തിരുവനന്തപുരം: ചികിത്സക്കെത്തിയ ബാലികക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ച സംഭവത്തിൽ വിദഗ്ധസംഘവും റീജ്യനൽ കാൻസർ സെൻറർ അധികൃതരും ആരോഗ്യവകുപ്പിന് അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിച്ചു. ജോയൻറ് ഡി.എം.ഐയുടെ നേതൃത്വത്തിലെ വിദഗ്ധസംഘത്തിെൻറ റിപ്പോർട്ടും ആർ.സി.സി ഡയറക്ടർ ഡോ. പോൾ സെബാസ്റ്റ്യെൻറ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടുമാണ് ചൊവ്വാഴ്ച ആരോഗ്യവകുപ്പിന് ലഭിച്ചത്. അതീവ രഹസ്യസ്വഭാവത്തോടെ തയാറാക്കിയ റിപ്പോർട്ടുകൾ അന്വേഷണസംഘമോ ആർ.സി.സിയോ ആരോഗ്യവകുപ്പോ പുറത്തുവിട്ടിട്ടില്ല. ആർ.സി.സിയിലെ രക്തബാങ്കിൽനിന്നാണ് കുട്ടിക്ക് എച്ച്.ഐ.വി ബാധ ഉണ്ടായതെന്ന രക്ഷിതാക്കളുടെ പരാതിയെ പൂർണമായും അന്വേഷണസംഘങ്ങൾ തള്ളിക്കളഞ്ഞതായാണ് സൂചന. ആർ.സി.സിയിൽ ചികിത്സക്ക് വരുന്നതിന് മുമ്പ് കുട്ടി ഏതാനും ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. നിരവധി സ്വകാര്യ ലാബുകളിലും രക്തപരിശോധനക്ക് വിധേയമായിട്ടുണ്ട്. ഇവിടങ്ങളിൽനിന്ന് അണുബാധ ഉണ്ടായിരിക്കാമെന്ന സംശയം പ്രകടിപ്പിച്ചതായാണ് വിവരം. സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ലൈസന്‍സുള്ള ആര്‍.സി.സിയിലെ രക്തബാങ്കില്‍ ഇങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്ന ഉറച്ച വിശ്വാസവും അവർ പങ്കുവെക്കുന്നു. ദിവസേന നൂറുകണക്കിന് രോഗികൾ ചികിത്സതേടി എത്തുന്ന ആർ.സി.സിയുടെ വിശ്വാസ്യതയേയും പ്രാധാന്യത്തെയും ഈ സംഭവം പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകളോടെയുള്ളതാണ് റിപ്പോർട്ടുകളെന്നും സൂചനയുണ്ട്. ജോയൻറ് ഡി.എം.ഇ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലെ സംഘത്തിൽ ആലപ്പുഴ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ആര്‍.സി.സി എന്നിവിടങ്ങളിൽനിന്നുള്ളവരെ ഒഴിവാക്കിയിരുന്നു. എ.ആര്‍.ടി വിഭാഗത്തിലുള്ളവര്‍, പാത്തോളജി, ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. രക്ഷിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്. വിവിധഘട്ടങ്ങളിലായി 49 പേരാണ് രക്തം നൽകിയത്. രക്തം നൽകിയ മുഴുവൻ പേരെയും പൊലീസ് തിരിച്ചറിഞ്ഞു. ഇവരിൽ കോളജ് വിദ്യാർഥികൾ മുതൽ സന്നദ്ധസംഘടന പ്രവർത്തകർ എന്നിവർ വരെയുണ്ട്. കാശിന് വേണ്ടി രക്തം വിറ്റവരെന്ന് സംശയമുള്ള ചിലരെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് പൊലീസ് ശ്രമം. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കോടതിയിൽ സമർപ്പിക്കാനുള്ള പൊലീസ് നടപടികളും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.