വനംഭൂമി കൈമാറ്റം വയനാട്ടുകാർ കാത്തിരുന്ന അനുമതി ലഭിച്ചു: ഇനി വേണ്ടത് ഊർജിത പ്രവർത്തനം

വൈത്തിരി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ താമരശ്ശേരി ചുരം റോഡും വളവുകളും വീതി കൂട്ടാൻ വനം വകുപ്പ് സ്ഥലം വിട്ടുകൊടുത്തുവെന്ന വാർത്ത വയനാട്ടുകാർക്ക് പ്രതീക്ഷയാകുന്നു. വർഷങ്ങളായി ബ്ലോക്കിൽപെട്ട് ചുരത്തിലെ ദുരിതംപേറുന്ന വയനാട്ടുകാർ ഏറെ കാത്തിരുന്ന തീരുമാനമാണ് കഴിഞ്ഞദിവസമെത്തിയത്. വളവുകൾ പൊട്ടിപ്പൊളിഞ്ഞതോടെ കഴിഞ്ഞ വർഷം ബ്ലോക്കിൽപ്പെട്ട് ചുരം കടക്കാൻ മണിക്കൂറുകളുമെടുത്തു. ഇതിനിടയിൽ സമരങ്ങളും പ്രതിഷേധങ്ങളും ശക്തമായി. ചുരത്തിലെ മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, വളവുകൾ വീതികൂട്ടുന്നതിന് ആവശ്യമായ രണ്ടേകാൽ ഏക്കർ കൈമാറുന്ന രേഖ വനംവകുപ്പിൽനിന്നും ദേശീയപാത അധികൃതർക്ക് കഴിഞ്ഞ ദിവസം ലഭിച്ചതോടെ വീണ്ടും വയനാട്ടുകാർ പ്രതീക്ഷയുടെ ചുരം ക‍യറുകയാണ്. ചുരം വളവുകൾ വീതികൂട്ടി ഇൻറർലോക്ക് പതിക്കണമെന്ന ദീർഘനാളായുള്ള ആവശ്യമാണ് ഇതോടെ യഥാർഥ്യമാകുക. അതിനുള്ള ഫണ്ടുകൾ കൃത്യമായി അനുവദിക്കുകയും നടപടികൾ വേഗത്തിലാക്കുകയുമാണ് ഇനി വേണ്ടത്. ചുരം നവീകരണത്തിന് ആവശ്യമായ സ്ഥലം വനം വകുപ്പിൽ നിന്നും ഇതുവരെ വിട്ടുകിട്ടാത്തതിനാൽ ഉള്ള സ്ഥലത്തെ അറ്റകുറ്റപണികൾ നടത്തി വരുകയായിരുന്നു ദേശീയ പാത അധികൃതർ. വനംവകുപ്പി​െൻറ അനുമതിക്കായി ഒമ്പതു വർഷമായി പി.ഡബ്ല്യു.ഡി എൻജിനീയർമാർ പ്രവർത്തിക്കുന്നു. പലവിധ കാരണങ്ങൾ പറഞ്ഞ് വനം വകുപ്പ് വനം വിട്ടുകൊടുക്കുന്നതു താമസിപ്പിക്കുകയായിരുന്നു. രണ്ടേകാൽ ഏക്കർ സ്ഥലത്തിനുള്ള 32 ലക്ഷത്തിലധികം രൂപ നൽകിയാണ് വനം വകുപ്പിൽ നിന്നും എൻ.എച്ച് അധികൃതർ ഏറ്റെടുക്കുന്നത്. ചുരത്തിലെ ഒമ്പതു ഹെയർപിൻ വളവുകളിൽ രണ്ട്, നാല്, ഒമ്പത് വളവുകൾ ആവശ്യമായ വീതിയിൽ ഇൻറർലോക്ക് ചെയ്തവയാണ്. അതുകൊണ്ടുതന്നെ ഈ വളവുകളിൽ വർഷംതോറും അറ്റകുറ്റപണി ആവശ്യമാകാറില്ല. മൂന്നാം വളവി​െൻറയും അഞ്ചാം വളവി​െൻറയും നവീകരണത്തിനുള്ള ടെൻഡർ നാഥ് കൺസ്ട്രക്ഷന് നൽകിയിട്ടുള്ളതിനാൽ ഈ രണ്ടു വളവുകളുടെ നവീകരണ പ്രവൃത്തി ആയിരിക്കും ആദ്യം നടക്കുക. വർക് ഓർഡറിൽ ഇൻറർലോക്ക് ഉൾപ്പെടാത്തതിനാൽ ഇതിനായി പുതിയ ടെൻഡർ വിളിക്കേണ്ടി വരും. വനംവകുപ്പിൽനിന്നും ലഭിച്ച സ്ഥലത്തെ മരം മുറിച്ചു നീക്കംചെയ്യുന്ന പ്രവൃത്തിയായിരിക്കും ആദ്യം നടക്കുക. തുടർന്ന് മൂന്നാം വളവും അഞ്ചാം വളവും വീതികൂട്ടി ടാറിങ് നടത്തും. വളവുകൾ വീതി കൂട്ടുന്നതിനോടൊപ്പം വ്യൂ പോയിൻറിനടത്തും ഒമ്പതാം വളവിനു താഴെ വൈദ്യുതി ടവറിനടുത്തും റോഡ് വീതി കൂട്ടാനും പദ്ധതിയുണ്ട്. പൊട്ടിപ്പൊളിഞ്ഞ ചുരം റോഡ് ഇക്കഴിഞ്ഞ ജനുവരിയിലാണ് ഏറെ നാളത്തെ സമരങ്ങൾക്കും