ഭക്ഷ്യസുരക്ഷ നിർദേശങ്ങൾ പാലിക്കാൻ മടിച്ച് ഭക്ഷ്യവിൽപന കേന്ദ്രങ്ങൾ രണ്ടു മാസത്തിനിടെ പിഴയിട്ടത് 10 ലക്ഷത്തിലധികം രൂപ കോഴിക്കോട്: ഭക്ഷ്യസുരക്ഷ വകുപ്പിെൻറ തുടർച്ചയായ പരിശോധനകൾ നടന്നിട്ടും ഒട്ടും സുരക്ഷിതമാകാതെ ജില്ലയിലെ ഭക്ഷ്യവിൽപന കേന്ദ്രങ്ങൾ. ആറു മാസത്തിനിടെ ജില്ലയിലെ വിവിധ സർക്കിളുകൾ കേന്ദ്രീകരിച്ച് നിരവധി പരിശോധനകളാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയത്. മിക്ക പരിശോധനകളിലും നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. നോട്ടീസ് നൽകിയിട്ടും ബോധവത്കരണം നൽകിയിട്ടും ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ മിക്ക സ്ഥാപനങ്ങളും അലംഭാവം തുടരുകയാണെന്നാണ് ജില്ലയിൽ നടക്കുന്ന പരിശോധന കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടു മാസത്തിനിടെ 10 ലക്ഷം രൂപയിലധികം പിഴയാണ് ഭക്ഷ്യസുരക്ഷ നിർദേശങ്ങൾ പാലിക്കാത്തതിന് ചുമത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പ് ആഗസ്റ്റ് 20 മുതൽ 31 വെര നടത്തിയ പരിശോധന റിപ്പോർട്ടിൽ മുമ്പ് നോട്ടീസ് നൽകിയ സ്ഥാപനങ്ങളടക്കം ഭക്ഷ്യസുരക്ഷ നിർദേശങ്ങൾ കാറ്റിൽ പറത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നു ഉദ്യോഗസ്ഥന്മാരടങ്ങിയ നാലു സ്ക്വാഡുകളായാണ് ജില്ലയിൽ പരിശോധന നടത്തിയത്. ഇൗ പരിശോധനയിൽ മാത്രം 301 സ്ഥാപനങ്ങൾക്ക് നിലവാരം മെച്ചപ്പെടുത്താൻ നോട്ടീസ് നൽകുകയും 8.73 ലക്ഷം രൂപ പിഴയിടുകയും ചെയ്തിരുന്നു. എന്നാൽ, നോട്ടീസ് ലഭിച്ചതിൽ 100 സ്ഥാപനങ്ങൾ മാത്രമേ ഇതുവെര പിഴയടച്ചിട്ടുള്ളൂ. ഹോട്ടലുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, തട്ടുകടകൾ, ബേക്കറി, കൂൾബാർ, പാൽവിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന. ഭക്ഷ്യസുരക്ഷ സർട്ടിഫിക്കറ്റെടുക്കാതെ നിരവധി കടകൾ പ്രവർത്തിക്കുന്നതായും ചൈനീസ് ഫുഡുകളിൽ വ്യാപകമായി കൃത്രിമനിറം ചേർക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. നിരവധി സ്ഥാപനങ്ങളിൽനിന്ന് സാമ്പിളെടുത്തു. ഇവ ഭക്ഷ്യസുരക്ഷ വകുപ്പിെൻറ കോഴിക്കോട് അനലറ്റിക്കൽ ലാബിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കടകൾ, കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാത്തവര്‍ എന്നിങ്ങനെയുള്ള കടകളും നോട്ടീസ് കിട്ടിയവരിൽ ഉൾപ്പെടും. തട്ടുകടയില്‍നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണവും ഉപയോഗിക്കുന്ന വെള്ളവുമായിരുന്നു പരിശോധനക്കു വിധേയമാക്കിയത്. ഒട്ടുമിക്ക തട്ടുകടകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണങ്ങൾ ദിവസങ്ങളോളം ഫ്രീസറിൽ സൂക്ഷിക്കുന്നതായും ഭക്ഷണങ്ങൾ മൂടിവെക്കാതെ അലക്ഷ്യമായി ഇടുന്നതായും കണ്ടെത്തിയിരുന്നു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് വകുപ്പിെൻറ തീരുമാനമെന്ന് ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണർ പി.കെ ഏലിയാമ്മ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.