മരണത്തുരുത്തിൽ നാലുദിനം, ഒടു​വിൽ ജീവിതത്തിലേക്ക്​

സി.ഡി. ബാബു പുൽപള്ളി: ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു കഴിഞ്ഞ നാലുദിവസമായി ഈ യുവാക്കൾ. പാളക്കൊല്ലി ഉദയക്കര പണിയ കോളനിയിലെ എട്ടുയുവാക്കൾക്ക് ജീവിതത്തിലേക്കുള്ള മടങ്ങിവരവിന് സഹായിച്ചത് ഫയർഫോഴ്സും വനപാലകരും. കുറുവദ്വീപിനടുത്ത കബനിനദിയിലെ വെട്ടത്തൂർ പുഴയിലെ തുരുത്തിൽ മീൻപിടിക്കാൻ പോയ യുവാക്കളാണ് വനപാലകരുടെ സമയോചിതമായ ഇടപെടൽമൂലം ജീവിതം തിരിച്ചുകിട്ടിയത്. ഉദയക്കര കോളനിയിലെ നായ്ക്കൻ (48), ബാബു (39), രാജു (35), അനു (30), മോഹനൻ (36), കണ്ണൻ (20), ബിജു (23), മണി (20) എന്നിവർ കഴിഞ്ഞ ശനിയാഴ്ചയാണ് മീൻ പിടിക്കാൻ കോളനിയിൽനിന്നിറങ്ങിയത്. വൈകിട്ടോടെ വലയും മറ്റു സാമഗ്രികളുമായി തുരുത്തിലെത്തി. മീൻപിടുത്തം കഴിഞ്ഞു ഞായറാഴ്ചയേ തിരിച്ചുവരികയുള്ളുവെന്ന് കോളനിയിലെ വീട്ടിൽ മൊബൈൽ ഫോണിൽ വിളിച്ചുപറഞ്ഞിരുന്നു. എന്നാൽ, ശക്തമായ മഴയെത്തുടർന്നും മറ്റും ഫോൺ വിളിക്കാൻ പറ്റാതായി. വൈകിട്ടോടെ മഴ ശക്തമായി. പുഴയിൽ ജലനിരപ്പുയരാൻ തുടങ്ങി. ഞായറാഴ്ചയും നിലക്കാതെ മഴ പെയ്തതോടെ വെള്ളം തുരുത്ത് മൂടുമെന്ന നിലയിലായി. ഇതേത്തുടർന്ന് മരത്തിനു മുകളിലും മറ്റും രാത്രി കഴിച്ചുകൂട്ടി. പുറംലോകവുമായി ബന്ധപ്പെടാൻ മാർഗമില്ലാതായി. മീൻ പിടിക്കാൻ പോയപ്പോൾ നടന്നു കയറിയാണ് തുരുത്തിലെത്തിയത്. ഞായറാഴ്ച ഇത് നാലാൾ പൊക്കത്തിലായിരുന്നു. തിങ്കളാഴ്ചയോടെയാണ് മഴക്ക് ശമനമുണ്ടായത്. എന്നാൽ പുഴക്കു പുറത്തേക്ക് കടക്കാൻ ഒരു മാർഗവുമുണ്ടായില്ല. മൂന്നുദിവസം ഉറക്കമിളച്ച് ഇവർ ഇരുന്നു. ഇന്നലെ രാവിലെ വനംവകുപ്പിലെ വാച്ചർമാർ ഇവരുടെ ശബ്ദം കേട്ടതോടെയാണ് യുവാക്കൾ കുടുങ്ങിക്കിടക്കുന്ന വിവരമറിയുന്നത്. മാനന്തവാടിയിൽനിന്ന് ഫയർഫോഴ്സും മറ്റുമെത്തി ഇവരെ കരക്കെത്തിക്കുകയായിരുന്നു. വനപാലകർ പിന്നീട് കോളനിയിലെ വീട്ടിലെത്തിച്ചു. TUEWDL12 രക്ഷപ്പെട്ടവർ കോളനിയിലെ വീട്ടിൽ എത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.