കുറ്റിക്കുരുമുളക്​ കൃഷിയിൽ നൂറുമേനി വിളവുമായി മുഹമ്മദ്​ ബഷീർ

നന്മണ്ട: കുരുമുളക് കൊടിയിടാൻ താങ്ങുകാൽ വേണമെന്നും കൊടി വളർന്നു തിരിയിടാൻ ഏതെങ്കിലുമൊരു മരം കൂടിയേ കഴിയൂ എന്നുള്ള ധാരണ തിരുത്തുകയാണ് പ്രവാസിയായ ചെക്കനാരി മുഹമ്മദ് ബഷീർ. പൊയിൽതാഴം ചെക്കനാരി മുഹമ്മദ് ബഷീറാണ് കുറ്റിക്കുരുമുളക് കൃഷിയിൽ വിജയഗാഥ രചിച്ച് പ്രവാസികൾക്കും നാട്ടുകാർക്കും മാതൃകയാവുന്നത്. കുരുമുളക് വളർത്തി വീട്ടുപടിക്കൽ വെക്കുന്നത് കൗതുകമായി തോന്നാമെങ്കിലും അലങ്കാരം എന്നതിലുപരി വീട്ടാവശ്യത്തിനുള്ള കുരുമുളക് സ്വന്തം വീട്ടുമുറ്റത്തുള്ള ചെടിച്ചട്ടിയിൽ നിന്നും പറിച്ചെടുക്കാമെന്ന സംതൃപ്തിയും ബഷീറിനുണ്ട്. രണ്ട് പതിറ്റാണ്ട് മുമ്പ് സുഹൃത്തിൽനിന്നാണ് ഇത്തരമൊരു കൃഷിയെക്കുറിച്ച് അറിയുന്നത്. പന്നിയൂർ ഒന്ന്, കരിമുണ്ട ഇനങ്ങളിലായി 50ഒാളം തൈകളാണ് വീട്ടുമുറ്റത്തുള്ളത്. വളം ചെയ്ത് ദിവസവും നനച്ച് ശുശ്രൂഷിച്ചാൽ എല്ലാ കാലത്തും പൂച്ചട്ടിയിലെ വള്ളിയിൽനിന്നും കുരുമുളക് ലഭിക്കുമെന്ന് ഇദ്ദേഹം പറയുന്നു. സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള കാലമാണ് നടുന്നതിന് ഏറ്റവും യോജിച്ചതെന്നും കൊടി ഒന്നിൽനിന്ന് വർഷത്തിൽ ഒരു കിലോഗ്രാം വരെ ഉണങ്ങിയ കുരുമുളക് ലഭിക്കുമെന്നും ഇദ്ദേഹം പറയുന്നു. വീട്ടമ്മയായ ഭാര്യ നസീമയുടെ സഹായവും ലഭിക്കുന്നതിനാൽ പരിചരണത്തിൽ ഒട്ടും കുറവില്ല. അതിനാൽ തന്നെ മികച്ച വിളവും ലഭിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.