വട്ടക്കുണ്ട് പാലം അപകടാവസ്ഥയിൽ * അപകടങ്ങൾ, അപകട മരണങ്ങൾ നിരവധി * വീതികൂട്ടാനും കൈവരികൾ പുനർനിർമിക്കാനും ഫണ്ട് ലഭിക്കുന്നില്ലെന്ന് അധികൃതർ താമരശ്ശേരി: ദേശീയപാതയിൽ താമരശ്ശേരിക്കടുത്ത വട്ടക്കുണ്ട് പാലം അപകടാവസ്ഥയിൽതന്നെ. 1934ൽ ബ്രിട്ടീഷുകാർ നിർമിച്ച ഈ പാലത്തിന് എട്ടു പതിറ്റാണ്ടിനിടെ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. മാറിവരുന്ന സർക്കാറുകളും ജനപ്രതിനിധികളും വാഗ്ദാനങ്ങൾ നടത്തിപ്പോകുമെന്നല്ലാതെ നടപടിയൊന്നുമുണ്ടാകാറില്ല. വട്ടക്കുണ്ട് വളവിലെ പാലത്തിൽവെച്ചുണ്ടായ അപകടങ്ങളിൽ അമ്പതിൽപരം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. വളവിൽ സ്ഥിതിചെയ്യുന്ന ഈ പാലത്തിന്ന് വീതി വളരെ കുറവാണ്. ഇതാണ് ഇടക്കിടെയുള്ള അപകടങ്ങൾക്ക് കാരണം. വലിയവളവിൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് പാലത്തിെൻറ കൈവരി തകർത്ത് തോട്ടിലേക്ക് മറിയുകയാണ് ചെയ്യുന്നത്. അഞ്ച് കോൺക്രീറ്റ് ബീമിലാണ് പാലം നിർമിച്ചിരിക്കുന്നത്. പാലത്തിനോട് ചേർന്ന് സർക്കാർ ഭൂമിയുണ്ടായിട്ടും വീതികൂട്ടുന്നതിന് അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. പാലത്തിെൻറ ഇരുവശങ്ങളിൽ വീതികൂട്ടി വളവ് നിവർത്തിയാൽ ഒരു പരിധിവരെ വാഹനാപകടങ്ങൾ കുറക്കാൻ സാധിക്കും. മാസങ്ങളായി തകർന്നുകിടക്കുന്ന കൈവരികൾ നിർമിക്കാൻപോലും അധികൃതർക്ക് സാധിച്ചിട്ടില്ല. നാട്ടുകാർ കമുക് കാലുകൾ ഉപയോഗിച്ച് താൽക്കാലിക കൈവരി നിർമിച്ചിരുന്നെങ്കിലും അതും ദ്രവിച്ചുപോയി. പാലം വീതി കൂട്ടുന്നതിന് ഇൻവെസ്റ്റിഗേഷൻ നടത്തി പ്ലാൻ തയാറാക്കി വരുകയാണെന്നും കൈവരി പുനർനിർമിക്കാനുള്ള എസ്റ്റിമേറ്റ് സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും എൻ.എച്ച് എക്സിക്യൂട്ടിവ് എൻജിനീയർ ജമാൽ മുഹമ്മദ് പറഞ്ഞു. photo tsy vattakkundu paalam1.jpg tsy vattakkundu paalam2.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.