നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്തിലെ കുനിങ്ങാട്, മുതുവടത്തൂർ, സി.സി പീടിക ഭാഗങ്ങളിൽ പേയിളകിയ നായുടെ കടിയേറ്റ് 15 പേർക്ക് പരിക്ക്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറിനും ഏഴുമാസം പ്രായമായ കുഞ്ഞിനും കടിയേറ്റു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. തണ്ണീർപന്തൽ റോഡിൽ സി.സി പീടിക പരിസരത്തെ കുന്നോത്ത് താഴെകുനി റീന (36), മഠത്തിൽ പൊയ്യിൽ നുസ്രത്ത് (40), മഠത്തിൽ പൊയ്യിൽ ഇബ്രാഹീമിെൻറ മകളുടെ ഏഴുമാസം പ്രായമായ കുഞ്ഞ് അലിസത്ത്, പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രസീത കല്ലുള്ളതിൽ (33), മുതുവടത്തൂർ പോസ്റ്റ് ഒാഫിസ് പരിസരത്തെ തുണ്ടിക്കണ്ടിയിൽ കണ്ണൻ (80), മകൻ പ്രദീപൻ (33), നടുവയിൽ താഴെ കുനി വിൻസെൻറ് (28), എടമന പറമ്പത്ത് ആയിഷ (60), മുതുവടത്തൂർ എൽ.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ചോയിക്കണ്ടി പവിത്രെൻറ മകൻ സിദ്ധാർഥ് (11), പീടികക്കണ്ടി താഴെകുനി കുമാരൻ (60), പൂന്നാറമ്പത്ത് ബിനുവിെൻറ ഭാര്യ വിനീത (34), മലോൽ കുനിയിൽ റീന (40) അംഗൻവാടി ഹെൽപർ എളയിടം സ്വദേശി നരിപ്പൊയ്യിൽ ഷീജ (36), വയലിൽതാഴെ കുനി വിൽസൺ (30), മുതുവടത്തൂർ സ്വദേശി മാണിക്കോത്ത് കുഞ്ഞാമി (65) എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് പേപ്പട്ടി കണ്ടവരെയൊക്കെ കടിച്ചത്. മരണവീട്ടിലേക്ക് പോകുകയായിരുന്ന വൈസ് പ്രസിഡൻറിനെ വയൽ പൊതി ക്ഷേത്രപരിസരത്തെ ഇടവഴിയിൽ വെച്ചാണ് പേപ്പട്ടി ആക്രമിച്ചത്. പ്രസീതയും നായും തമ്മിൽ റോഡിൽ പതിനഞ്ച് മിനിറ്റോളം മൽപ്പിടിത്തം നടന്നു. ഇതിനിടെ വലത് കൈപ്പത്തിയിലും കാലിലും നായ കടിച്ചു. സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സിദ്ധാർഥിന് കടിയേറ്റത്. എടവന പറമ്പത്ത് ആയിഷക്ക് കാലിന് പരിക്കേറ്റു. തുണ്ടിക്കണ്ടിയിൽ കണ്ണനെ പട്ടി കടിച്ച് വീഴ്ത്തുന്നത് കണ്ട് മകൻ പ്രദീപനും വിൽസണും ഓടിയെത്തിയപ്പോഴാണ് ഇരുവർക്കും കടിയേറ്റത്. മലോൽ കുനിയിൽ റീനയെ കടിക്കുന്നതിനിടയിൽ രക്ഷപ്പെടുത്താനെത്തിയ കുന്നോത്ത് താഴെ കുനി സജിത്തിന് (39) വീണ് പരിക്കേറ്റു. പട്ടിയെ പിന്നീട് മുതുവടത്തൂരിൽ തല്ലിക്കൊല്ലുകയായിരുന്നു. നിരവധി വളർത്തുമൃഗങ്ങളെയും പേപ്പട്ടി കടിച്ചതായി നാട്ടുകാർ പറഞ്ഞു. കടിയേറ്റവർ വടകര ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. രണ്ടാഴ്ച മുമ്പ് നാദാപുരത്തും കല്ലാച്ചിയിലും ഇരുപതോളം പേരെ പേപ്പട്ടി കടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.