അമ്പമ്പോ ഇതെന്തൊരു ചൂട് !

അമ്പമ്പോ ഇതെന്തൊരു ചൂട്! *ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും ജില്ലയിൽ ചൂടുകൂടി *ബുധനാഴ്ച താപനില 31ഡിഗ്രിയിലെത്തി *സൂര്യാതപത്തിനുള്ള സാധ്യത വർധിച്ചു കൽപറ്റ: വയനാട്ടിൽ ഒാരോ ദിവസം പിന്നിടുമ്പോഴും ചൂട് വർധിക്കുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിലെ ശരാശരി താപനിലയായിരുന്ന 31 ഡിഗ്രി ഇത്തവണ ഫെബ്രുവരി പകുതിയായപ്പോഴേക്കും പിന്നിട്ടു. ബുധനാഴ്ച 31 ഡിഗ്രി താപനിലയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. മറ്റു ജില്ലകളിൽ 37 മുതൽ 40 ഡിഗ്രിവരെയുള്ള ചൂട് വയനാട്ടിൽ 31 ഡിഗ്രിയിൽ നിൽക്കുമ്പോൾ അനുഭവപ്പെടുന്നുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഹ്യൂമിഡിറ്റി വയനാട്ടിൽ കൂടുതലായതിനാലാണ് പകൽസമയങ്ങളിൽപോലും കനത്ത ചൂടും അസ്വസ്ഥതയും അനുഭവപ്പെടുന്നത്. വെയിലി​െൻറ കാഠിന്യം ഏറിയതോടെ പകൽസമയങ്ങളിൽ പുറത്തുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ബുധനാഴ്ച 31 ഡിഗ്രി താപനില രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞദിവസങ്ങളിൽ 30.5, 29.4, 28.5, 27.5 എന്നിങ്ങനെയായിരുന്നു താപനില. കഴിഞ്ഞവർഷം ഫെബ്രുവരി പകുതിയിൽ 30 ഡിഗ്രിയായിരുന്നു താപനില. ഒാരോ ദിവസവും ചൂട് കൂടുന്നുണ്ടെന്നും വരുംദിവസങ്ങളിലും കുംഭച്ചൂട് കനക്കാനാണ് സാധ്യതയെന്നും അമ്പലവയൽ കാർഷിക ഗവേഷണകേന്ദ്രത്തിലെ മെറ്റീരിയൽ ഒബ്സർവർ പി. നിഖിൽ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിനിടയിൽ ഒറ്റപ്പെട്ട മഴ ലഭിക്കുകയാണെങ്കിൽ താപനില കുറയും. ഇത്തവണ ജനുവരി അവസാനത്തോടെതന്നെ 27, 28 എന്ന രീതിയിൽ താപനില ഉ‍യർന്നുതുടങ്ങിയിരുന്നു. 2017 ഫെബ്രവരിയിൽ 31.5 വരെയായിരുന്നു താപനില ഉയർന്നിരുന്നത്. ജില്ലയിലെ കാലാവസ്ഥയിലെ പ്രത്യേകത മൂലമാണ് 31 ഡിഗ്രി ചൂടിലും പുറത്തിറങ്ങി അധിക നേരം നിൽക്കാൻ കഴിയാത്തത്. അതികഠിനമായ വെയിലിൽ പുഴുങ്ങിയ അവസ്ഥയാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് ഉൾപ്പെെടയുള്ള ജില്ലകളിൽ ഇപ്പോഴും ഈ രീതിയിൽ വെയിലിന് കാഠിന്യമായിട്ടില്ല. ശരീരത്തിൽ തുളച്ചുകയറുന്ന ചൂടാണ് ജില്ലയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. വെയിലത്ത് പണിയെടുക്കുന്നവരും പുറത്തിറങ്ങുന്നവരും മുൻകരുതലുകൾ എടുക്കേണ്ട സാഹചര്യമാണുള്ളത്. ജില്ലയിൽ 30 ഡിഗ്രിക്കു മുകളിൽ താപനില ‍ഉ‍യർന്നാൽതന്നെ സൂര്യാതപത്തിനുള്ള സാധ്യതയുണ്ടെന്നതും ഗൗരവമായി കാേണണ്ടതാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ രണ്ടു മുതല്‍ അഞ്ചു ഡിഗ്രി വരെ താപനില വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ സൂര്യാതപത്തിനുള്ള സാധ്യത മുന്‍ വര്‍ഷത്തേക്കാള്‍ വളരെ കൂടുതലാണ്. ജാഗ്രത