യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു; പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ ഒരാളെ വിട്ടയച്ചു; നീർവാരം സ്വദേശി മേബിൻ റിമാൻഡിൽ മാനന്തവാടി: മർദനത്തിന് ചികിത്സ തേടിയെത്തിയവരും കൂടെ ഉണ്ടായിരുന്നവരും ചേർന്ന് ജില്ല ആശുപത്രിയിലെ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന പരാതിയെതുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ മാനന്തവാടി പൊലീസ് സ്റ്റേഷനു മുന്നിൽ നാടകീയ രംഗങ്ങൾ. നീർവാരം സ്വദേശികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായ തേങ്ങാപ്പാറ മേബിൻ (25), വെള്ളപ്പാക്കൽ ബിനോയി (42) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. നിരപരാധികളായവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാരോപിച്ച് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. തുടർന്ന് ഡിവൈ.എസ്.പി കെ.എം. ദേവസ്യ, സി.ഐ പി.കെ. മണി എന്നിവരുമായി ചർച്ച നടത്തുകയും നിരപരാധിയെന്ന് കണ്ടെത്തിയ ബിനോയിയെ വിട്ടയക്കുകയും ചെയ്തു. മേബിനെക്കൂടി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതിയെ ഡോക്ടർ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ പൊലീസ് തയാറായില്ല. ഒടുവിൽ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കാമെന്ന ഉറപ്പോടെയാണ് നേതാക്കളും പ്രവർത്തകരും പിരിഞ്ഞുപോയത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം. മർദനമേറ്റവരെ അഡ്മിറ്റ് ചെയ്യാൻ തയാറാകാതിരുന്നതോടെ പതിനഞ്ചോളം വരുന്ന ആളുകൾ ഡോ. ശ്രീലേഖയുമായി വാക്കേറ്റമുണ്ടായി. ഡോക്ടറുടെ പരാതിപ്രകാരമാണ് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ല ആശുപത്രിയിലെ ഡോക്ടർമാർ ഒരു മണിക്കൂറോളം പണിമുടക്കി പ്രതിഷേധിച്ചു. കെ.ജി.എം.ഒ.എ ജില്ല കമ്മിറ്റിയുടെയും ഐ.എം.എയുടെയും ആഭിമുഖ്യത്തിൽ പ്രതിഷേധയോഗവും സംഘടിപ്പിച്ചു. പ്രതിഷേധസൂചകമായി രാവിലെ എട്ടുമണി മുതൽ ഒമ്പതുമണിവരെ ഡ്യൂട്ടി ബഹിഷ്കരിച്ചു. തുടർന്ന് കറുത്ത ബാഡ്ജ് ധരിച്ചാണ് ഡ്യൂട്ടി ചെയ്തത്. --------- കള്ളക്കേസിൽ കുടുക്കുന്നത് അവസാനിപ്പിക്കണം -കർഷക കോൺഗ്രസ് മാനന്തവാടി: ജില്ല ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കേസുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പരിക്കുമായി എത്തിയ രോഗിയെ മതിയായ ചികിത്സ നൽകാതെ ഡിസ്ചാർജ് ചെയ്യുകയും ഇത് അന്വേഷിക്കാനെത്തിയ പൊതുപ്രവർത്തകരെ അകാരണമായി കള്ളക്കേസിൽ കുടുക്കി, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടച്ച പൊലീസ് നടപടികൾക്കെതിരെ കർഷക കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കെ.ജി.എം.ഒ നേതാവിെൻറ ഭാര്യയായ ഡോക്ടറെ സമ്മർദത്തിൽപെടുത്തി ജില്ല ആശുപത്രിയെ രാഷ്ട്രീയവേദിയാക്കി സി.പി.എമ്മിനുവേണ്ടി കെ.ജി.എം.ഒ ദാസ്യവേല ചെയ്യുകയാണ്. ബ്ലോക്ക് പ്രസിഡൻറ് ജോൺസൺ ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. യോഗം കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് അഡ്വ. ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് പി.എം. ബെന്നി, എക്കണ്ടി മൊയ്തൂട്ടി, എം.