കൊയിലാണ്ടി: കൈക്കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള സ്ത്രീകളുടെ ഭിക്ഷാടനം വ്യാപകം. ആന്ധ്ര, കർണാടക, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽനിന്നുള്ളവരെയാണ് കേരളത്തിൽ ഭിക്ഷാടനത്തിനായി കൊണ്ടുവരുന്നത്. ഇവർക്കു പിന്നിൽ വൻ സംഘംതന്നെ പ്രവർത്തിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ്, അങ്ങാടി, ആരാധനാലയങ്ങൾ, മറ്റ് ആളുകൾ കൂടുന്ന ഇടങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവർ ഭിക്ഷാടനം നടത്തുന്നത്. കൊച്ചുകുട്ടികളുള്ള യുവതികളെയാണ് യാചകവൃത്തിക്ക് നിയോഗിക്കുന്നത്. കുട്ടികളെ പരസ്പരം മാറ്റുകയും ചെയ്യും. സ്വന്തം കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനംപോലും പലപ്പോഴും ജനങ്ങളിൽ സംശയമുളവാക്കും. തുടർന്ന് പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന സംഭവങ്ങളും നിരവധി. കഴിഞ്ഞദിവസം കൊയിലാണ്ടിയിൽ ഇത്തരമൊരു സംഭവമുണ്ടായി. യുവതിയും കുഞ്ഞും തമ്മിലെ രൂപസാദൃശ്യത്തിലെ വൻ അന്തരമാണ് പ്രശ്നം സൃഷ്ടിച്ചത്. ആന്ധ്ര സ്വദേശിനിയും മൂന്നുമാസം വരുന്ന ഒാമനത്തമുള്ള കുഞ്ഞുമായിരുന്നു പ്രശ്നം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം കുഞ്ഞാണെന്ന് ഇവർ ഉറപ്പിച്ചുപറഞ്ഞു. ഒടുവിൽ പൊലീസ് ഇവരെ െറസ്ക്യൂ ഹോമിന് കൈമാറി. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുംവിധം കുട്ടികളെ മയക്കിക്കിടത്തുന്നതായും ആരോപണമുണ്ട്. ഭിക്ഷാടനം നടത്തുേമ്പാൾ കരഞ്ഞ് ബഹളംവെക്കാതിരിക്കാനാണിത്. മാത്രമല്ല, കുട്ടി തളർന്നുകിടക്കുന്ന അവസ്ഥ അനുകമ്പയുമുണ്ടാക്കും. പുകയില വെള്ളം നാവിൽ തൊടുവിച്ചാണ് ഇങ്ങെന മയക്കിക്കിടത്തുന്നത്. കുട്ടികളെയുംകൊണ്ട് ഭിക്ഷാടനം നടത്തിയാൽ കൂടുതൽ വരുമാനം ലഭിക്കുമെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. മുമ്പ് അൽപം മുതിർന്ന കുട്ടികളെ മാത്രം ഉപയോഗിച്ചായിരുന്നു ഭിക്ഷാടനം നടത്താറുണ്ടായിരുന്നത്. ബാലഭിക്ഷാടനം നിരോധിച്ചതിനെ തുടർന്നാണ് കൈക്കുഞ്ഞുങ്ങളെയും യുവതികളെയും ഉപയോഗിച്ചുള്ള ഭിക്ഷാടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.