പുലർത്തണം കനത്ത െവയിലിനെതുടർന്ന് സൂര്യാതപത്തിനുള്ള സാധ്യത മുൻനിർത്തി കടുംവെയിലിൽ ജോലിയെടുക്കുന്നവർ മുൻകരുതലെടുക്കണം. കഴിഞ്ഞദിവസം സൂര്യാതപത്തെതുടർന്ന് കാട്ടിക്കുളത്ത് തൊഴിലുറപ്പ് പണിയെടുക്കുകയായിരുന്ന ചിന്നമ്മക്ക് (65) പൊള്ളലേറ്റിരുന്നു. വേനൽ കനത്ത പശ്ചാത്തലത്തിൽ ആവശ്യമായ മുൻകരുതൽ എടുക്കണം. നേരിട്ട്് സൂര്യാതപമേൽക്കുന്ന സ്ഥലത്തുള്ള ജോലികൾ നട്ടുച്ച നേരങ്ങളിൽ ഒഴിവാക്കണം. ചൂട് ആഗിരണം ചെയ്യുന്ന കറുത്ത വസ്ത്രങ്ങൾ ഒഴിവാക്കി ശരീരം പരമാവധി മൂടുന്ന വിധമുള്ള വെളുത്ത നിറമുള്ള വസ്ത്രങ്ങൾ ധരിക്കണം. സൂര്യാതപം: ലക്ഷണങ്ങൾ സൂര്യാതപം ഏൽക്കുന്നവരുടെ ത്വക്കിന് ചുവപ്പു നിറവും വേദനയും അനുഭവപ്പെടും. ചിലപ്പോള്‍ പൊള്ളലേറ്റ് ത്വക്ക് അടര്‍ന്നുപോകും. ശരീരത്തില്‍ കുമിളകള്‍ രൂപപ്പെടുന്നതും സാധാരണമാണ്. വിയര്‍ക്കാതിരിക്കുക, തലകറക്കം, ശരീരോഷ്മാവ് ക്രമാതീതമായി വർധിക്കുക, അകാരണമായ ഉത്കണ്ഠ എന്നിവയുണ്ടാകും. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ ഗുരുതരമാകാനും സാധ്യതയുണ്ട്. കനത്ത വെയിലില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍, പ്രമേഹ രോഗികള്‍, ഹൃദ്രോഗികള്‍, വൃക്കരോഗികള്‍ എന്നിവരില്‍ ഉയര്‍ന്ന താപനില ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ട്. പ്രായമേറിയവരിൽ സൂര്യാതപമേൽക്കാനുള്ള സാധ്യത കൂടുതലാണ്. വെള്ളം കുടിക്കാൻ മറക്കേണ്ട... ജില്ലയിലെ കാലാവസ്ഥയിലെ പ്രത്യേകതമൂലം ഭൂരിപക്ഷം ആളുകളും വെള്ളം കുടിക്കുന്നത് കുറവാണ്. ഇതിനാൽതന്നെ വൃക്കയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ജില്ലയിൽ കൂടുതലുമാണ്. എന്തായാലും വേനൽ കനത്തതിനാൽ 'വെള്ളംകുടി' നിർബന്ധമാണ്. നിർജലീകരണം ഒഴിവാക്കാനും സൂര്യാതപത്തിൽനിന്ന് രക്ഷനേടാനും ശുദ്ധമായ വെള്ളം കുടിക്കണം. ഒാരോ മണിക്കൂർ ഇടവിട്ട് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് സൂര്യാതപത്തെ പ്രതിരോധിക്കം. കൂടാതെ, അന്തരീക്ഷ ഊഷ്മാവ് ഏറ്റവുമധികം വർധിക്കുന്ന ഉച്ചക്ക് രണ്ടുമണി മുതൽ മൂന്നരവരെ സൂര്യരശ്മികൾ നേരിട്ട് ശരീരത്തിൽ പതിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കന്നുകാലികൾക്കും സൂര്യാതപം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ദീർഘനേരം വെയിലത്ത് കെട്ടിയിടരുത്. വെള്ളം കുടിക്കാൻ തോന്നിയില്ലെങ്കിലും വേനൽകാലത്ത് ആവശ്യമായ വെള്ളം ശരീരത്തിൽ ചെന്നില്ലെങ്കിൽ പ്രശ്നമാണ്. വിയർത്തുപോകാത്തതിനാൽ പലരും വെള്ളം കുടിക്കുന്നത് മറക്കുന്നതാണ് പതിവ്. അതിനാൽ ദാഹമില്ലെങ്കിലും ശുദ്ധമായ തണുപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ശീലമാക്കണം. -ജിനു എം. നാരായണൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.