എ. പൗലോസ്, കവിയിൽ ജോൺ, വിജയൻ തോമ്രാകുടി, കെ.എസ്. സഹദേവൻ, ആൻറണി വെള്ളാകുഴി, എം.ടി. ജോസഫ്, ഗോവിന്ദൻ പാലിയണ, വി.വി. മത്തായി എന്നിവർ സംസാരിച്ചു. ------------- സ്‌കൂളിനെതിരായ പരാതി; പി.ടി.എ പ്രതിഷേധിച്ചു കമ്പളക്കാട്: കമ്പളക്കാട് ഗവ. യു.പി സ്‌കൂളിലെ അധ്യാപകനെതിരെ രക്ഷിതാക്കളെന്ന വ്യാേജന വ്യാജ പരാതി നല്‍കിയതിനെ പി.ടി.എ യോഗവും സ്റ്റാഫ് കൗണ്‍സിലും അപലപിച്ചു. മനപ്പൂര്‍വം അധ്യാപകനെ അപമാനിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് യോഗം അറിയിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് അംഗം റഹിയാനത്ത് ബഷീർ, പി.ടി.എ പ്രസിഡൻറ് മുജീബ് റഹ്മാൻ, പ്രധാനാധ്യാപകന്‍ കെ.കെ. മുഹമ്മദ്, കെ. സമീര്‍, സി.കെ. മുനീര്‍, കെ. സിദ്ദീഖ്, രാമന്‍, സജി പള്ളികുന്ന്, മധു മാസ്റ്റര്‍ എന്നിവർ സംസാരിച്ചു. -------------- പ്രവാസി വെൽഫെയർ അസോസിയേഷൻ യോഗം ബത്തേരി: കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ബത്തേരി താലൂക്ക് കമ്മിറ്റി രൂപവത്കരണം 22ന് ബത്തേരി കല്ലുവയലിൽ നടക്കും. യോഗത്തിൽ സംസ്ഥാന, ജില്ല നേതാക്കൾ പങ്കെടുക്കും. പ്രവാസികൾക്കും മുൻ പ്രവാസികൾക്കും സർക്കാറിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസെടുക്കും. ----------- പ്രായം തടസ്സമല്ല ഇബ്രാഹിം ഹാജിക്ക് സേവനം ചെയ്യാൻ മാനന്തവാടി: പൊതുസമൂഹത്തിനായി സേവനംചെയ്യാൻ പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് കണിയാങ്കണ്ടി ഇബ്രാഹിം ഹാജി. 83ാം വയസ്സിലും 18കാരെൻറ ചുറുചുറുക്കോടെയാണ് ഇബ്രാഹിം റോഡരികിലെ കാട് വെട്ടിമാറ്റുകയും ഓവുചാൽ വൃത്തിയാക്കുകയും ചെയ്യുന്നത്. പിതാവിെൻറ കൂടെ കൃഷിപ്പണികൾ ചെയ്തതിെൻറ ഊർജത്തിലാണ് ഇന്നും അധ്വാനിക്കുന്നത്. കുറച്ചു കാലം തോട്ടങ്ങളിൽ കൊള്ള് നിർമാണത്തിന് പോയിരുന്നു. ഇപ്പോൾ കുറച്ചു കാലമായി പ്രതിഫലേച്ഛ ഇല്ലാത്ത സേവനങ്ങളിൽ മാത്രമാണ് ഇദ്ദേഹത്തിെൻറ മുഴുവൻ ശ്രദ്ധയും. മഹല്ലിൽ എവിടെയെങ്കിലും മരണമുണ്ടായാൽ ഏതു പാതിരാത്രിയിലും ഇബ്രാഹിമും ഉണ്ടാകും. തെൻറ നിഴലായ കൈക്കോട്ടുമായി, ഖബർ കുഴിക്കാൻ സജീവ സാന്നിധ്യമായി. കഴിഞ്ഞ മൂന്നു ദിവസമായി പെയ്ത മഴയിൽ ഓവുചാലുകൾ നിറഞ്ഞു കവിയുകയും റോഡിലൂടെ വെള്ളം ഒഴുകുകയും ചെയ്തത് കണ്ടതോടെയാണ് ബുധനാഴ്ച, ഇബ്രാഹിം തൂമ്പയുമായി റോഡിൽ ഇറങ്ങിയത്. ഓവുചാലുകൾ കോരി വൃത്തിയാക്കുകയും റോഡിലൂടെ ഒഴുകുന്ന വെള്ളം ഓവുചാലുകളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. വിദ്യാർഥികൾക്കും വാഹനങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞാണ് സേവനപ്രവർത്തനങ്ങൾക്ക് ഇറങ്ങിയതെന്ന് ഇബ്രാഹിം പറഞ്ഞു. മാനന്തവാടിയിൽനിന്ന് എടവകയിലേക്കുള്ള യാത്രയിൽ പാണ്ടിക്കടവ് റോഡരികിൽ കാട് വെട്ടിത്തെളിച്ചും ഓവുചാലുകൾ വൃത്തിയാക്കിയും റോഡിലെ കുഴികൾ അടച്ചും നിത്യക്കാഴ്ചയായി മാറിയിരിക്കുകയാണ് ഇബ്രാഹിം. ഭാര്യ അലിമക്കും മക്കൾക്കും താൻ ഇങ്ങനെ ജോലിചെയ്യുന്നത് ഇഷ്ടമല്ലെന്ന് ചെറുപുഞ്ചിരിയോടെ തുറന്നുപറയാനും ഇബ്രാഹിം മടിച്ചില്ല. WEDWDL10 ഇബ്രാഹിം ഹാജി റോഡരികിൽ ചാലുകീറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.