ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻറിന് ഭീഷണിക്കത്ത്

എകരൂല്‍: ഗെയില്‍ പദ്ധതിക്കെതിരെയുള്ള നിലപാടില്‍നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയിക്ക് ഭീഷണിക്കത്ത്. വ്യാഴാഴ്ച ഉച്ചയോടെയാണ് തപാല്‍മാർഗം ഭീഷണിക്കത്ത് ലഭിച്ചത്. സമരസമിതിയുടെ സംസ്ഥാന ലീഗല്‍ അഡ്വൈസര്‍ പ്രദീപ്‌കുമാറിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. സംസ്ഥാനത്തി​െൻറ വികസനത്തിനുവേണ്ടി നടപ്പാക്കുന്ന ഗെയിൽ പദ്ധതിക്ക് താങ്കള്‍ തടസ്സംനില്‍ക്കുന്നത് രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ടാണെന്നും സമരസമിതിയുടെ വക്കീലാണ് താങ്കള്‍ക്ക് ബുദ്ധി ഉപദേശിക്കുന്നതെന്നറിയാമെന്നും കത്തില്‍ പറയുന്നു. നിങ്ങള്‍ രണ്ടുപേര്‍ക്കും അച്ഛനും അമ്മയും മക്കളുമുണ്ടെന്നും ഇനിയും ഒരുപാടുകാലം ജീവിക്കാനുള്ളതാണെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ''ഇത് ഭീഷണിയല്ല, ഉപദേശം മാത്രമാണ്. തീരുമാനമെടുക്കേണ്ടത് നിങ്ങള്‍ രണ്ടു പേരുമാണ്. മനസ്സിലാകുമെങ്കില്‍ മനസ്സിലാക്കുക, ഇല്ലായെങ്കില്‍ അനുഭവിക്കുക'' -ഇങ്ങനെയാണ് കത്ത് അവസാനിപ്പിക്കുന്നത്. സർവേ നടത്തി കുറ്റിയടിച്ച ഉണ്ണികുളത്തെ കാപ്പിയിൽ, പെരുമയില്‍ പ്രദേശങ്ങളിലെ ജനവാസമേഖലയില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ അതിക്രമിച്ചുകയറി ഫലവൃക്ഷങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ പഞ്ചായത്ത്‌ പ്രസിഡൻറ് നിലപാടെടുത്തിരുന്നു. ഇതേതുടര്‍ന്ന് പനങ്ങാട് പഞ്ചായത്തിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയശേഷം ഉണ്ണികുളം പഞ്ചായത്തി​െൻറ അതിര്‍ത്തിയില്‍ ഗെയില്‍ അധികൃതര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കയാണ്‌. പ്രസിഡൻറി​െൻറ നേതൃത്വത്തിലാണ് ഇവിടെ ഗെയിലിനെതിരെ പ്രക്ഷോഭം നടക്കുന്നത്. പ്രസിഡൻറി​െൻറ ഇടപെടലിനെ തുടര്‍ന്ന് ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം രണ്ടാഴ്ചയോളമായി നിര്‍ത്തിവെച്ച പ്രവൃത്തി പുനരാരംഭിക്കാന്‍ കഴിയാതെ ഗെയില്‍ അധികൃതര്‍ പ്രതിസന്ധിയിലാണ്. മാത്രമല്ല, കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ച ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് സമരം ശക്തമാക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം, പൊതുപ്രവര്‍ത്തകരെ ഭീഷണിയിലൂടെ വിരട്ടാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ഭീഷണിക്കു മുന്നില്‍ കീഴടങ്ങുന്ന പ്രശ്നമില്ലെന്നും ഇ.ടി. ബിനോയ്‌ പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.