതിയുടെ ഭാഗമായുള്ള മാലിന്യ സംസ്കരണ മാതൃകകളുടെ പ്രദർശനം എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ, ജില്ല ഭരണകൂടം, ശുചിത്വമിഷൻ, കുടുംബശ്രീ, വ്യാപാരി സംഘടനകൾ, എൻ.എസ്.എസ്, റെസി.അസോസിയേഷനുകൾ തുടങ്ങിയവയുടെ സഹകരണത്തോെട ഉറവിടത്തിൽ ജൈവമാലിന്യ സംസ്കരണം പ്രോത്സാഹിപ്പിച്ചും അജൈവമാലിന്യം കൃത്യമായി വീടുകളിൽനിന്ന് ശേഖരിച്ചുമാണ് ശുദ്ധിപദ്ധതി നടപ്പാക്കുക. ഓരോ വാർഡിനെയും പ്രത്യേകം സോണുകളായി തിരിച്ച് വാർഡുകളിൽ ഏരിയ തലസമിതി രൂപവത്കരിച്ച് സമിതിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.