പുനരധിവാസ പദ്ധതി നടപ്പായില്ല; കാക്കത്തോട് കോളനിക്കാരുടെ കുടില്‍കെട്ടി സമരം മൂന്നാം ദിവസത്തിലേക്ക് സി.കെ. ശശീന്ദ്രൻ എം.എൽ.എ സമരക്കാരുമായി ചര്‍ച്ച നടത്തി സുല്‍ത്താന്‍ ബത്തേരി: കല്ലൂര്‍ കാക്കത്തോട്, ചാടകപ്പുര പണിയ കോളനികളിലെ ആദിവാസി കുടുംബങ്ങളുടെ വന്യജീവി സങ്കേതത്തിലെ കുടില്‍കെട്ടി സമരം രണ്ടുദിവസം പിന്നിട്ടു. തിങ്കളാഴ്ച വൈകിട്ടായിരുന്നു കാക്കത്തോട്, ചാടകപുര പണിയകോളനിയിലെ 54 കുടുംബങ്ങള്‍ ബത്തേരി വനം റേഞ്ചിലെ അളിപ്പുറം വനമേഖല കൈയേറി കുടില്‍ കെട്ടിയത്. നിലവില്‍ ഇവര്‍ താമസിക്കുന്ന കോളനിയിലെ വീടുകൾ മഴക്കാലമായാല്‍ വെള്ളംകയറി വാസയോഗ്യമല്ലാതാകും. കൂടാതെ, കാലപ്പഴക്കമെത്തിയ വീടുകള്‍ വെള്ളത്തിൽ മുങ്ങി അപകട ഭീതിയിലുമാണ്. സുരക്ഷിതമായ മറ്റൊരിടത്തേക്ക് തങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ആദിവാസികള്‍ വനം കൈയേറി കുടില്‍ കെട്ടിയത്. ഗോത്ര, എ.കെ.എസ്, എല്‍.ജെ.പി തുടങ്ങിയ ആദിവാസി സംഘടനകള്‍ സമരക്കാര്‍ക്കു പിന്തുണയുമായി എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ കല്‍പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ സ്ഥലത്തെത്തി കോളനിക്കാരുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച കലക്ടറുടേയും എം.എല്‍.എയുടേയും നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ പ്രശ്‌നത്തിനു അനുകൂല തീരുമാനമുണ്ടാക്കാമെന്ന ഉറപ്പും എം.എല്‍.എ നല്‍കി. കലക്ടറുമായുള്ള ചര്‍ച്ച കഴിയുന്നതുവരെ സമരക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കരുതെന്ന നിര്‍ദേശം വനംവകുപ്പിന് നല്‍കിയിട്ടുമുണ്ട്. വന്യജീവി സങ്കേതത്തില്‍ കെട്ടിയ കുടിലുകള്‍ പൊളിച്ചു നീക്കുമെന്ന് കഴിഞ്ഞദിവസം വനം അധികൃതര്‍ പറഞ്ഞിരുന്നു. വനം കൈയേറി കുടില്‍ കെട്ടിയതിന് പത്ത് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നും രേഖാമൂലം ഉറപ്പുകിട്ടിയാല്‍ മാത്രമെ കാട്ടില്‍ നിന്നുമിറങ്ങുകയുള്ളു എന്ന നിലപാടിലാണ് കുടില്‍കെട്ടിയവര്‍. കോളനിയിലെ പഴയ വീട്ടില്‍ കിടന്നാല്‍ ജീവന് ഒരു ഉറപ്പുമില്ല. ഇവിടെ, കാട്ടിലെ കുടിലുകളില്‍ തങ്ങള്‍ സുരക്ഷിതരാണെന്നും പേടിക്കാതെ ജീവിക്കാമെന്നുമാണ് സമരക്കാര്‍ പറയുന്നത്. കാക്കത്തോട് കോളനിയിലും ചാടകപുര കോളനിയിലുമുള്ള വീടുകള്‍ 35 വര്‍ഷത്തിനുമേല്‍ പഴക്കം ചെന്നവയാണ്. തകര്‍ന്നുവീഴാറായ വീടുകളില്‍ ഇക്കാലമത്രയും പേടിച്ചാണ് കഴിഞ്ഞതെന്ന് ഇവർ പറയുന്നു. എല്ലാ വര്‍ഷവും വെള്ളംകയറി കോളനികള്‍ വെള്ളത്തിനടിയിലാവും. വീടും മുറ്റവും നിറയെ ചെളിയുമാകും. കോളനിയിൽ പകർച്ചവ്യാധികൾ പടരുന്നതും പതിവാണ്. വെള്ളംകയറുന്നത് എല്ലാ കൊല്ലവും പതിവായിട്ടും ഇതുവരെ മാറ്റി പാര്‍പ്പിക്കാനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഓരോ വര്‍ഷവും വെള്ളത്തിനടിയിലാവുമ്പോള്‍ പുനരധിവാസ പദ്ധതിയിലുൾപ്പെടുത്തണമെന്ന ആവശ്യവുമായി അധികാരികളെ സമീപിക്കും. ഈ വര്‍ഷവും തീരുമാനമൊന്നും കൈകൊള്ളാത്തതിനാലാണ് സമരത്തിനിറങ്ങിയതെന്ന് സമരക്കാര്‍ പറഞ്ഞു. മഴക്കാലമായാല്‍ കല്ലൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നത് പതിവാണ്. അപ്പോൾ കാക്കത്തോട് കോളനിയും ചാടകപുര കോളനിയും വെള്ളത്തിനടിയിലാവും. ഇതിനു പരിഹാരമായി മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കണമെന്ന് കോളനിക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ശാശ്വതപരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഓരോ വര്‍ഷവും വെള്ളംകയറുമ്പോഴും നിവേദനങ്ങളുമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നതല്ലാതെ പുനരധിവാസം യാഥാര്‍ഥ്യമായില്ല. വര്‍ഷങ്ങളായുള്ള ദുരിതം അവസാനിക്കാതായതോടെയാണ് ഇവര്‍ സമരത്തിനിറങ്ങിയത്. 2010ല്‍ രണ്ടുകോളനിക്കാരെയും ആറളത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനമായിരുന്നെങ്കിലും അവിടെ സൗകര്യമില്ലാത്തതിനാല്‍ പദ്ധതി മുടങ്ങിയിരുന്നു. പിന്നീട്, കലക്ടറുടേയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തില്‍ചേര്‍ന്ന വിവിധ യോഗങ്ങളില്‍ പുനരധിവാസ തീരുമാനം കൈകൊണ്ടിരുന്നു. എന്നാല്‍, ഒന്നും പ്രാവര്‍ത്തികമായില്ല. ചാടകപുര കോളനിയിലെ 22 കുടുംബങ്ങളും കാക്കത്തോട് കോളനിയിലെ 32 കുടുംബങ്ങളുമാണ് വനത്തില്‍ കുടില്‍കെട്ടിയത്. രണ്ട് ദിവസങ്ങളിലായി മുപ്പതോളം കുടിലുകള്‍ കെട്ടിയിട്ടുണ്ട്. കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിന് ആദിവാസി വിഭാഗക്കാരാണ് അവകാശത്തിനായി പോരാട്ടം തുടരുന്നത്. തിങ്കളാഴ്ച ബത്തേരിയില്‍ നടന്ന കലക്ടറുടെ 'സഫലം' പരിപാടിയില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കോളനി നിവാസികള്‍ കൂട്ടത്തോടെ എത്തിയിരുന്നു. എന്നാല്‍, കലക്ടറുടെ ഭാഗത്തുനിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്തതാണ് കുടില്‍കെട്ടൽ സമരത്തിലേക്ക് നയിച്ചതെന്ന് ഇവർ പറയുന്നു. TUEWDL8 കാക്കത്തോട്, ചാടകപ്പടി കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ കുടില്‍കെട്ടി സമരത്തിൽ ------------ അനുശോചിച്ചു മുണ്ടേരി: കേരള വയോജനവേദി ജില്ല സെക്രട്ടറിയായിരുന്ന ഇ. കേശവൻ നായരുടെ നിര്യാണത്തിൽ വയോജനവേദി മുണ്ടേരി യൂനിറ്റ് അനുശോചിച്ചു. പ്രസിഡൻറ് എം.ജി. ജേക്കബ് അധ്യക്ഷത വഹിച്ചു. പി. കുമാരൻ, കെ.എം. ദിവാകരൻ, എം.പി. പത്മാവതി അമ്മ, ടി.ടി. ജാനകി, എൻ. ശാന്ത എന്നിവർ സംസാരിച്ചു. -------- സെമിനാറും പെറ്റ് ആനിമൽ ക്യാമ്പും പടിഞ്ഞാറത്തറ: ലോക റാബീസ് ദിനാചരണത്തിെൻറ ഭാഗമായി സെമിനാറും പെറ്റ് ആനിമൽ ക്യാമ്പും വെള്ളിയാഴ്ച രാവിലെ 10ന് പതിനാറാം മൈൽ എസ്.എൻ.ഡി.പി ഹാളിൽ നടക്കും. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ല യൂനിറ്റിെൻറയും പൂക്കോട് വെറ്ററിനറി കോളജ് ഹെൽത്ത് ഡിപാർട്മെൻറിെൻറയും ആഭിമുഖ്യത്തിലാണ് പരിപാടി. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സജേഷ് ഉദ്ഘാടനം ചെയ്യും. പേവിഷബാധയെക്കുറിച്ച് വെറ്ററിനറി കോളജ് അസി. പ്രഫസർ ഡോ. പ്രജിത് ക്ലാസെടുക്കും. തുടർന്ന്, പ്രസര ക്ലബ് പരിസരത്ത് നടത്തുന്ന ക്യാമ്പിൽ വളർത്തുനായ്കൾക്കും പൂച്ചകൾക്കും സൗജന്യ രോഗപരിശോധന നടത്തും. പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പും ബെൽറ്റും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.