പുനരധിവാസ പദ്ധതി നടപ്പായില്ല; കാക്കത്തോട് കോളനിക്കാര്‍ വനം കൈയേറി കുടില്‍കെട്ടി

*വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്നാണ് കുടിൽകെട്ടി സമരം തുടങ്ങിയത് സുല്‍ത്താന്‍ ബത്തേരി: കല്ലൂര്‍ കാക്കത്തോട്, ചാടകപ്പുര എന്നി പണിയ കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ വനത്തില്‍ കുടില്‍കെട്ടി സമരം തുടങ്ങി. സ്ഥിരമായി വെള്ളം കയറുന്നതിനാല്‍ രണ്ട് കോളനിക്കാരും വര്‍ഷങ്ങളായി ദുരിതത്തിലാണ്. സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് തങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചാണ് വനം കൈയേറി കുടില്‍ കെട്ടിയിരിക്കുന്നത്. കാക്കത്തോട് കോളനിയിലേയും ചാടകപ്പുര കോളനിയിലേയും 54 ആദിവാസി കുടുംബങ്ങളാണ് ബത്തേരി റേഞ്ചിലെ അളിപ്പുറം വനമേഖലയില്‍ കുടില്‍ കെട്ടിയിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കുടിലുകള്‍ കെട്ടാന്‍ തുടങ്ങിയത്. ചാടകപുരയിലെ 22 കുടുംബവും, കാക്കത്തോട്ടിലെ 32 കുടുംബങ്ങളുമാണ് സമരത്തിനിറങ്ങിയത്. നൂറോളം ആദിവാസികളാണ് വനത്തിലുള്ളത്. 20 കുടിലുകളാണിവര്‍ ഇവിടെ കെട്ടിയിട്ടുള്ളത്. 70ഓളം മുതിര്‍ന്നവരും 30ഓളം കുട്ടികളുമായാണ് സമരം നടക്കുന്നത്. കലക്ടറുടെ 'സഫലം' പരിപാടിയില്‍ തൃപ്തികരമായ മറുപടി ലഭിക്കാത്തതാണ് കുടില്‍കെട്ടി സമരത്തിലേക്ക് നയിച്ചതെന്ന് ഇവർ ആരോപിച്ചു. മഴക്കാലമായാല്‍ കല്ലൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നത് പതിവാണ്. ഇക്കാലമത്രയും കാക്കത്തോട് കോളനിയും ചാടകപുര കോളനിയും വെള്ളത്തിനടിയിലാവുന്നത് പതിവുകാഴ്ചയാണ്. ഇതിന് പരിഹാരമായി മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കണമെന്ന് കോളനിക്കാര്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ശാശ്വതപരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഓരോ വര്‍ഷവും വെള്ളം കയറുമ്പോഴും നിവേദനങ്ങളുമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നതല്ലാതെ പുനരധിവാസം യാഥാര്‍ഥ്യമായില്ല. വര്‍ഷങ്ങളായുള്ള ദുരിദം അവസാനിക്കാതായതോടെയാണ് ഇവര്‍ സമരത്തിനിറങ്ങിയത്. 2010ല്‍ രണ്ടു കോളനിക്കാരെയും ആറളത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനമായിരുന്നെങ്കിലും അവിടെ സൗകര്യമില്ലാത്തതിനാല്‍ പദ്ധതി മുടങ്ങിയിരുന്നു. പിന്നീട്, കലക്ടറുടേയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തില്‍ ചേര്‍ന്ന വിവധയോഗങ്ങളില്‍ പുനരധിവാസത്തിനായുള്ള തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നു. എന്നാല്‍, ഒന്നുംതന്നെ പ്രാവര്‍ത്തികമായില്ല. തിങ്കളാഴ്ച ബത്തേരിയില്‍ നടന്ന കലക്ടറുടെ 'സഫലം' പരിപാടിയില്‍ പ്രശ്‌നത്തിന് പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് കോളനിക്കാര്‍ എത്തിയിരുന്നത്. എന്നാല്‍, കലക്ടറുടെ ഭാഗത്തുനിന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ജില്ല ഭരണസമിതി യോഗങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനം എടുത്തിരുന്നെങ്കിലും ഒന്നുംതന്നെ പ്രാവര്‍ത്തികമായില്ല. വനം അധികൃതരുമായി കുടില്‍ കെട്ടിയവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. പിരിഞ്ഞുപോകുവാനുള്ള