വിദ്യാർഥികൾ എം.എൽ.എമാരായി; ചൂടൻ സംവാദങ്ങളും ഇറങ്ങിപ്പോക്കുമായി മാതൃക നിയമസഭ

കോഴിക്കോട്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മുതൽ നിയമസഭ അനിശ്ചിതകാലത്തേക്കു പിരിയുന്നതുവരെയുള്ള നിമിഷങ്ങൾ അനുകരിച്ച് മാതൃക നിയമസഭ ശ്രദ്ധേയമായി. സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചൂടൻ സംവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും നടത്തി പ്രതിപക്ഷം ഇറങ്ങിപ്പോവുന്നതുൾപ്പടെയുള്ള സംഭവങ്ങൾ അവതരിപ്പിച്ചാണ് നിയമസഭ അരങ്ങേറിയത്. വോട്ടെടുപ്പും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കലുമെല്ലാം വിദ്യാർഥി എം.എൽ.എമാർ തനിമ ചോരാതെ അവതരിപ്പിച്ചു. നിയമസഭ വജ്രജൂബിലി ആഘോഷത്തി​െൻറ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളജിലാണ് തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി മാതൃക നിയമസഭ നടത്തിയത്. നിയമസഭയുടെ തനതു മാതൃകയിൽ കുട്ടികൾ ഭരണപക്ഷവും പ്രതിപക്ഷവുമായി രണ്ട് ഭാഗത്തായി ഇരുന്ന് സ്പീക്കറുടെ നേതൃത്വത്തിലാണ് സഭ നടത്തിയത്. രണ്ട് ദിവസങ്ങളിലായി ചേർന്ന സഭയിൽ ആദ്യ ദിവസം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും അംഗങ്ങൾക്ക് അതി​െൻറ പകർപ്പ് വിതരണവും നടന്നു. ഗവ. ലോ കോളജിലെ കെ. അനസ് ആണ് ഗവർണറായി വേഷമിട്ടത്. നിയമസഭയിലേതുപോലെ മാതൃകസഭയിലെ മുഖ്യമന്ത്രിയും സ്പീക്കറും ഗവർണറെ സ്വീകരിച്ചാനയിച്ചു. കൊയിലാണ്ടി ഗവ. കോളജിലെ അഭിനന്ദ് മുഖ്യമന്ത്രിയായപ്പോൾ, കുന്ദമംഗലം ഗവ. ആർട്സ് കോളജിെല അയ്ന ഇസ്മയിൽ സ്പീക്കറായി. കോടഞ്ചേരി ഗവ. കോളജിലെ നേഹ ജോസഫായിരുന്നു പ്രതിപക്ഷ നേതാവ്. രണ്ടാം ദിവസം ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ ഉൾപ്പെടെ സഭാനടപടികൾ അതേപടി നടത്തി. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷാംഗങ്ങൾ വാക്കൗട്ട് നടത്തിയത്. പിന്നീട് ഗവർണറുടെ നന്ദിപ്രമേയത്തിന്മേലുള്ള ചർച്ചക്കും വോട്ടെടുപ്പിനും ശേഷം കുട്ടികളുടെ മാതൃക നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഭരണപക്ഷത്ത് 30 പേരും പ്രതിപക്ഷത്ത് 20 പേരുമായിരുന്നു കക്ഷിനില. നിയമസഭയുടെ പാർലമ​െൻററി പരിശീലന കേന്ദ്രത്തി​െൻറ കീഴിൽ മൂന്നുദിവസം കൊണ്ടാണ് മാതൃക നിയമസഭാംഗങ്ങൾക്ക് പരിശീലനം നൽകിയത്. ജോർജ് എം. തോമസ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. രാഷ്്ട്രീയത്തെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാട് മാറണമെന്നും നല്ല വായനയും ഉയർന്ന ജനാധിപത്യബോധവും സാംസ്കാരിക ഔന്നത്യവും ഉള്ളവരാവണം രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമെന്നും എം.എൽ.എ പറഞ്ഞു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ യു.വി ജോസ്, ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഗോഡ്്വിൻ സാമ്രാജ്, നിയമസഭ സെക്രേട്ടറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി കെ. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. ജോർജ് എം. തോമസ്, വി.കെ.സി മമ്മദ് കോയ, എ. പ്രദീപ്കുമാർ എന്നിവർ സന്ദർശക ഗാലറിയിലിരുന്നു സഭാനടപടികൾ വീക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.