സമ്മർദങ്ങൾക്കും ടാറിട്ട് നന്നാക്കിയത്. ചുരത്തിലെ ദുരിതം വ്യക്തമാക്കി നേരത്തേ 'മാധ്യമം' പരമ്പരകളും ലൈവുകളും പ്രസിദ്ധീകരിച്ചിരുന്നു. ചുരം റോഡ് നവീകരണനത്തിനുവേണ്ടി വനം വകുപ്പ് സ്ഥലം വിട്ടുകൊടുത്തത് ഏറെ സന്തോഷകരമാണെന്ന് വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി പറഞ്ഞു. പ്രവൃത്തി എത്രയും പെട്ടെന്ന് തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ജില്ലയുടെ പുരോഗതിക്ക് കാരണമാകുന്ന ചുരം റോഡും വളവുകളും വീതി കൂട്ടി നവീകരിക്കുന്നതിന് വനം വകുപ്പ് സ്ഥലം വിട്ടുനൽകുന്നതിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ വയനാട് ഡെവലപ്മ​െൻറ് ഫോറം അഭിനന്ദിച്ചു. ചുരം വീതികൂട്ടാനുള്ള നടപടികളിൽ പുരോഗതിയുണ്ടായതിൽ ചുരം സംരക്ഷണ സമിതി പ്രവർത്തകരും സന്തോഷത്തിലാണ്. പോക്സോ ജില്ലതല പരിശീലനം കൽപറ്റ: ജില്ല ശിശുസംരക്ഷണ യൂനിറ്റി​െൻറയും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കുമുള്ള പോക്സോ നിയമ ബോധവത്കരണ പരിപാടി പുൽപള്ളി ഐ.സി.ഡി.എസ് ഹാളിൽ നടന്നു. ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.പി. സുനിത ഉദ്ഘാടനം ചെയ്തു. ജില്ല ശിശുസംരക്ഷണ ഓഫിസർ കെ.കെ. പ്രജിത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. വി.എം. ജോയി, ജില്ല ശിശുസംരക്ഷണ യൂനിറ്റ് സ്ഥാപനേതര സംരക്ഷണ ഓഫിസർ പി.എം. അസ്മിത, സ്ഥാപന സംരക്ഷണ ഓഫിസർ വിക്ടർ ജോൺസൺ എന്നിവർ ക്ലാസെടുത്തു. ചടങ്ങിൽ ജില്ല ശിശുസംരക്ഷണ യൂനിറ്റി​െൻറ നേതൃത്വത്തിൽ പോക്സോ നിയമ ബോധവത്കരണത്തിനായി നിർമിച്ച 'അസ്തമയം' ഹ്രസ്വചിത്രവും പ്രദർശിപ്പിച്ചു. ജില്ല ശിശുസംരക്ഷണ യൂനിറ്റിലെ സോഷ്യൽവർക്കർ അഖില രാജഗോപാൽ, പനമരം അഡീഷനൽ സി.ഡി.പി.ഒ പി.എം. വൽസ, ജില്ല ശിശുസംരക്ഷണ യൂനിറ്റിലെ ഔട്ട്റീച്ച് വർക്കർ എം.വി. അഖിലേഷ്, പുൽപള്ളി ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.കെ. ഗിരിജ എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽപരിശീലനം കൽപറ്റ: ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപമുള്ള കൃപ തൊഴിൽ പരിശീലന കേന്ദ്രത്തിൽ അസ്ഥിസംബന്ധ വൈകല്യമുള്ള യുവാക്കൾക്ക് താമസ സൗകര്യവും ഭക്ഷണവും ഉൾെപ്പടെ സൗജന്യ തൊഴിൽപരിശീലനം നൽകുന്നു. മൊബൈൽ ഫോൺ റിപ്പയറിങ്, കമ്പ്യൂട്ടർ കോഴ്സ്, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സർവിസ്, അസംബ്ലിങ്, ബുക്ക് ബൈൻഡിങ്, കുട നിർമാണം, മെഴുകുതിരി നിർമാണം, ക്രാഫ്റ്റ് വർക്ക് എന്നിവയിലാണ് പരിശീലനം. പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 9961617117. വെബ് സൈറ്റ്: www.kriparajagiri.org.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.