ചേളന്നൂർ: ബാലുശ്ശേരി-കോഴിക്കോട് റോഡിലെ അഴുക്കുചാലുകളിൽ മലിനജലം കെട്ടിക്കിടക്കുന്നു. കാരപ്പറമ്പ് മുതൽ ബാലുശ്ശേരിവരെയുള്ള റോഡിൽ പല സ്ഥലങ്ങളിലായാണ് അഴുക്കുവെള്ളം ഓടകളിൽ കെട്ടിക്കിടക്കുന്നത്. മാലിന്യം അടിഞ്ഞുകൂടുന്നതിനാൽ മഴവെള്ളം ചാലിൽ കെട്ടിനിൽക്കുകയും റോഡിലേക്ക് പരന്നൊഴുകുകയുമാണ്. ശക്തമായി മഴവെള്ളം ചാലുകളിൽനിന്ന് റോഡിലേക്ക് ഒഴുകുന്നത് ഗതാഗതത്തിനും തടസ്സമാവുകയാണ്. കരിക്കാംകുളം, തടമ്പാട്ടതാഴം, വേങ്ങേരി, എരക്കുളം, മൂട്ടോളി, കുമാരസ്വാമി, എട്ടേരണ്ട്, എട്ടേനാല്, കാക്കൂർ, നന്മണ്ട തുടങ്ങിയ അങ്ങാടികളിലെല്ലാം അഴുക്കുചാലുകൾ ഒഴുക്കു നിലച്ചു കിടക്കുകയാണ്. മഴവെള്ളം ദിവസങ്ങളോളം കെട്ടിനിൽക്കുന്നത് കൊതുകുകളും കൂത്താടികളും പെരുകുന്നതിന് കാരണമാകുന്നു. കച്ചവട കേന്ദ്രങ്ങളിൽനിന്ന് മാലിന്യം അഴുക്കുചാലിലേക്ക് തള്ളുന്ന പ്രവണതയുള്ളതിനാൽ മുകളിൽ സ്ലാബില്ലാതെ തുറന്നുകിടക്കുന്ന ചാലുകളിൽനിന്ന് ദുർഗന്ധവും വമിക്കാറുണ്ട്. മുകളിൽ സ്ലാബില്ലാത്ത ചാലുകൾ കാടുപിടിച്ചുകിടക്കുന്ന സ്ഥിതിയുമുണ്ട്. ബാലുശ്ശേരി റോഡിലെ അഴുക്കുചാലുകളിൽ വർഷങ്ങളായി വേണ്ട രീതിയിലുള്ള ശുചീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നില്ല. ജപ്പാൻ പദ്ധതിയുടെ പൈപ്പിടലിനായി പൊളിച്ചുമാറ്റിയ ചാലുകൾ പുനർനിർമിച്ചിട്ടില്ല. എ.കെ.കെ.ആർ സ്കൂളിനു സമീപം പൈപ്പിടലിെൻറ ഭാഗമായി ചാലുകൾ അപ്രത്യക്ഷമായതോടെ വെള്ളം റോഡരികിലൂടെ പരന്നൊഴുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.