ഫാഷിസത്തിനെതിരെ ദേശീയ സാംസ്​കാരിക പ്രതിരോധം നാളെ

കോഴിക്കോട്: ഇന്ദിര ഗാന്ധി മെമ്മോറിയൽ അക്കാദമി ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ് (ഇഗ്മ) ബുധനാഴ്ച മലബാർ പാലസ് ഹാളിൽ ദേശീയ സാംസ്കാരിക പ്രതിരോധം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് വാർത്തസേമ്മളനത്തിൽ അറിയിച്ചു. ഇന്ത്യയെ കൊല്ലുന്ന ഫാഷിസത്തിന് എതിരെ എന്ന പ്രമേയവുമായി വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടി എം.ടി. വാസുദേവൻനായർ ഉദ്ഘാടനം ചെയ്യും. മണിശങ്കർ അയ്യർ, എം. മുകുന്ദൻ, യു.കെ. കുമാരൻ, എം.എൻ. കാരശ്ശേരി, സാറ ജോസഫ്, വയലാർ ശരത്ചന്ദ്രവർമ എന്നിവർ പ്രഭാഷണം നടത്തും. പരിപാടിയോടനുബന്ധിച്ച് ഗാന്ധി മുതൽ ഗൗരിവരെ ചിത്രപ്രദർശനവും നടക്കും -അദ്ദേഹം പറഞ്ഞു. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ സെമിനാറിലെ മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രസംഗം ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതും തലോടുന്നതുമാണ്. ബി.ജെ.പിയുമായുള്ള ഈ അവിശുദ്ധബാന്ധവം വേങ്ങര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള റിഹേഴ്സലാണ്. ബി.ജെ.പിയെ സ്വീകരിക്കുന്ന മനസ്സല്ല കേരളത്തിനെന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവർ എം.എൽ.എയുടെ പാർക്കിന് പഞ്ചായത്ത് ഭരണസമിതി നോട്ടീസ് നൽകിയിട്ടുണ്ടെന്നും പാർക്കിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു. ഡി.സി.സി ഭാരവാഹികളായ ചോലയ്ക്കൽ രാജേന്ദ്രൻ, പി.എം. അബ്ദുറഹ്മാൻ, ഹബീബ് തമ്പി, ഐ.പി. രാജേഷ്, ഇടക്കുനി അബ്ദുറഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.