മാവൂർ: പൈപ്പിലെ ചോർച്ചയും അറ്റകുറ്റപ്പണി കരാറുകാരുടെ സമരവും കാരണം ശുദ്ധജലവിതരണം മുടങ്ങിയ കോളനികളിൽ പ്രാഥമികാവശ്യങ്ങൾക്കും മറ്റും ശേഖരിക്കുന്നത് മഴവെള്ളം. അടുവാട് ഭാഗത്ത് മാവൂർ-കെട്ടാങ്ങൽ റോഡരികിൽ പൈപ്പ് പൊട്ടിയതിനെതുടർന്ന് അടുവാട് കോട്ടക്കുന്ന്, വാവാട്ടുപാറ, കുതിരാടം, കൈത്തൂട്ടിമുക്ക്, നടുവിലക്കണ്ടി കോളനികളിലും പരിസരത്തുമാണ് ജലവിതരണം മുടങ്ങിയത്. ഇൗ ഭാഗത്തെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള കോളനികളിലും പരിസരത്തും കിണറുകൾ അപൂർവമാണ്. 330ഒാളം പട്ടികജാതി വിഭാഗമടക്കം 600ലധികം കുടുംബങ്ങൾക്ക് ഏക ആശ്രയം താത്തൂർപൊയിലിൽനിന്നുള്ള ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയാണ്. രണ്ടാഴ്ചയോളമായി ജലവിതരണം മുടങ്ങിയിട്ട്. കോട്ടക്കുന്ന് പട്ടികജാതി കോളനിയിൽ 32 കോൽ ആഴമുള്ള പഞ്ചായത്ത് കിണർ മാത്രമാണുള്ളത്. ഇത്രയേറെ ആഴമുള്ള കിണറ്റിൽനിന്ന് വെള്ളം കോരിയെടുക്കാൻ നല്ല മെയ്വഴക്കം വേണം. മറ്റു കോളനികളിലും സമാനസ്ഥിതിയാണ്. ഇൗ സാഹചര്യത്തിലാണ് വീടിെൻറ കോൺക്രീറ്റ് ടെറസിൽനിന്നും പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയിൽനിന്നും ഒലിച്ചിറങ്ങുന്ന ജലം ശേഖരിച്ച് ഇവർ പ്രാഥമിക കാര്യങ്ങൾ ചെയ്യുന്നത്. രണ്ടു ദിവസമായി മഴ കുറഞ്ഞതുകാരണം ഇതും തുടരാനാവില്ലെന്ന ആശങ്കയിലാണ് ഇവർ. സെപ്റ്റംബർ രണ്ടിനാണ് പൈപ്പിൽ ചെറിയതോതിൽ േചാർച്ച കണ്ടത്. ഉടൻ ഗ്രാമ പഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ അധികൃതരെ വിവരമറിയിച്ചിരുന്നു. ഇത് നന്നാക്കാത്തതിനെതുടർന്നാണ് അടുത്ത ദിവസങ്ങളിൽ ചോർച്ച വർധിച്ച് പമ്പ്ചെയ്യുന്ന ഒരു തുള്ളി ജലംപോലും മുകളിലെത്താത്തവിധം പ്രതിസന്ധിയിലായത്. കരാറുകാർ സമരം തുടരുന്നതുമൂലമാണ് നന്നാക്കൽ വൈകുന്നത്. ചോർച്ചകൂടിയതോടെ ഗ്രാമ പഞ്ചായത്തിൽ ജലവിതരണം പൂർണമായി നിർത്തിയിരുന്നു. പരാതിയെതുടർന്ന് പമ്പിങ് തുടങ്ങിയെങ്കിലും ചോർച്ച കാരണം അടുവാട് ഭാഗത്ത് വെള്ളം കിട്ടുന്നില്ല. പൈപ്പ് നന്നാക്കാൻ ബദൽസംവിധാനം ഒരുക്കുമെന്ന് അറിയിച്ചെങ്കിലും ബുധനാഴ്ചയും ഉണ്ടായില്ല. വ്യാഴാഴ്ച പ്രത്യക്ഷസമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.