കോഴിക്കോട്: നവരാത്രി ആഘോഷങ്ങൾക്ക് വ്യാഴാഴ്ച തുടക്കം. പുസ്തക പൂജ, ആയുധപൂജ, വിദ്യാരംഭം എന്നിവ ദുർഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങളിൽ നടക്കുന്നതോടെയാണ് ചടങ്ങുകൾ അവസാനിക്കുക. ബ്രാഹ്മണ സമൂഹ മഠങ്ങളിൽ ബൊമ്മക്കൊലു ഒരുങ്ങിക്കഴിഞ്ഞു. ആശ്വിന മാസത്തിലെ ശുക്ലപക്ഷ പ്രഥമദിനം മുതലാണ് നവരാത്രി തുടങ്ങുക. ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഭജനയും സംഗീത-നൃത്താരാധനയും പ്രത്യേകമായി നടക്കും. തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി മഹോത്സവം ബൊമ്മക്കൊലു രാവിലെ ഗണപതി ഹോമത്തോടെ ആരംഭിക്കും. ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ അഖണ്ഡനാമ ജപം നടക്കും. വൈകീട്ട് മൂന്നിന് സമൂഹ പ്രാർഥനയുമുണ്ടാവും. തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രമണ്യ ക്ഷേത്രത്തിൽ ദിവസവും രാവിലെ ഗണപതി ഹോമം, നവരാത്രി വിശേഷദിവസ പൂജ തുടങ്ങിയവയുണ്ടാവും. എരഞ്ഞിപ്പാലം ശ്രീ തായാട്ട് ഭഗവതി ക്ഷേത്രം, കൊളത്തൂർ അദ്വൈതാശ്രമം, വേങ്ങേരി ശ്രീ സകലേശ്വരി ദേവീ ക്ഷേത്രം, ഒറ്റത്തെങ്ങ് വേദമഹാമന്ദിരം, തളി ശ്രീ രേണുകാ മാരിയമ്മൻ കോവിൽ, വെള്ളിമാട്കുന്ന് അമൃതാനന്ദമയി മഠം, കുറ്റ്യാട്ട് ഭഗവതി ക്ഷേത്രം, തളി വേട്ടക്കൊരുമകൻ ക്ഷേത്രം, മലാപ്പറമ്പ് ശ്രീരാമാനന്ദാശ്രമം, ചെറൂട്ടി റോഡ് ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലും വിശേഷപരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.