കടപ്പുറത്തെ ഹോട്ടൽ പൂട്ടിച്ചു​; കൈയേറിയ സ്​ഥലത്തെ നിർമാണം പൊളിച്ചുനീക്കി

കോഴിക്കോട്: കടപ്പുറത്തെ അനധികൃത ഹോട്ടൽ പൂട്ടിക്കുകയും സ്ഥാപനം കൈയേറിയ സ്ഥലത്തെ നിർമാണം പൊളിച്ചുനീക്കുകയും ചെയ്തു. സൗത്ത് ബീച്ചിൽ കടലിനോടു ചേർന്നുള്ള മല്ലു മക്കാനി റസ്റ്റാറൻറാണ് കഴിഞ്ഞ ദിവസം തുറമുഖ -റവന്യൂ അധികൃതരെത്തി പൂട്ടിച്ചത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹോട്ടൽ പൂട്ടിയത്. കെട്ടിടം പൊളിച്ചുമാറ്റണമോ എന്നകാര്യം സർക്കാറാണ് തീരുമാനിക്കുകയെന്ന് പോർട്ട് ഒാഫിസർ കെ. അശ്വനികുമാർ പറഞ്ഞു. 2012 മുതൽ സ്ഥാപനം ഒരു തുകയും സർക്കാറിലേക്ക് അടച്ചിരുന്നില്ല. പത്തു ലക്ഷത്തോളം രൂപയാണ് ഇൗ വകയിൽ സർക്കാറിന് നഷ്ടമെന്നാണ് ഏകദേശ കണക്ക്. ഹോട്ടൽ ഉടമയുമായി തുറമുഖ വകുപ്പ് നടത്തിയ നിയമപോരാട്ടത്തിൽ അനുകൂല വിധി ലഭിച്ചതിനു പിന്നാലെ കലക്ടർ യു.വി. ജോസി​െൻറ നിർദേശപ്രകാരമായിരുന്നു ഹോട്ടൽ പൂട്ടി സീൽചെയ്തതും പിറകുവശത്ത് ഷീറ്റിട്ടതും ചുറ്റുമതിലും പൊളിച്ചുനീക്കിയതും. ഇവിടെയുണ്ടായിരുന്ന ചെറിയ കെട്ടിടം 2006ൽ തുറമുഖവകുപ്പ് സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നൽകുകയായിരുന്നു. ഇൗ കെട്ടിടം ഇദ്ദേഹം വൻ തുക മുടക്കി നവീകരിക്കുകയായിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞതോടെ സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് തുറമുഖ വകുപ്പ് ഹോട്ടൽ ഉടമയെ സമീപിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ഇതോടെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയെങ്കിലും ഹോട്ടൽ അധികൃതർ കോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ചു. തുടർന്നുള്ള നിയമനടപടികളാണ് അഞ്ചു വർഷത്തോളം നീണ്ടതും അവസാനം തുറമുഖവകുപ്പിന് അനുകൂല വിധിയുണ്ടായതും. തഹസിൽദാർ ഇ. അനിതകുമാരി, പോർട്ട് ഒാഫിസർ കെ. അശ്വനികുമാർ, പോർട്ട് കൺസർവേറ്റർ പി. അനിത, നഗരം വില്ലേജ് ഒാഫിസർ ഒ. ഉമാകാന്തൻ എന്നിവരടങ്ങിയ സംഘമാണ് കൈയേറ്റം ഒഴിപ്പിച്ചത്. ഹോട്ടലുടമയുമായുള്ള കേസുകാരണം സൗത്ത് ബീച്ചി​െൻറ നവീകരണവും നിലച്ചിരുന്നു. ഇത് ഉടൻ പുനരാരംഭിക്കുമെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.