തീരുമാനം നിലവില്‍ സമരക്കാര്‍ സ്വീകരിച്ചിട്ടില്ല. മറ്റൊരു സ്ഥലത്തേക്കുള്ള പുനരധിവാസം ഉറപ്പു നല്‍കിയാല്‍ മാത്രമെ സമരത്തില്‍നിന്ന് പിന്‍മാറുകയുള്ളുവെന്നാണ് കോളനിക്കാരുടെ തീരുമാനം. ചൊവ്വാഴ്ചയും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. MONWDL21 കാക്കത്തോട്, ചാടകപ്പടി കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ അളിപ്പുറം വനമേഖലയില്‍ കുടില്‍കെട്ടുന്നു ----------- പുൽപള്ളിയിൽ ലഭിച്ചത് കനത്തമഴ: കബനിയിൽ ജലനിരപ്പ് ഉയർന്നു പുൽപള്ളി: പുൽപള്ളിയിൽ ലഭിച്ചത് കനത്തമഴ. മേഖലയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയായിരുന്നു കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ലഭിച്ചത്. കനത്ത മഴയിൽ പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ തോടുകളെല്ലാം നിറഞ്ഞു. കബനി നദിയിലും ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഒരാഴ്ച മുമ്പുവരെ പാറക്കെട്ടുകൾ നിറഞ്ഞുനിന്നിരുന്ന കബനിയിൽ വെള്ളം കരകവിയുമെന്ന നിലയിലാണിപ്പോൾ. ശക്തമായ മഴ തുടർന്നാൽ രണ്ട് ദിവസത്തിനകം വെള്ളം കരക്കെത്തും. പെരിക്കല്ലൂരിൽ കബനിയുടെ തീരപ്രദേശങ്ങളിലെ പുറംേമ്പാക്ക് ഭൂമിയിൽ നട്ടുപിടിപ്പിച്ച കൃഷികളെല്ലാം വെള്ളത്തിനടിയിലാണ്. പല വീടുകൾക്കും അടുത്തുവരെയെത്തി വെള്ളം. മഴ കനത്താൽ ഇവരെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയുണ്ടാകും. പെരിക്കല്ലൂർ, മരക്കടവ് എന്നിവിടങ്ങളിലെ തോണിക്കടവുകളിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് തോണിയാത്രയും ദുഷ്കരമായിട്ടുണ്ട്. ഈ വഴി തോണി യാത്രചെയ്യാൻ പുഴയിലൂടെ ഏറെ ചുറ്റിക്കറങ്ങേണ്ട അവസ്ഥയുമാണ്. MONWDL24 കബനി നദി നിറഞ്ഞപ്പോൾ കാണാനെത്തിയവർ MONWDL23കബനി പുറംേമ്പാക്ക് ഭൂമിയിലെ കൃഷികൾ വെള്ളത്തിനടിയിൽ ------------- പുഴകടന്ന് കാട്ടാനകൾ പെരിക്കല്ലൂരിൽ: നാട്ടുകാർ ഭീതിയിൽ പുൽപള്ളി: കബനിപ്പുഴ കടന്നെത്തുന്ന കാട്ടാനകൾ പെരിക്കല്ലൂരിലെ കൃഷിയിടങ്ങളിൽ വൻനാശം വിതക്കുന്നു. കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാനകൾ ജനവാസ കേന്ദ്രമായ പെരിക്കല്ലൂർ തോണിക്കടവിനടുത്തെ വീടുകൾക്കുമുന്നിലെത്തി. പ്രദേശത്തെ കൃഷിയിടങ്ങളിൽ വ്യാപക കൃഷിനാശവുമുണ്ടാക്കി. വാഴ, തെങ്ങ് തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്. കബനിയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കർണാടക വനത്തിൽനിന്നുമെത്തുന്ന കാട്ടാനകൾ പ്രദേശത്ത് ഭീതി വിതക്കുകയാണ്. പെരിക്കല്ലൂർ തോണിക്കടവിലും പരിസരങ്ങളിലും തെരുവുവിളക്കുകൾ ഇല്ലാത്തതും ആളുകളെ ബുദ്ധിമുട്ടിക്കുന്നു. സന്ധ്യ മയങ്ങുന്നതോടെ ഈ പ്രദേശം ഇരുട്ടിലാകുന്നു. നിരവധി വീടുകളുള്ള പ്രദേശമായതിനാൽ ആളുകൾ കാട്ടാനക്കുമുന്നിൽപ്പെടുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. പ്രശ്നത്തിന് പരിഹാരമായി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതോടൊപ്പം ഫെൻസിങ് സൗകര്യംകൂടി ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. MONWDL25 പെരിക്കല്ലൂരിൽ കാട്ടാന കൃഷി നശിപ്പിച്ച നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.