ഇന്ത്യൻ ഹാജിമാർക്ക്​ മദീനയിൽ ദുരിത താമസമെന്ന്​ പരാതി

മദീന: ഇന്ത്യൻ ഹാജിമാർക്ക് മദീനയിൽ ദുരിത താമസമെന്ന് വ്യാപക പരാതി. ശരിയായി പ്രവര്‍ത്തിക്കാത്ത ലിഫ്റ്റുകൾ, വെള്ളം പൊങ്ങുന്ന ടോയ്‍ലറ്റുകൾ, മോശം എ.സി, പ്രവര്‍ത്തിക്കാത്ത ലൈറ്റുകള്‍ തുടങ്ങിയവയാണ് പല ഹോട്ടലുകളിലെയും അവസ്ഥ എന്ന് ഹാജിമാര്‍ പരാതിപ്പെട്ടു. ഇതില്‍ മർകസിയ പരിധിയിലുള്ള ചില ഹോട്ടലുകളും പെടും. ഹോട്ടൽ റിസപ്ഷനുകളിലെ സ്ഥലപരിമിതി മൂലം നിന്നുതിരിയാന്‍ ഇടമില്ല. നൂറുകണക്കിന് ബാഗേജുകള്‍ കുന്നുകൂടുന്നതോടെ ലഗേജുകള്‍ ലഭിക്കാന്‍ പ്രയാസപ്പെടുന്നു. രോഗികളായവരുടെ അവശ്യമരുന്നുകളും മാറിധരിക്കേണ്ട വസ്ത്രങ്ങളും പലപ്പോഴും മറ്റേതോ ഹോട്ടലുകളിലെ ലഗേജുകളിലായിരിക്കും. അത് തിരികെ ലഭിക്കാൻ വൈകുന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നു. പ്രായമായവര്‍ക്കും അവശരായവര്‍ക്കും മസ്ജിദുന്നബവിയിൽനിന്നും വളരെ അകലെ റൂമുകള്‍ ലഭിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഹാജിമാരുടെ യാത്രക്കാവശ്യമായ ബസുകളെ സംബന്ധിച്ച് പരാതിയുണ്ടായിരുന്നു. എന്നാൽ, സാമൂഹിക-സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടർന്ന് മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ ബസുകളാണ് ഇത്തവണ ലഭ്യമായത്. അതേസമയം, മർകസിയയിൽ താമസ സൗകര്യം ലഭിക്കാത്ത ഹാജിമാർക്ക് 350 റിയാൽ തിരിച്ചുനൽകുമെന്ന് ഹജ്ജ് കോൺസൽ മുഹമ്മദ് ഷാഹിദ് ആലം 'ഗൾഫ് മാധ്യമ'ത്തോടു പറഞ്ഞു. ഹജ്ജ് േക്വാട്ട വർധിച്ചതോടെ ഹറമിനടുത്ത് മർകസിയയിൽ മുഴുവൻ ഇന്ത്യൻ ഹാജിമാർക്കും താമസം ലഭ്യമാക്കുന്നതിന് തടസ്സം നേരിട്ടിട്ടുണ്ട്. ബിൽഡിങ്ങുകളിലെ അസൗകര്യങ്ങളെക്കുറിച്ച പരാതി പരിഹരിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ നടപടി സ്വീകരിക്കും. തിരക്ക് കുറയുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച മുതൽ മുഴുവൻ ഹാജിമാരെയും ഹറമിനടുത്ത് തന്നെ താമസിപ്പിക്കാൻ സാധിക്കും. കോൺസൽ ജനറൽ നൂർമുഹമ്മദ് റഹ്മാൻ ശൈഖ് മദീനയിലുണ്ടെന്നും പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിച്ചു വരുകയാണെന്നും ഹജ്ജ് കോൺസൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.