താമരശ്ശേരി: മെഡിക്കൽപഠനത്തിന് അഡ്മിഷൻ നേടിയ മിടുക്കിക്ക് ഫീസ് അടക്കാൻ സാധിക്കാത്തതിനാൽ പഠനം മുടങ്ങി. മടവൂർ ഗ്രാമപഞ്ചായത്തിലെ ആരാമ്പ്രം ഒതയങ്ങോത്ത് സുജാതയുടെ മകൾ അബിഷയാണ്(20) ഈ ഹതഭാഗ്യ. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് ലഭിച്ചിട്ടും ഫീസടക്കാൻ പണമില്ലാത്തതിനാൽ മെഡിക്കൽ പ്രവേശനം മുടങ്ങിയതിെൻറ സങ്കടത്തിലാണ് അബിഷയും കുടുംബവും. ബി.ഡി.എസ് കോഴ്സിനുള്ള സ്പോട്ട് അഡ്മിഷനിൽ രണ്ട് ലക്ഷത്തിതൊണ്ണൂറായിരം രൂപ അടക്കാൻ പരീക്ഷ കമീഷണർ പറഞ്ഞപ്പോൾ കൈമലർത്താനേ അബിഷയുടെ മാതാവിന് കഴിഞ്ഞുള്ളൂ. തിരിച്ചുപോന്ന ഇവർ അഡ്മിഷന് സഹായിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ലെന്ന് അബിഷയുടെ മാതാവ് സുജാത പറഞ്ഞു. എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസും പ്ലസ് ടുവിന് 94 ശതമാനം മാർക്കും നേടുകയും സ്പോർട്സിലും കലാരംഗത്തുമെല്ലാം അവാർഡുകളും മെഡലുകളും വാരിക്കൂട്ടുകയും ചെയ്ത അബിഷ ഇപ്പോൾ വീടിെൻറ അകത്തളങ്ങളിൽ വിധിയെ പഴിച്ച് ഒതുങ്ങിക്കൂടുകയാണ്. മാതാവ് കടയിൽ നിൽക്കുന്നതിന് കിട്ടുന്ന തുച്ഛവരുമാനംകൊണ്ടാണ് നിത്യചെലവ് കഴിഞ്ഞുപോകുന്നത്. ജീർണിച്ച കൊച്ചുവീടും 10 സെൻറ് സ്ഥലവുമാണ് അബിഷയുടെ കുടുംബത്തിന് ആകെയുള്ളത്. വീടുവാങ്ങുന്നതിനും മക്കളുടെ പഠനാവശ്യങ്ങൾക്കുമായി ബാങ്കുകളിൽനിന്നെടുത്ത ലക്ഷങ്ങളുടെ ലോൺ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി ഭീഷണിയിലുമാണ്. ഉന്നതപഠനത്തിന് അർഹതയുണ്ടായിട്ടും പണമില്ലാത്തതിനാൽ പഠനം മുടങ്ങിയ അബിഷയുടെ നിസ്സഹായത കണ്ടറിഞ്ഞ പ്രദേശവാസികൾ എം.കെ. ഹുസൈൻഹാജി ചെയർമാനും ചോലക്കര മുഹമ്മദ് മാസ്റ്റർ കൺവീനറുമായി സഹായ സമിതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് ബാങ്കിെൻറ മടവൂർ ശാഖയിൽ അബിഷ വിദ്യാഭ്യാസ സഹായസമിതി എന്ന പേരിൽ അക്കൗണ്ട് തുടങ്ങി. നമ്പർ : 334101000006228. ഐ.എഫ്.എസ്.സി: IOBA 0003341. ഫോൺ: 9847576200.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.