കൂരാച്ചുണ്ട്: ഏഴു പതിറ്റാണ്ടിലധികമായി കൈവശംവെച്ച് നികുതി അടക്കുന്ന ഭൂമി വനംവകുപ്പ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതായി പരാതി. കൂരാച്ചുണ്ട് വില്ലേജിലെ വയലട തൈപ്പറമ്പിൽ ഫിലിപ്പിനാണ് ഒരു മാസത്തിനകം ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് നോട്ടീസ് നൽകിയത്. ഈ ഭൂമി വനഭൂമിയാണെന്നും നികുതി സ്വീകരിക്കാനാവില്ലെന്നും കാട്ടി റവന്യൂ വകുപ്പ് 2016ൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, 1990-91 വർഷങ്ങളിൽ നടത്തിയ പരിശോധന ഫലമായി 2006ൽ സർക്കാർ പ്രസിദ്ധീകരിച്ച വനഭൂമി കൈയേറിയവരുടെ ലിസ്റ്റിൽ ഫിലിപ്പിെൻറ പേരില്ല. ഇതടക്കമുള്ള വിവിധ തെളിവുകൾ ഉൾപ്പെടുത്തി മുഖ്യമന്ത്രി, വനം-റവന്യൂ-തൊഴിൽ മന്ത്രിമാർ, കലക്ടർ തുടങ്ങി ബന്ധപ്പെട്ട അധികാരികൾക്ക് ഇയാൾ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫിലിപ് വനഭൂമി കൈയേറിയിട്ടില്ലെന്നും വനംവകുപ്പിെൻറ അവകാശവാദം തെറ്റാണെന്നും പ്രതിപാദിക്കുന്ന റിപ്പോർട്ട് ജൂൺ 14ന് കൂരാച്ചുണ്ട് വില്ലേജ് ഓഫിസർ കലക്ടർക്ക് നൽകിയിട്ടുണ്ട്. ഇയാളുടെ 3.90 ഏക്കർ ഭൂമിക്കും നികുതി സ്വീകരിക്കാമെന്നും റിപ്പോർട്ടിലുള്ളതായി പറയുന്നു. ഈ റിപ്പോർട്ടുകളെയെല്ലാം മറികടന്നാണ് വനംവകുപ്പിെൻറ പുതിയ നീക്കം. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കാന്തലാട് വില്ലേജുകളിൽപെടുന്ന 48.64 ഏക്കർ ഭൂമി വനഭൂമിയായി കണ്ട് ഒഴിപ്പിക്കാനാണ് വനം-റവന്യൂ വകുപ്പിെൻറ നീക്കം. ഇതിെൻറ ഭാഗമായി ഈ പ്രദേശങ്ങളിലെ നിരവധി കർഷകർക്ക് ഇത്തരം നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്. കുടിയിറക്ക് ഭീഷണി: കർഷക കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് കോഴിക്കോട്: പതിറ്റാണ്ടുകളായി നികുതിയടക്കുന്ന കൃഷിഭൂമി വനഭൂമിയാണെന്നു കാണിച്ച് കുടിയിറക്ക് നോട്ടീസ് നൽകിയ വനംവകുപ്പിെൻറ തെറ്റായ നടപടിയിൽ കർഷക കോൺഗ്രസ് പ്രതിഷേധിച്ചു. കർഷകരുടെ നിരവധി പ്രശ്നങ്ങൾ പരിഹാരമില്ലാതെ നിൽക്കെയാണ് ഇരുട്ടടിയായി വനംവകുപ്പിെൻറ പുതിയ നീക്കമെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി അറിയിച്ചു. ചൊവ്വാഴ്ച ഡി.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ബിജു കണ്ണന്തറ പ്രമേയമവതരിപ്പിച്ചു. കുടിയേറ്റ കർഷകരെ വനംകൈയേറ്റക്കാരായി ചിത്രീകരിക്കുന്ന വനംവകുപ്പിെൻറ നയം അപലപനീയമാണെന്നും ഇതിനെതിരെ കർഷക കോൺഗ്രസ് ഡി.എഫ്.ഒ ഓഫിസ് പിക്കറ്റിങ് അടക്കമുള്ള സമരനടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറി മാജുഷ് മാത്യു അറിയിച്ചു. ഐപ്പ് വടക്കേത്തടം അധ്യക്ഷത വഹിച്ചു. ബെന്നി കട്ടിപ്പാറ, അഗസ്റ്റിൻ ജോസഫ്, കെ.വി. രവീന്ദ്രനാഥൻ, രാജു തലയാട്, വി. ഫാസിൽ, രാജൻ ബാബു എന്നിവർ സംസാരിച്ചു. വനംവകുപ്പിെൻറ കുടിയിറക്ക് നോട്ടീസ് ലഭിച്ച കൂരാച്ചുണ്ട് വയലട സ്വദേശി ഫിലിപ് തൈപ്പറമ്പിലിനെ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ സന്ദർശിച്ച് കർഷക കോൺഗ്രസ് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.